കൊച്ചി ∙ തൃക്കാക്കര മണ്ഡലത്തിന്റെ മനം കവർന്നത് ഇത്തവണയും സിറ്റിങ് എംഎൽഎ പി.ടി. തോമസ്. രാഷ്ട്രീയ ചരിത്രത്തിൽ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ മാത്രം നടന്നിട്ടുള്ള മണ്ഡലത്തിൽ ആദ്യ വിജയം നേടാൻ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർഥി ഡോ. ജെ. ജേക്കബിനെ 14329 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് വിജയം പിടിച്ചു നിർത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജെ. ജേക്കബ് 45,510 വോട്ട് നേടി. കോളജ് പഠനകാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ജയത്തിനു തുണയായി.
തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽ നിന്നു ചില ഭാഗങ്ങൾ വീതം ചേർത്തു 2011ൽ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. നേരത്തെ വോട്ടു ചെയ്ത 2011ലും 2016ലും ജയം അനുഗ്രഹിച്ചതു യുഡിഎഫിനെയായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാനു കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം നൽകി തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചു. സിപിഎമ്മിലെ എം.ഇ.ഹസൈനാരെ അദ്ദേഹം വീഴ്ത്തിയതു 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. പിന്നീടു 2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു; കെ.വി.തോമസിനു മണ്ഡലം നൽകിയ ഭൂരിപക്ഷം 17,314 വോട്ടുകൾ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭ ഇരു മുന്നണികളിലെയും വിമതരുടെ പിന്തുണയോടെ പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.
2011 ലെ നിയമസഭ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഗംഭീര ഭൂരിപക്ഷം കിട്ടിയതോടെ തൃക്കാക്കര മണ്ഡലത്തെയും യുഡിഎഫ് പ്രവർത്തകർ സ്വന്തം ‘കോട്ട’കളുടെ പട്ടികയിലാണ് പെടുത്തിയിരുന്നത്. 2016ൽ സിറ്റിങ് എംഎൽഎ ബെന്നി ബഹനാനു പകരം പി.ടി.തോമസിനെയാണു മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലായിരുന്നു ബെന്നിയുടെ പിൻമാറ്റം. പലവട്ടം എംപിയും എംഎൽഎയുമൊക്കെ ആയ ഡോ.സെബാസ്റ്റ്യൻ പോളിന്റെ കരുത്തിൽ വിജയിക്കാമെന്നായിരുന്നു എൽഡിഎഫ് മോഹം പക്ഷേ, പി.ടി.തോമസിനു മുന്നിൽ അതു പൊലിയുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭാ ഭരണവും യുഡിഎഫ് നേടി.
യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ പോരിനിടയിൽ സ്വന്തം കരുത്തു തെളിയിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. 2011ൽ എൻ.സജികുമാർ 5,935 വോട്ടു നേടിയപ്പോൾ 2016ൽ എസ്.സജി നേടിയതു 21,247 വോട്ടുകളായിരുന്നു. വോട്ടുവിഹിതം വർധിപ്പിക്കാനായത് ബിജെപിക്ക് ആവേശം നൽകിയിരുന്നു. പഞ്ചായത്തുകളില്ലാത്ത നിയമസഭാ മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷനിലെ ഏതാനും ഡിവിഷനുകളും ചേർന്ന മണ്ഡലമാണിത്.
English Summary: English Summary: Kerala Assembly Election- Thrikkakara Results