കൊച്ചി∙ ഉരുക്കു കോട്ടയിൽ വീണ്ടും വിജയക്കൊടി ഉയർത്തിയതിന്റെ ആഹ്ലാദത്തിൽ യുഡിഎഫ്. എറണാകുളം ജില്ലയിലെ അഭിമാന മണ്ഡലമായ എറണാകുളത്ത് സിറ്റിങ് എംഎൽഎ ടി.ജെ. വിനോദിനു തന്നെ ജയം. എൽഡിഎഫ് സ്വതന്ത്രനായി മൽസരിച്ച ഷാജി ജോർജിനെ 10970 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് വിനോദ് വിജയം ആവർത്തിച്ചത്. വിനോദ് 45930 വോട്ടുകൾ നേടിയപ്പോൾ ഷാജി ജോർജിന് 34960 വോട്ടുകളേ നേടാനായുള്ളൂ. ബിജെപിയുടെ പത്മജ എസ്. മേനോൻ 16043 വോട്ടുകൾ നേടി.
1957 മുതലിങ്ങോട്ടുള്ള എറണാകുളത്തിന്റെ ചരിത്രത്തിൽ യുഡിഎഫിനു മണ്ഡലം നഷ്ടപ്പെട്ടത് രണ്ടു പ്രാവശ്യം മാത്രമാണ്; രണ്ടു തവണയും കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതു സമ്മതരായ രണ്ടു പേരെ നിർത്തിയപ്പോൾ. 1987 ൽ പ്രഫ. എം.കെ. സാനുവും 1998 ലെ ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്റ്റ്യൻ പോളും ഇടതു ജേതാക്കളായി. ഇവർക്കു പിന്തുടർച്ചയായി തീരമേഖലയിൽ സ്വാധീനമുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഷാജി ജോർജിനെ ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി അവതരിപ്പിച്ചത്. പക്ഷേ വിനോദിന്റെ വിജയത്തിലൂടെ മണ്ഡലം യുഡിഎഫ് കുത്തകയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
1857 മുതൽ 87 വരെയുള്ള മൂന്നു പതിറ്റാണ്ട് മണ്ഡലത്തിന്റെ പ്രതിനിധി മുൻ മന്ത്രി എ.എൽ. ജേക്കബായിരുന്നു. ഈ കാലഘട്ടത്തിൽ 1967 മുതൽ 1970 വരെയുള്ള 3 വർഷമേ ജേക്കബ് എംഎൽഎയല്ലാതിരുന്നുള്ളൂ. ആ 3 വർഷം അലക്സാണ്ടർ പറമ്പിത്തറയ്ക്കായിരുന്നു നിയമസഭാ നിയോഗം. കോൺഗ്രസിന്റെ ഉറച്ച തട്ടകത്തിൽ എ.എൽ. ജേക്കബിനെ മുട്ടുകുത്തിക്കാനാണ് 1987 ൽ പ്രഫ. എം.കെ. സാനുവിനെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിച്ചതും ജയിപ്പിച്ചതും. 1998 ലെ ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനു ശേഷമുണ്ടായ തിരഞ്ഞെടുപ്പിലെല്ലാം യുഡിഎഫ് കൈപ്പിടിയിലാണ് മണ്ഡലം.
കൊച്ചി കോർപറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തും ചേരുന്നതാണ് എറണാകുളം നിയമസഭാ മണ്ഡലം. മഹാനഗരത്തിന്റെ പ്രശ്നങ്ങളും തനി ഗ്രാമീണ മേഖല നേരിടുന്ന പ്രശ്നങ്ങളും ഒരുപോലെയുള്ള മണ്ഡലമാണിത് എന്നതാണ് പ്രത്യേകത. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 21,949 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഹൈബി ഈഡന്റെ ജയം. ഹൈബി ഈഡൻ 57,819 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം. അനിൽകുമാർ 35,870 വോട്ടുകൾ മാത്രമാണ് നേടിയത്. എൻഡിഎയുടെ ബിജെപി സ്ഥാനാർഥിയായിരുന്ന എൻ.കെ. മോഹൻദാസ് 14,878 വോട്ടുകൾ സ്വന്തമാക്കി.

2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി മൽസരിച്ചു ജയിച്ചതോടെ വന്ന ഉപ തിരഞ്ഞെടുപ്പിൽ ടി.ജെ. വിനോദിന്റേതായി ഊഴം. ഭൂരിപക്ഷം 3,750 ആയപ്പോൾ വിനോദിനു ലഭിച്ചത് 37,891 വോട്ടുകൾ. എൽഡിഎഫ് സ്ഥാനാർഥി മനു റോയ് 34,141 വോട്ടുകൾ നേടി. എൻഡിഎയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ വോട്ടു കുറയുന്നതാണ് കണ്ടത്. ബിജെപിയുടെ സി.ജി. രാജഗോപാലിന് 13,351 വോട്ടുകൾ മാത്രമാണ് നേടാനായത്. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ യുഡിഎഫ് തട്ട് 2199 വോട്ടുകൾക്ക് ഉയർന്നു തന്നെയായിരുന്നു.
English Summary: Ernakulam Constituency Election Results