കൊച്ചി ∙ എറണാകുളം ജില്ലയുടെ മലയോര മണ്ഡലമായ കോതമംഗലത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആന്റണി ജോണിന് 6605 വോട്ടുകളുടെ ജയം. കോട്ടയെന്നു കരുതിയിരുന്ന മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് നിയോഗിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ഷിബു തെക്കുംപുറം 57629 വോട്ടുകൾ നേടിയപ്പോൾ ആന്റണി ജോൺ 64234 വോട്ടുകൾ സ്വന്തമാക്കി. കന്നിപ്പോരിനിറങ്ങിയ ട്വന്റി ട്വന്റിയുടെ ഡോ. ജോ ജോസഫ് 7978 വോട്ടുകൾ സ്വന്തമാക്കി.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്തേയ്ക്കു കടന്നു വന്ന ആന്റണി ജോൺ സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ട തകർത്ത് മണ്ഡലം പിടിച്ചെടുത്തത്. വർഷങ്ങളോളം മരവിച്ചു കിടന്ന പദ്ധതികൾക്കു പുതു ജീവൻ നൽകാനായതും ആരോഗ്യ മേഖലയിലുണ്ടാക്കിയ നേട്ടങ്ങളും ആന്റണിക്കു നേട്ടമായി.
കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം. 1965 ൽ നിലവിൽ വന്ന മണ്ഡലം 1967 ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്നെങ്കിലും പിന്നീടു ചുവപ്പു തൊടുന്നത് 2016 ലെ തിരഞ്ഞെടുപ്പിൽ മാത്രം.
1970 ൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി എം.ഐ. മാർക്കോസ് വിജയിച്ചപ്പോൾ 1977 ൽ കേരള കോൺഗ്രസിന്റെ എം.വി. മാണിക്കായിരുന്നു നേട്ടം. 1980 മുതൽ 1991 വരെ കേരള കോൺഗ്രസ് (ജെ) ചെയർമാൻ ടി.എം. ജേക്കബായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. 1991, 1996, 2001 വർഷങ്ങളിൽ കോൺഗ്രസിന്റെ വി.ജെ പൗലോസിനായിരുന്നു ജയം. തുടർന്ന് 2006 ലും 2001 ലും കേരള കോൺഗ്രസിന്റെ ടി.യു. കുരുവിള ജയിച്ചു.
2016 ലെ ഫലം
∙ആകെ വോട്ടർമാർ: 1,59,539
∙പോൾ ചെയ്ത വോട്ട്: 1,28,427
∙പോളിങ് ശതമാനം: 1,28,427
∙ഭൂരിപക്ഷം: 19,282
∙ആന്റണി ജോൺ (സിപിഎം):65,467
∙ടി.യു.കുരുവിള (കേരള കോൺഗ്രസ് എം): 46,185
∙പി.സി.സിറിയക് (കേരള കോൺഗ്രസ് തോമസ്): 12,926
∙പ്രഫ. എൻ.എ.അനസ് (എസ്ഡിപിഐ): 1,490
∙യഹിയ തങ്ങൾ (പിഡിപി): 775
∙ടി.കെ.കുരുവിള (സ്വത): 357
∙അഡ്വ. ചെറിയാൻ ഏബ്രഹാം (സ്വത): 261
∙ആന്റോ ജോണി (സ്വത): 163
∙നോട്ട:803

English Summary: Kothamangalam Constituency Election Results