കൊച്ചി ∙ എറണാകുളം ജില്ലയിലെ തീരദേശമണ്ഡലങ്ങളിലൊന്നായ കൊച്ചി നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ സിപിഎമ്മിന്റെ കെ.ജെ. മാക്സിക്കു ജയം. കൊച്ചി മുൻ മേയർ ടോണി ചമ്മണിക്കെതിരെ 12455 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാക്സി ജയിച്ചുകയറിയത്.
മുൻനിര പാർട്ടികളെ വെല്ലുവിളിച്ച് ജനകീയ കൂട്ടായ്മകളായ ട്വന്റി ട്വന്റിയും വിഫോർ കേരളയും കരുത്തുകാണിക്കാനെത്തിയ മണ്ഡലമെന്ന പ്രത്യേകതയാണ് കൊച്ചിയുടേത്. ഇരു കൂട്ടർക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ഘടകമാകാൻ കഴിഞ്ഞു എന്നതാണ് അവർ നേട്ടമായി ഉയർത്തിക്കാട്ടുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് വോട്ടു ചോദിക്കാൻ പറ്റാതെ പോയത് തിരിച്ചടിയായിട്ടുണ്ടെന്നാണ് യുഡിഎഫ് പാളയം വിലയിരുത്തുന്നത്.
ഇന്ത്യ സ്വതന്ത്രമായ ശേഷം തിരുക്കൊച്ചി നിയമസഭയിലേക്കുള്ള (1951) തിരഞ്ഞെടുപ്പു മുതൽ നിയമസഭാ മണ്ഡലമാണ് മട്ടാഞ്ചേരി. പഴയ പള്ളുരുത്തി, മട്ടാഞ്ചേരി മണ്ഡലങ്ങളെ കൂട്ടിച്ചേർത്ത് 2011 ലാണ് നിലവിലുള്ള കൊച്ചി മണ്ഡലം പിറവികൊള്ളുന്നത്. കോൺഗ്രസിനും കമ്യൂണിസ്റ്റിനും ലീഗിനും അഖിലേന്ത്യാ ലീഗിനും സ്വതന്ത്രനുമെല്ലാം ഇടം നൽകിയ മണ്ഡലമാണ് കൊച്ചി എന്നു പറയാം. മട്ടാഞ്ചേരി മണ്ഡലം 1951 ൽ രൂപം കൊണ്ടെങ്കിലും പള്ളുരുത്തി രൂപീകരിക്കപ്പെടുന്നത് 1954 ലാണ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ മട്ടാഞ്ചേരിയും പള്ളുരുത്തിയും അയൽക്കാരായിരുന്നെങ്കിൽ പിന്നീട് ഇരു മണ്ഡലങ്ങളും കൂട്ടിച്ചേർത്ത് ഇന്നത്തെ കൊച്ചി മണ്ഡലം രൂപീകരിക്കപ്പെട്ടു.
1957 ൽ പള്ളുരുത്തിയെ കോൺഗ്രസിലെ അലക്സാണ്ടർ പറമ്പിത്തറയും മട്ടാഞ്ചേരിയെ കോൺഗ്രസിലെ കെ.കെ. വിശ്വനാഥനും പ്രതിനിധീകരിച്ചു. 1960 ലും ഇവർ തന്നെ തുടർന്നു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ രൂപീകരിക്കാതിരുന്ന 65 ൽ മട്ടാഞ്ചേരിയിൽ സ്വതന്ത്രൻ എം.പി. മുഹമ്മദ് ജാഫർഖാനും പള്ളുരുത്തിയിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി പി. ഗംഗാധരനും ജയിച്ചു. 67 ലും ഇരുവരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ജാഫർഖാൻ മുസ്ലിംലീഗ് സ്ഥാനാർഥിയായിരുന്നു. 1970 ലെ തിരഞ്ഞടുപ്പിൽ രാഷ്ട്രീയകക്ഷി ബന്ധങ്ങളിൽ കാതലായ മാറ്റമുണ്ടായി. സിപിഐ കോൺഗ്രസ് മുന്നണിയിൽ വന്നു. മട്ടാഞ്ചേരിയിൽ കോൺഗ്രസ് സ്വതന്ത്രൻ കെ.ജെ. ഹർഷലും പള്ളുരുത്തിയിൽ കെടിപി സ്വതന്ത്രൻ ബി. വില്ലിങ്ടണും ജയിച്ചു. 1977 ൽ കെ.ജെ. ഹർഷൽ ലോക്ദൾ സ്ഥാനാർഥിയായി മട്ടാഞ്ചേരിയിൽനിന്നും കേരള കോൺഗ്രസിലെ ഈപ്പൻ വർഗീസ് പള്ളുരുത്തിയിൽനിന്നും ജയിച്ചു.
ഇന്നു കാണുന്ന തരത്തിലുള്ള ഇടത്, വലത് മുന്നണികൾ രൂപപ്പെട്ട 1980 ൽ മട്ടാഞ്ചേരിയിൽ അഖിലേന്ത്യാ മുസ്ലിം ലീഗിലെ എം.ജെ. സക്കറിയ സേട്ടും പളളുരുത്തിയിൽ അരശ് കോൺഗ്രസിലെ ടി.പി. പീതാംബരനുമായിരുന്നു വിജയികൾ. ആന്റണി കോൺഗ്രസ് യുഡിഎഫിലേക്കു വന്നതോടെ 1982ൽ വീണ്ടും സംസ്ഥാനത്തു തിരഞ്ഞടുപ്പായി. സക്കറിയ സേട്ട് ലീഗിലെ കെ.എം. ഹംസക്കുഞ്ഞിനോടു പരാജയപ്പെട്ടു. പള്ളുരുത്തിയിൽ പീതാംബരൻ സീറ്റ് നിലനിർത്തി. 1987ൽ വീണ്ടും ടി.പി. പീതാംബരൻ പള്ളുരുത്തിയിൽ ജയിച്ചു. ഇരുലീഗുകളും ലയിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗായപ്പോൾ അതിന്റെ പ്രതിനിധിയായി സക്കറിയസേട്ട് ഒരിക്കൽ കൂടി മട്ടാഞ്ചേരിയിൽ ജയിച്ചു.
രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നു നടന്ന 1991 ലെ തിരഞ്ഞെടുപ്പിൽ പള്ളുരുത്തിയിൽ ടി.പി. പീതാംബരന്റെ അശ്വമേധം അവസാനിച്ചു. വിജയി കോൺഗ്രസിലെ പുതുമുഖം ഡൊമിനിക് പ്രസന്റേഷൻ. സക്കറിയാ സേട്ട് മട്ടാഞ്ചേരിയിൽ ജയം തുടർന്നു. 96, 2001 തിരഞ്ഞെടുപ്പുകളിലും ഡൊമിനിക് വിജയം തുടർന്നു. പക്ഷേ, 2006 ൽ കൊച്ചി മുൻ മേയർ പരിവേഷവുമായെത്തിയ സിപിഎമ്മിലെ സി.എം. ദിനേശ്മണി പള്ളുരുത്തി പിടിച്ച് മണ്ഡലത്തിന്റെ അവസാന എംഎൽഎയായി. 1996 ൽ മട്ടാഞ്ചേരി ഇടതു സ്വതന്ത്രൻ എം.എ. തോമസിനെ തിരഞ്ഞെടുത്തു. 2001 ൽ മുസ്ലിം ലീഗിലെ വി.കെ. ഇബ്രാഹിംകുഞ്ഞ് തോമസിനെ തോൽപ്പിച്ച് വിജയിയായി. 2006 ലും ഇബ്രാഹിംകുഞ്ഞ് ജയിച്ച് മട്ടാഞ്ചേരിയുടെ അവസാന എംഎൽഎയായി.

കൊച്ചിയെന്ന പേരിൽ ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.സി. ജോസഫൈനെ പരാജയപ്പെടുത്തി ഡൊമിനിക് പ്രസന്റേഷൻ വിജയിച്ചു. 2016ൽ അതേ ഡൊമിനിക്കിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ കെ.ജെ. മാക്സിയും വിജയിച്ചു. ആകെ 1,23,954 പേർ വോട്ടു ചെയ്ത 2016ലെ കൊച്ചിയിൽ 1086 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കെ.ജെ. മാക്സിക്കു ലഭിച്ചത്. മാക്സി 47,967 വോട്ടുകൾ നേടിയപ്പോൾ ഡൊമിനിക് പ്രസന്റേഷനു ലഭിച്ചത് 46,881 വോട്ടുകൾ. ബിജെപിയുടെ പ്രവീൺ ദാമോദര പ്രഭു 15,212 വോട്ടുകളും സ്വന്തമാക്കിയിരുന്നു.
2016 ലെ ഫലം
∙ആകെ വോട്ടർമാർ: 1,71,380
∙പോൾ ചെയ്ത വോട്ട്: 1,23,954
∙പോളിങ് ശതമാനം: 72.33
∙ഭൂരിപക്ഷം: 1,086
∙കെ.ജെ.മാക്സി (സിപിഎം):47,967
∙ഡൊമിനിക് പ്രസന്റേഷൻ (കോൺഗ്രസ്): 46,881
∙പ്രീവൺ ദാമോദര പ്രഭു (ബിജെപി): 15,212
∙കെ.ജെ.ലീനസ് (സ്വത): 7,588
∙എ.എസ്.മുഹമ്മദ് (വെൽഫെയർ പാർട്ടി): 2,357
∙സുൽഫിക്കർ അലി (എസ്ഡിപിഐ): 2,108
∙ടി.പി.ആന്റണി (പിഡിപി):386
∙ജോണി സ്റ്റീഫൻ (സ്വത): 180
∙കെ.എസ്.ജയരാജ് (സ്വത): 172
∙അബ്ദുൽ സമദ് (സ്വത): 101
∙ നോട്ട: 1,002
English Summary: Kochi Constituency Election Results