കേരളാ കോണ്‍ഗ്രസുകള്‍ നേരിട്ട് ഏറ്റുമുട്ടിയ പിറവത്ത് ഹാട്രിക് വിജയവുമായി യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്). എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ (കേരള കോണ്‍-എം) സ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ ജേക്കബിനെ 25364 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനൂപ് ജേക്കബ് പരാജയപ്പെടുത്തിയത്. അനൂപ് ജേക്കബിന് 85056വോട്ടും സിന്ധുമോള്‍ ജേക്കബിന് 59692 വോട്ടും ലഭിച്ചു. ബിജെപിയുടെ എം.ആശിഷ് 11021 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.സിന്ധുമോള്‍ ജേക്കബിന്റെ മാസ് എന്‍ട്രിയോടെ ചര്‍ച്ചയായ മണ്ഡലമാണ് പിറവം.
2016ല്‍ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 6,195 വോട്ടായിരുന്നു. അനൂപ് 73,770 വോട്ടും സിപിഎം സ്ഥാനാര്‍ഥി എം.ജെ.ജേക്കബ് 67,575 വോട്ടും ബിഡിജെസ് സ്ഥാനാര്‍ഥി സി.പി.സത്യന് 17,503 വോട്ടും നേടി. 2011ലെ തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ് വെറും 157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2012ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മകന് അനൂപ് ജേക്കബ് 12,071 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചുകയറി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായി.
പിറവത്ത് 11 തിരഞ്ഞെടുപ്പുകളില്‍ 8 പ്രാവശ്യവും യുഡിഎഫ് ആണു ജയിച്ചതെങ്കിലും ഒരിക്കല്‍ മാത്രമേ കോണ്‍ഗ്രസ് പിറവത്തെ പ്രതിനിധീകരിച്ചിട്ടുള്ളു. കോട്ടയത്തോടു ചേര്‍ന്നുകിടക്കുന്ന റബര്‍ മരങ്ങളുടെ തണലുള്ള പിറവത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ ടി.എം. ജേക്കബ് രൂപപ്പെടുത്തിയതാണ്. 1977 ല്‍ ടി.എം. ജേക്കബ് ജയിച്ച മണ്ഡലത്തെ അദ്ദേഹം 5 വട്ടം പ്രതിനിധാനം ചെയ്തു.
രണ്ടുവട്ടം മകന് അനൂപ് ജേക്കബും ജയിച്ച വകയില്‍ ഇതൊരു കുടുംബ മണ്ഡലമെന്നു പറയാം. 2011ലെ വിജയത്തിനു തൊട്ടുപിന്നാലെ ടി.എം. ജേക്കബ് അന്തരിച്ചതോടെയാണു മകന് അനൂപ് ജേക്കബ് മണ്ഡല ചരിത്രത്തിലേക്ക് 2012ല്‍ കടന്നുവരുന്നത്. 1982ല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ബെന്നി ബഹനാനാണു ജയിച്ചത്. ഇതിനിടയില്‍ എം.ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി ജയിച്ചതിനാല്‍ പിറവം ഒരു ‘ജേക്കബ്’ മണ്ഡലമാണ്. ഇക്കുറിയും അങ്ങനെതന്നെ. സഭാതര്‍ക്കം മൂലമുള്ള വികാരം ഏറ്റവും ശക്തമായ മണ്ഡലമാണിത്. ജില്ലയില്‍ 8 സീറ്റുകളില്‍ മത്സരിക്കുന്ന ട്വന്റി20 പിറവത്തു സ്ഥാനാര്‍ഥിയെ നിര്ത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങുണരും മുന്‍പു തന്നെ പിറവത്ത് ഒരു സൈഡിലെ സ്ഥാനാര്‍ഥി റെഡിയായിരിക്കും. അനൂപ് ജേക്കബിനു പാര്‍ട്ടിയിലോ മുന്നണിയിലോ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യേണ്ടതില്ല. മുന്നണി ജയിച്ച് മന്ത്രിസ്ഥാനം കിട്ടിയാല്‍ അത് അനൂപിനു തന്നെ. പാര്‍ട്ടിക്കു മറ്റൊരു സ്ഥാനാര്‍ഥിയില്ല. ചെറുപ്പം, വോട്ടര്‍മാരോടുള്ള അടുപ്പം, സമുദായ സമവാക്യങ്ങള്‍ എല്ലാം ഭദ്രം.
എന്നാല്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ഥിയുടേതു മാസ് എന്‍ട്രിയായിരുന്നു. സിപിഎം കേരള കോണ്‍ഗ്രസിനു (എം) നല്കിയ സീറ്റില്‍ പക്ഷേ, സ്ഥാനാര്‍ഥി വന്നതു സിപിഎമ്മില്‍ നിന്നു തന്നെ. അതിന്റേതായ കണ്‍ഫ്യൂഷനും പൊട്ടലും ചീറ്റലും ഉണ്ടായെങ്കിലും വൈകാതെ അവസാനിച്ചു.
2016 ലെ ഫലം
∙ആകെ വോട്ടർമാർ: 2,00,003
∙പോൾ ചെയ്ത വോട്ട്: 1,61,170
∙പോളിങ് ശതമാനം: 80.58
∙ഭൂരിപക്ഷം: 6,195
∙അനൂപ് ജേക്കബ്(കേരള കോൺഗ്രസ് - ജേക്കബ്):
∙എം.ജെ.ജേക്കബ് (സിപിഎം): 67,575
∙സി.പി.സത്യൻ (ബിഡിജെഎസ്): 17,503
∙ഗിരീഷ് (പീപ്പിൾസ് ഗ്രീൻ പാർട്ടി): 485
∙കെ.ഒ.സുധീർ (എസ്യുസിഐ): 342
∙അനൂപ് (സ്വത): 298
∙രാജൻ (സ്വത):233
∙നോട്ട: 964
English Summary: Piravom Constituency Election Results