കൊച്ചി ∙ കോൺഗ്രസിന്റെ യുവമുഖവും സിറ്റിങ് എംഎൽഎയുമായ റോജി എം. ജോണിനെ കൈവിടാതെ അങ്കമാലി. എൽഡിഎഫ് സ്ഥാനാർഥി ജോസ് തെറ്റയിലിനെ 15929 വോട്ടുകൾക്കു കീഴ്പ്പെടുത്തിയാണ് റോജി വിജയം ആവർത്തിച്ചത്. ഇവിടെ റോജി 71562 വോട്ടു നേടിയപ്പോൾ എൽഡിഎഫിന്റെ ജോസ് തെറ്റയിലിന് 55633 വോട്ടു മാത്രമാണ് നേടാനായത്. എൻഡിഎ സ്ഥാനാർഥി കെ.വി.സാബുവിന് 8677 വോട്ടും ലഭിച്ചു.
2001 ൽ കെഎസ്യുവിലെത്തി 2014 ൽ എൻഎസ്യു ദേശീയ പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ ശേഷമാണ് 2016 ലെ തിരഞ്ഞെടുപ്പിൽ റോജി യുഡിഎഫ് സ്ഥാനാർഥിയാകുന്നത്. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയ്ക്കെതിരെ കാര്യമായ വിരുദ്ധ വികാരമില്ലാതിരുന്നതും വിജയം ആവർത്തിക്കുന്നതിനു സഹായിച്ചു എന്നാണ് വിലയിരുത്തൽ.
ഇഎംഎസ് സർക്കാരിന്റെ കാലത്തെ വിമോചന സമരവും െവടിവയ്പ്പും കൊണ്ടു വിവാദമായ അങ്കമാലിയിൽ അസംബ്ലി മണ്ഡലം രൂപീകരിച്ചത് 1965 ലാണ്. മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ സി. പാത്താടനായിരുന്നു ജയമെങ്കിലും ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ ചേർന്നില്ല. മത്തായി മാഞ്ഞൂരാൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി പി.കെ. ഇബ്രാഹിംകുട്ടി നാലാം സ്ഥാനത്തെത്തി. ഇതേ മണ്ണിൽ 1967 മുതൽ 80 വരെ എ.പി. കുര്യൻ എന്ന തൊഴിലാളി നേതാവ് നാലു തിരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി നാട്ടി. ഇന്നേവരെ ആരും ആ റെക്കോർഡ് ഭേദിച്ചിട്ടില്ല. എ.സി. ജോർജ്, ഗർവാസിസ് അറയ്ക്കൽ, പി.പി. തങ്കച്ചൻ, ജനതാപാർട്ടി പ്രതിനിധിയായി പി.ജെ. ജോയ് എന്നിവരായിരുന്നു എതിരാളികൾ. എന്നാൽ കേരള കോൺഗ്രസ് പ്രതിനിധിയായി എം.വി. മാണി മത്സരിക്കാൻ വന്നപ്പോൾ കുര്യൻ തോറ്റു.
1987ൽ എം.സി. ജോസഫൈനെ തോൽപ്പിച്ച് എം.വി. മാണി വിജയം ആവർത്തിച്ചു. എന്നാൽ 1991ൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച പി.ജെ. ജോയ്. എം.വി. മാണിയുടെ കുതിപ്പിനു കടിഞ്ഞാണിട്ടു. 96 ലും ജോയി മാണിയെ തോൽപ്പിച്ചു. 2001 ൽ ഇടതു സ്വതന്ത്രനായ വി.ജെ. പാപ്പുവായിരുന്നു ജോയിക്ക് എതിരാളി. ജയം ജോയിക്കൊപ്പം. 2006 ൽ ജോസ് തെറ്റയിൽ വരേണ്ടിവന്നു പി.ജെ. ജോയിയെ തോൽപ്പിക്കാൻ. 2011 ൽ മൂവാറ്റുപുഴയിൽനിന്നു ജോണി നെല്ലൂർ കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനെത്തിയെങ്കിലും വിജയം ജോസ് തെറ്റയിലിനു തന്നെ ലഭിച്ചു. 2016 ൽ റോജി എം. ജോണും ബെന്നി മൂഞ്ഞേലിയും തമ്മിലെ മത്സരത്തിൽ വിജയം റോജിയുടെ കൂടെ നിന്നു.
അങ്കമാലി നഗരസഭ, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ – നിലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും ചേർന്നതാണ് അങ്കമാലി മണ്ഡലം. ഇതിൽ അയ്യമ്പുഴയും മഞ്ഞപ്രയും മാത്രമാണ് എൽഡിഎഫ് ഭരണത്തിലുള്ളത്.
English Summary: Angamaly Constituency Election Results