കണ്ണൂർ ∙ കല്യാശ്ശേരിയെക്കുറിച്ചുള്ള എൽഡിഎഫ് ആത്മവിശ്വാസം ഒരിക്കൽ കൂടി ശരിയായി. സിപിഎമ്മിന്റെ എം.വിജിന് 44,393 വോട്ടിന്റെ മിന്നുന്ന വിജയം. 2011 ൽ പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ട കോൺഗ്രസിന്റെ കെ. ബ്രിജേഷ്കുമാറിന് ഇക്കുറിയും വിജയം നേടാനായില്ല. 2011 ൽ ആദ്യ തിരഞ്ഞെടുപ്പു നടന്ന മണ്ഡലത്തെ രണ്ടുതവണ പ്രതിനിധീകരിച്ചതു ടി.വി.രാജേഷായിരുന്നു. സിപിഎമ്മിലെ ടേം മാനദണ്ഡത്തിൽ രാജേഷ് മാറിയപ്പോൾ പകരക്കാരനായി എത്തിയതായിരുന്നു എം.വിജിൻ. രാജേഷിനെപ്പോലെ എസ്എഫ്ഐയുടെയും ഡിaവൈഎഫ്ഐയുടെയും നേതൃനിരയിലെത്തിയ വിജിന് ഉറച്ച സീറ്റ് തന്നെ കന്നിമത്സരത്തിനു നൽകിയ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമായിരുന്നു വിജിന്റേത്.
സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കല്യാശ്ശേരി മണ്ഡലത്തിൽനിന്ന് 83,006 വോട്ടുകൾ നേടി, 42, 891 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.വി. രാജേഷ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസിന്റെ അമൃത കൃഷ്ണനു 40,115 വോട്ടുകൾ മാത്രമാണ് നേടാനായത്; രാജേഷിന്റെ ഭൂരിപക്ഷത്തിലും താഴെ. ബിജെപിയുടെ കെ.പി. അരുൺ 11,036 വോട്ടുകൾ നേടി. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 59.83 ശതമാനവും ടി.വി. രാജേഷിനു ലഭിച്ചിരുന്നു.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വനിതകളെയാണ് ഇവിടെ കോൺഗ്രസ് പരീക്ഷിച്ചത്. മുന്നണി വോട്ടുകൾക്കു പുറമേ, അഭിഭാഷകനെന്ന നിലയിലുണ്ടാക്കിയ സൗഹൃദങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ബ്രിജേഷിനെ ഇത്തവണ കല്ല്യാശ്ശേരിയിൽ പരീക്ഷിച്ചത്.
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെയാണു കല്യാശ്ശേരിയിൽ ബിജെപി അവതരിപ്പിച്ചത്– യുവമോർച്ച ജില്ലാ പ്രസിഡന്റ്, 27 കാരനായ അരുൺ കൈതപ്രം. ഏറ്റവുമൊടുവിൽ നടന്ന മൂന്നു തിരഞ്ഞെടുപ്പുകളെടുത്താൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവിടെ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (11036) ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ട് പതിനായിരത്തിൽ താഴെ മാത്രം. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫ് ഭരിക്കുന്നത്. ഭരണമുള്ള രണ്ടിടത്തും മുസ്ലിം ലീഗിനാണു പ്രാമുഖ്യം. തീരദേശം കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ ആഴക്കടൽ മത്സ്യബന്ധനവിവാദം ഉൾപ്പെടെയുള്ള പ്രചാരണ വിഷയങ്ങളും സജീവമായിരുന്നു.
ഫലം
∙ആകെ വോട്ട്: 1,83,672
∙പോൾ ചെയ്തത്: 1,45,585
∙ഭൂരിപക്ഷം: 44,393
വോട്ടുനില
∙എം.വിജിൻ (സിപിഎം): 88,252
∙ബ്രിജേഷ് കുമാർ (കോൺ): 43,859
∙അരുൺ കൈതപ്രം (ബിജെപി): 11,365
∙ഫൈസൽ മാടായി (വെൽഫെയർ പാർട്ടി): 1,169,
∙എം.ബ്രിജേഷ് കുമാർ (സ്വത): 274
∙നോട്ട: 666
2016 ലെ ഫലം
∙ആകെ വോട്ട്: 1,77,121
∙പോൾ ചെയ്തത്: 1,38,747
∙പോളിങ്: 78.33%
∙ഭൂരിപക്ഷം: 42,891
വോട്ടുനില
∙ടി.വി.രാജേഷ് (സിപിഎം): 83,006
∙അമൃത രാമകൃഷ്ണൻ (ഐഎൻസി): 40,115
∙കെ.പി.അരുൺ (ബിജെപി): 11,036
∙സുനിൽ കൊയിലേരിയൻ (സ്വത):1,455
∙കെ.സുബൈർ (എസ്ഡിപിഐ): 1,435
∙സൈനുദ്ദീൻ കരിവെള്ളൂർ (വെൽഫെയർ പാർട്ടി): 1,080
∙നോട്ട: 620
English Summary: Kalliasseri Constituency Election Results