എൽഡിഎഫിന്റെ കോട്ട എന്നറിയപ്പെടുന്ന പയ്യന്നൂർ ഇത്തവണയും ഇടത്തേക്കുതന്നെ ചാഞ്ഞു. സിപിഎം സ്ഥാനാർഥി ടി.ഐ.മധുസൂദനന് മുഖ്യ എതിരാളി കോൺഗ്രസിന്റെ എം.പ്രദീപ് കുമാനെക്കാൾ 49,780 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.കൃഷ്ണനു ലഭിച്ച 40,263 വോട്ടിന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനത്തോടെയാണ് സിപിഎമ്മും ഇടതുമുന്നണിയും ഇത്തവണ മൽസരത്തിനിറങ്ങിയത്.
പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പയ്യന്നൂർ നിയമസഭാമണ്ഡലം. എ.വി. കുഞ്ഞമ്പു, എം.വി. രാഘവൻ, പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ ജയിച്ചിട്ടുള്ള പയ്യന്നൂരിൽ 2001 ലും 2006 ലും പി.കെ. ശ്രീമതിയായിരുന്നു വിജയി; 2011 ലും 2016 ലും സി. കൃഷ്ണനും. 2011 ല്‍ കെ. ബ്രിജേഷ് കുമാറിനെതിരെ സി.കൃഷ്ണന്റെ ഭൂരിപക്ഷം 32124 വോട്ടായിരുന്നു. 2016 ല്‍ സാജിദ് മവ്വലിനെതിരെ അത് 40263 വോട്ടായി ഉയർന്നു.
ഇത്തവണ സിപിഎം സ്ഥാനാർഥിയാക്കിയത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനനെയാണ്. കണ്ണൂരിന്റെ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പരിചിതമുഖമായ മധുസൂദനൻ മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമെന്നുതന്നെ ഇടതുമുന്നണി ഉറപ്പിച്ചിരുന്നു.
കോൺഗ്രസ് രംഗത്തിറക്കിയതും ഒരു സാംസ്കാരിക വ്യക്തിത്വത്തെത്തന്നെ. കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാനും ഡിസിസി അംഗവുമായ എം.പ്രദീപ്കുമാറും മണ്ഡലത്തിലെ പരിചിതമുഖമാണ്. പ്രദീപിന്റെ പ്രതിച്ഛായയും വ്യക്തിബന്ധങ്ങളും സഹായകരമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 26,131 ആയി കുറയ്ക്കാന്‍ കഴിഞ്ഞതും യുഡിഎഫ് പ്രതീക്ഷയായിരുന്നു. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ, അഭിഭാഷകൻ കൂടിയായ കെ.കെ.ശ്രീധരനായിരുന്നു ബിജെപി സ്ഥാനാർഥി.
ഫലം
∙ആകെ വോട്ട്: 1,83,223
∙പോൾ ചെയ്തത്: 1,49,945
∙ഭൂരിപക്ഷം: 49,780
വോട്ടുനില
∙ടി.ഐ.മധുസൂദനൻ (സിപിഎം): 93,695
∙എം.പ്രദീപ് കുമാർ (കോൺ): 43,915
∙കെ.കെ.ശ്രീധരൻ (ബിജെപി): 11,308
∙കെ.വി.അഭിലാഷ് (സ്വത): 341
∙നോട്ട: 686
2016 ലെ ഫലം
∙ആകെ വോട്ട്: 1,75,438
∙പോൾ ചെയ്തത്: 1,43,442
∙പോളിങ്: 81.76%
∙ഭൂരിപക്ഷം: 40,263
വോട്ടുനില
∙സി.കൃഷ്‌ണൻ (സിപിഎം): 83226
∙സാജിദ് മൗവ്വൽ (ഐഎൻസി): 42963
∙ആനിയമ്മ (ബിജെപി): 15341
∙വിനോദ് കുമാർ രാമന്തളി (സിപിഐഎംഎൽ–റെഡ്‌സ്റ്റാർ): 870
∙നോട്ട: 1042
English Summary: Payyanur Constituency Election Results