കൊച്ചി ∙ കളമശേരിയിലെ പോസ്റ്റർ യുദ്ധം പോളിങ് ബൂത്തിലെത്തിലേക്കു നീണ്ടപ്പോൾ എൽഡിഎഫിന്റെ പി. രാജീവിന് മണ്ഡലത്തിൽ കന്നി ജയം. യുഡിഎഫ് സ്ഥാനാർഥിയും പാലാരിവട്ടം അഴിമതിക്കേസിൽ ആരോപണ വിധേയനായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി.ഇ. അബ്ദുൽ ഗഫൂറിനെ 15336 വോട്ടിനു തോൽപിച്ചാണ് രാജീവ് മണ്ഡലം പിടിച്ചെടുത്തത്.
സ്ഥാനാർഥി നിർണയത്തിനു മുമ്പു മുതൽ പാളയത്തിൽ തന്നെ പട നേരിട്ട് അങ്കത്തട്ടിലേക്ക് ഇറങ്ങേണ്ടി വന്ന രാജീവിന്റെ ജയം എറണാകുളം ജില്ലയിൽ സിപിഎമ്മിനു കനത്ത നേട്ടമായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവിന് 77141 വോട്ടുകൾ ലഭിച്ചപ്പോൾ അബ്ദുൽഗഫൂറിന് 61805 വോട്ടുകൾ മാത്രമാണ് നേടാനായത്. മോദി ഇഫക്ടിൽ പ്രതീക്ഷയർപ്പിച്ച് എൽഡിഎഫിനും യുഡിഎഫിനും എതിരെ പട നയിച്ച എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ പി.എസ്. ജയരാജ് 11179 വോട്ടുകൾ സ്വന്തമാക്കി.
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റു നോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു കളമശേരി. ആലുവ, പറവൂർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നു കുറച്ചെടുത്തും ഇല്ലാതായ വടക്കേക്കര മണ്ഡലത്തിന്റെ കുറച്ചു ഭാഗങ്ങൾ ചേർത്തും ഉണ്ടാക്കിയതാണു കളമശേരി മണ്ഡലം. കളമശേരി, ഏലൂർ മുനിസിപ്പാലിറ്റികളും കരുമാലൂർ, കടുങ്ങല്ലൂർ, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളും ചേരുന്നതാണു ഇപ്പോഴുള്ള കളമശേരി മണ്ഡലം. 1951 ൽ തിരു– കൊച്ചി നിയമസഭയുടെ കാലത്ത് ആലങ്ങാട് എന്നൊരു മണ്ഡലമുണ്ടായിരുന്നു. ഇന്നുള്ള കളമശേരി മണ്ഡലത്തിന്റെ ഏതാണ്ട് അതേ രൂപമായിരുന്നു ആലങ്ങാടിന്.
1951ൽ ആലങ്ങാട് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിൽ സ്വതന്ത്രൻ ഇ.പി. വർഗീസ് ജയിച്ചു. സോഷ്യലിസ്റ്റായ ബാലകൃഷ്ണമേനോൻ, കോൺഗ്രസിലെ മാധവൻ എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. 140 വോട്ട് ഭൂരിപക്ഷം. 1954 ൽ കോൺഗ്രസും, പിഎസ്പി യുമായി നേരിട്ടുളള പോരാട്ടത്തിന് ആലങ്ങാട് വേദിയായി. കോൺഗ്രസിലെ കെ.പി. ഗോപാലമേനോൻ 584 വോട്ടിനു പി.എസ്.പി യിലെ കെ.ജി. രാമൻ മേനോനെ തോൽപ്പിച്ചു. 1957 ൽ കേരളപ്പിറവിക്കു ശേഷം നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ ആലങ്ങാട് അപ്രത്യക്ഷമായി. പിന്നീടു കളമശേരിയുടെ പേരിലുള്ള ജനഹിതം ആലുവയുടെ കണക്കിലായിരുന്നു കുറിച്ചിരുന്നത്.

പിറന്ന ശേഷം കളമശേരി മണ്ഡലത്തിനിതു മുന്നാം തിരഞ്ഞെടുപ്പാണ്. നേരത്തേ രണ്ടു പ്രാവശ്യവും വിജയി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് തന്നെയായിരുന്നു. രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഎം –ലീഗ് പോരാട്ടമായിരുന്നു മണ്ഡലത്തിൽ. ആദ്യ തിരഞ്ഞെടുപ്പിൽ ഇബ്രാഹിംകുഞ്ഞിനെതിരെ സിഐടിയു നേതാവ് കെ. ചന്ദ്രൻപിള്ള മൽസരിച്ചപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ ആലുവ എംഎൽഎ എ. എം. യൂസഫായിരുന്നു സിപിഎം പോരാളി. യൂസഫിനെതിരെ 12,118 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ജയം. അദ്ദേഹം 68,726 വോട്ടുകൾ നേടിയപ്പോൾ യൂസഫ് 56,608 വോട്ടുകളാണ് നേടിയത്. ബിഡിജെഎസിന്റെ വി. ഗോപകുമാർ 24,244 വോട്ട് സ്വന്തമാക്കി.
English Summary: Kerala Assembly Election- Kalamassery Results