ഹാട്രിക്ക് വിജയത്തോടെ കാസര്‍കോട് നിലനിര്‍ത്തി മുസ്ലിം ലീഗിലെ എന്‍.എ.നെല്ലിക്കുന്ന്. ബിജെപിയുടെ വിജയപ്രതീക്ഷ തകര്‍ത്താണ് നെല്ലിക്കുന്ന് 12901 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് കോട്ട കാത്തത്. വോട്ടിങ് ശതമാനം കുറഞ്ഞത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും ലീഗ് കേന്ദ്രങ്ങള്‍ കൈവിടാതിരുന്നത് നെല്ലിക്കുന്നിന് തുണയായി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് രണ്ടാമതെത്തി. എൽഡിഎഫ് സ്ഥാനാർഥി എം.എ. ലത്തീഫ് മൂന്നാമതെത്തി.
2016 ല്‍ എന്‍.എ. നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 8,607 വോട്ടായിരുന്നു. 64,727 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ 56,120 വോട്ടും ഐഎന്‍എല്ലിന്റെ എ.എ. അമീന് 21,615 വോട്ടും നേടി.
2016 ല്‍ അരലക്ഷത്തിലേറെ വോട്ട് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ യുഡിഎഫിന് ഏറെ മുന്‍തൂക്കമുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള മത്സരമാണ് ബിജെപി കാഴ്ചവച്ചത്. ഇടതുപക്ഷം യുഡിഎഫിന് വോട്ട് മറിച്ചില്ലെങ്കില്‍ വിജയം ഉറപ്പിക്കാനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ വോട്ടിങ് ശതമാനം കുറഞ്ഞത് മൂന്നു മുന്നണികളെയും ആശങ്കയിലാക്കിയിരുന്നു. പതിവായി തോല്‍ക്കുന്ന സീറ്റിനു പകരം വേറെ സീറ്റ് നല്‍കണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എല്‍ഡിഎഫ് അംഗീകരിച്ചിരുന്നില്ല. എല്‍ഡിഎഫിനു വേണ്ടി ഐഎന്‍എല്ലിലെ എം.എ.ലത്തീഫാണു മത്സരിച്ചത്.
നഗരസഭയിലുള്‍പ്പെടെ പോളിങ് വന്‍തോതില്‍ കുറഞ്ഞെങ്കിലും ലീഗ് കോട്ടയായ ചെങ്കളയില്‍ വോട്ടുകള്‍ വര്‍ധിച്ചതു യുഡിഎഫിന് ആത്മവിശ്വാസം നല്‍കിയിരുന്നു. നഗരസഭയും 7 പഞ്ചായത്തുകളും ഉള്‍പ്പെടെ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2016 നെ അപേക്ഷിച്ച് കുറവ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. കാസര്‍കോട് നഗരസഭയിലാണ് വലിയ കുറവുണ്ടായത് (9.14%). മൊഗ്രാല്‍ പുത്തൂരില്‍ താരതമ്യേന ചെറിയ കുറവും (3.32%). എന്‍ഡിഎ മുന്നേറ്റം പ്രതീക്ഷിച്ച മധൂര്‍, ബദിയടുക്ക, കാറഡുക്ക, ബെള്ളൂര്‍, കുംബഡാജെ പഞ്ചായത്തുകളിലും 2 മുതല്‍ 7 % വരെ പോളിങ് കുറഞ്ഞിരുന്നു. നഗരസഭയിലെ തളങ്കര, നെല്ലിക്കുന്ന് തുടങ്ങിയ ലീഗ് സ്വാധീന മേഖലകളില്‍ പോളിങ് മണ്ഡലത്തിലെ മൊത്തം ശതമാനത്തേക്കാള്‍ താഴെയായിരുന്നു. അതേസമയം കുഡ്ലു ഉള്‍പ്പെടെയുള്ള എന്‍ഡിഎ ശക്തികേന്ദ്രങ്ങളില്‍ പോളിങ് സാധാരണ രീതിയിലായിരുന്നു.
കാസര്‍കോട് നഗരസഭ, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നു ലീഡ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. 2016 ലേതിനേക്കാള്‍ ചെങ്കള പഞ്ചായത്തില്‍ 1765 വോട്ടുകള്‍ ഇത്തവണ വര്‍ധിച്ചു. ആകെ 31302 പേരാണ് വോട്ട് ചെയ്തത്. ആബ്സന്റീസ് വോട്ടുകളും തപാല്‍ വോട്ടുകളുമെല്ലാം ചേര്‍ത്താല്‍ ഇതിനേക്കാള്‍ ഉയരും. 2016 ല്‍ 13625 വോട്ടുകളുടെ ഭൂരിപക്ഷം ചെങ്കള യുഡിഎഫിന് നല്‍കിയിരുന്നു. ഇത്തവണ അത് 18000 ആയി ഉയരുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചത്.
English Summary: Kerala Assembly Election- Kasaragod Result