കൊച്ചി ∙ എറണാകുളം ജില്ലയിലെ രാജപ്രൗഢിയുള്ള മണ്ഡലമായ തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവിനു ജയം. സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ എം.സ്വരാജിനെതിരെ കെ. ബാബു 1009 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കെ. ബാബു 65875 വോട്ടു നേടിയപ്പോൾ 64883 വോട്ടാണ് സ്വരാജിനു ലഭിച്ചുത്. എൻഡിഎയുടെ ഗ്ലാമർ സ്ഥാനാർഥികളിൽ ഒരാളായ മുൻ പിഎസ്സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണന് 23756 വോട്ടു ലഭിച്ചു.
ബാർ കോഴ അഴിമതി അടക്കം ആരോപണങ്ങളുയർത്തി മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയെങ്കിലും സ്വരാജിനെത്തന്നെ വീഴ്ത്തി തിരിച്ചു വരാനായതിന്റെ ആഹ്ലാദത്തിലാണ് മുൻ മന്ത്രി കൂടിയായ കെ. ബാബു. ശബരിമല വിഷയത്തിലെ സിപിഎം നിലപാടും അയ്യപ്പനെക്കുറിച്ചു നടത്തിയ പ്രസംഗവുമെല്ലാം തിരഞ്ഞെടുപ്പിൽ എം. സ്വരാജിനു തിരിച്ചടിയായി.
1965 മുതൽ 2016 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ബലാബലം നിന്നു പൊരുതി ജയിച്ച ചരിത്രവുമായാണ് യുഡിഎഫും എൽഡിഎഫും ഇത്തവണയും മൽസരത്തിനിറങ്ങിയത്. 13 പോരുകളിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് ആറും തവണ വിജയം നേടാൻ സാധിച്ചിരുന്നു. യുഡിഎഫ് വിജയം ആവർത്തിച്ചതോടെ മണ്ഡലത്തിലെ വിജയനില 8–6 നിലയിലായി.
1965 മുതൽ 80 കളുടെ തുടക്കം വരെ തൃപ്പൂണിത്തുറയിൽ നിറഞ്ഞു നിന്നതു ടി.കെ. രാമകൃഷ്ണനെന്ന സിപിഎമ്മിന്റെ വൻമരമായിരുന്നു. ടികെ ചുവപ്പിച്ച മണ്ണിൽ കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷച്ചിട്ടില്ല. 1965 ൽ അദ്ദേഹം കീഴടക്കിയതു കോൺഗ്രസിലെ പോൾ പി.മാണിയെ. 67 ലും ടി.കെയോടു തോൽക്കാനായിരുന്നു പോൾ പി. മാണിയുടെ വിധി. വെറും 1459 വോട്ടിനായിരുന്നു തോൽവി. പക്ഷേ, വിജയം ദൂരെയല്ലെന്നു തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആഞ്ഞു പിടിച്ചാൽ അദ്ഭുതം സംഭവിക്കുമെന്ന പോൾ പി. മാണിയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു. 1970ൽ, മൂന്നാം തവണയും ഇരുവരും ഏറ്റുമുട്ടിയപ്പോൾ ടികെ വീണു, പോൾ പി. മാണിക്ക് 360 വോട്ടുകളുടെ ജയം.
1977 ലെ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായിട്ടും കോൺഗ്രസ് മൽസരിച്ചില്ല. പകരം ഘടകകക്ഷിയായ ലീഗിനു മണ്ഡലം വച്ചു നീട്ടി. കമ്യൂണിസ്റ്റ് കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമായിരുന്നു തൃപ്പൂണിത്തുറ എന്നതു തന്നെ കാരണം. വീണ്ടും മൽസരിക്കാനെത്തിയ ടി.കെ. രാമകൃഷ്ണൻ ലീഗ് സ്ഥാനാർഥി കെ.എ. ഹംസക്കുഞ്ഞിനെ തോൽപിച്ചു മണ്ഡലം തിരിച്ചുപിടിച്ചു. 1980 ലും കോൺഗ്രസ് മത്സരിക്കാതെ സീറ്റ് ഘടകകക്ഷിയായ എൻഡിപിക്കു നൽകി. ടി.കെയെ നേരിടാൻ എം.എൻ. വേലായുധൻ നായരെയാണ് എൻഡിപി നിയോഗിച്ചത്. ഫലത്തിൽ മാറ്റമുണ്ടായില്ല. ടികെയ്ക്കു 4 –ാം ജയം! പക്ഷേ, രണ്ടു കൊല്ലം കഴിഞ്ഞു വീണ്ടും ഘടകകക്ഷി പരീക്ഷണം നടത്തിയപ്പോൾ കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്ത വിജയം യുഡിഎഫ് നേടി. 1982 ൽ കെ.ജി.ആർ. കർത്തായിലൂടെ എൻഡിപിയും യുഡിഎഫും സൃഷ്ടിച്ചതു വമ്പൻ അട്ടിമറി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ടികെ വീണത് 761 വോട്ടിന്. 87 ൽ ൽ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം നിയോഗിച്ചത് വി. വിശ്വനാഥ മേനോനെ. എൻഡിപിയുടെ എസ്.എൻ. നായരെ മറികടന്ന അദ്ദേഹം മണ്ഡലം വീണ്ടും ചുവപ്പിച്ചു.
1991ൽ വിശ്വനാഥ മേനോനു പകരം എം.എം. ലോറൻസിനെ സിപിഎം നിയോഗിച്ചു. ഒരു പുതുമുഖത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പരീക്ഷണം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായിരുന്ന കെ. ബാബുവിനെ അങ്കമാലിയിൽ നിന്നു കളത്തിലിറക്കി. ഇത് മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതി. അന്നത്തെ എൽഡിഎഫ് കൺവീനർ കൂടിയായ എം.എം. ലോറൻസിനെ വീഴ്ത്തി ബാബു തൃപ്പൂണിത്തുറയെ സ്വന്തമാക്കി. പിന്നീടു വന്ന ഓരോ തിരഞ്ഞെടുപ്പിലും ബാബു ഭൂരിപക്ഷം ഉയർത്തിക്കൊണ്ടിരുന്നു. 1996 ൽ സിപിഎമ്മിലെ ഗോപി കോട്ടമുറിക്കൽ, 2001 ൽ കെ.ചന്ദ്രൻപിള്ള, 2006 ൽ കെ.എൻ.രവീന്ദ്രനാഥ്, 2011 ൽ സി.എം.ദിനേശ് മണി എന്നിവരെ തോൽപിക്കാൻ ഏറെ ആയാസപ്പെടേണ്ടിവന്നില്ല. അഞ്ചു തുടർ വിജയങ്ങളുടെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് 2016 ൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജ് എതിരാളിയായെത്തുന്നത്. ബാർ കോഴ ആരോപണം ഉൾപ്പടെ ഉയർന്നു വന്നപ്പോൾ മണ്ഡലം വീണ്ടും ചുവപ്പണിയുകയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ 4,467 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്വരാജിന്റെ ജയം. സ്വരാജ് 62,697 വോട്ടുകൾ നേടിയപ്പോൾ 58,230 വോട്ടുകളേ കെ. ബാബുവിനു നേടാനായുള്ളൂ. എൻഡിഎയുടെ ബിജെപി സ്ഥാനാർഥി പ്രഫ. തുറവൂർ വിശ്വംഭരൻ 29,843 വോട്ടുകൾ പിടിച്ചു.
'
English Summary: Thrippunithura Constituency Election Results