കണ്ണൂർ ∙ ഗ്രൂപ്പ് കീഴ്വഴക്കം പാലിച്ചില്ലെന്നാരോപിച്ച് എ ഗ്രൂപ്പ് കലാപക്കൊടി ഉയർത്തിയതോടെ ശ്രദ്ധേയമായ ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് ജയം. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ അനുകൂലമാകുമെന്നു കണക്കു കൂട്ടിയ എൽഡിഎഫ് സ്ഥാനാർഥി സജി കുറ്റിയാനിമറ്റത്തിനു തോൽവി 10,010 വോട്ടുകൾക്ക്.
കെ.സി.ജോസഫ് 39 വർഷം പ്രതിനിധീകരിച്ച ഇരിക്കൂർ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയവുമായ ബന്ധപ്പെട്ട തർക്കങ്ങൾ തിരിച്ചടിക്കുമെന്നു യുഡിഎഫ് നേതൃത്വം ഭയന്നുവെങ്കിലും ഫലം വന്നപ്പോൾ സജീവ് ജോസഫ് ജയിച്ചു കയറി. കെ.സി.ജോസഫിലൂടെ വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്ന ആവശ്യം ഉയർത്തി എ ഗ്രൂപ്പ് രംഗത്തെത്തിയതോടെയാണ് ഇരിക്കൂറിൽ തുടക്കത്തിൽ കല്ലുകടിച്ചത്. സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ എ ഗ്രൂപ്പ് പ്രമേയം അംഗീകരിച്ച് സോണിയാഗാന്ധിക്ക് അയച്ചിരുന്നു. ഇരിക്കൂറിലെ സ്ഥാനാർഥി നിർണയം പുനഃപരിശോധിക്കണമെന്നു കെ.സി.ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തതോടെ ഇരിക്കൂർ കോൺഗ്രസിനു മുമ്പിൽ കീറാമുട്ടിയായി.
ഇത്തവണ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ എത്തിയതോടെ യുഡിഎഫ് കോട്ടയിൽ വിജയക്കൊടി നാട്ടാമെന്ന് എൽഡിഎഫ് കരുതി. സാധാരണഗതിയില്‍ യുഡിഎഫിന് അനായാസവിജയം പ്രതീക്ഷിക്കാവുന്ന മണ്ഡലത്തിൽ സ്ഥാനാര്‍ഥിയായി സജീവ് ജോസഫിനെ പ്രഖ്യാപിക്കുംമുമ്പു തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി കുറ്റിയാനിമറ്റം രണ്ടുവട്ടം പര്യടനം നടത്തിയിരുന്നു. പക്ഷേ പ്രചാരണത്തിൽ കിട്ടിയ ഈ ആനുകൂല്യം വോട്ടായി മാറ്റാൻ സജിക്കു സാധിച്ചില്ല. അവസാന മണിക്കൂറിൽ യുഡിഎഫ് നടത്തിയ പ്രചാരണമാണ് സജീവ് ജോസഫിനെ വിജയതിലകമണിയിച്ചത്.
കേരള കോൺഗ്രസ് (എം) ഒപ്പമെത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ മലയോര പഞ്ചായത്തുകളിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയിരുന്നു. സിപിഐ മത്സരിച്ചിരുന്ന ഇരിക്കൂർ കേരള കോൺഗ്രസിന് വിട്ടുനൽകിയത് ഈ നേട്ടം മുന്നിൽ കണ്ടുകൊണ്ടായിരുന്നു. എന്നാൽ യുഡിഎഫിന്റെ ‘പൊന്നാപുരം കോട്ട’യിൽ ഇത്തവണയും പൊരുതി വീഴാനായിരുന്നു ഇടതുമുന്നണിയുടെ വിധി.

ഫലം
∙ആകെ വോട്ട് : 1,90,659
∙പോൾ ചെയ്തത്: 1,52,057
∙ഭൂരിപക്ഷം: 10,010
വോട്ടുനില
∙സജീവ് ജോസഫ് (കോൺ): 76,764
∙സജി കുറ്റിയാനിമറ്റം (കേരള കോൺ എം) : 66,754
∙ആനിയമ്മ (ബിജെപി): 7,825
∙ജോയ് ജോൺ (സ്വത): 128
∙ചാക്കോ കരിമ്പിൽ ( സ്വത) : 311
∙സാജൻ കുറ്റ്യാനിക്കൽ (സ്വത): 275
∙നോട്ട: 459
2016 ലെ ഫലം
∙ആകെ വോട്ട്: 1,88,416
∙പോൾ ചെയ്തത്: 1,48,072
∙പോളിങ്: 78.59%
∙ഭൂരിപക്ഷം: 9,647
വോട്ടുനില
∙കെ.സി.ജോസഫ് (ഐഎൻസി): 72,548
∙കെ.ടി.ജോസ് (സിപിഐ): 62,901
∙എ.പി.ഗംഗാധരൻ (ബിജെപി): 8,294
∙ബിനോയ് തോമസ് (സ്വത): 2,734
∙ജോസഫ് കെ.സി.കലേക്കാട്ടിൽ (സ്വത): 602
∙റിജോ (സ്വത): 134
∙രാജീവ് ജോസഫ് (സ്വത): 123
∙എ.കെ.ഷാജി (സ്വത): 103
∙എ.വി.രവീന്ദ്രൻ (സ്വത): 80
∙നോട്ട: 553
English Summary: Irikkur Constituency Election Results