മഞ്ചേശ്വരം ∙ ബിജെപിയുടെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് സ്ഥാനാർഥി എ.കെ.എം. അഷറഫിന് മഞ്ചേശ്വരത്ത് വിജയം. 745 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർഥി മഞ്ചേശ്വരത്തുനിന്നു ജയിച്ചുകയറിയത്. അഷറഫിന് ലഭിച്ചത് 65,758 വോട്ട്. കെ. സുരേന്ദ്രൻ 65,013 വോട്ടു നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി വി.വി. രമേശൻ മൂന്നാമതായി
ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ പ്രതിയായ സിറ്റിങ് എംഎൽഎ എം.സി. കമറുദ്ദീനെ മാറ്റിനിർത്തിയാണ് ലീഗ് യുവ നേതാവായ അഷറഫിന് മഞ്ചേശ്വരത്ത് അവസരം നൽകിയത്. ശക്തമായ വെല്ലുവിളികൾ മറികടന്ന് വിജയം ഒടുവിൽ അഷറഫിന് സ്വന്തം. 2016 ൽ കെ. സുരേന്ദ്രനെതിരെ 89 വോട്ടുകളുടെ ചെറിയ വിജയം മാത്രമാണ് സിറ്റിങ് എംഎൽഎ പി.ബി. അബ്ദുൽ റസാഖിന് നേടാൻ സാധിച്ചത്. അബ്ദുൽ റസാഖിന്റെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി എം.സി. കമറുദ്ദീന് 7923 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
അതിനിടെയാണ് സിറ്റിങ് എംഎൽഎ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയാകുന്നത്. ഇതോടെ കമറുദ്ദീന് പകരം പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയാണ് ലീഗ് നേതൃത്വം മഞ്ചേശ്വരത്തു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയിൽനിന്നുള്ള ശക്തമായ വെല്ലുവിളിയും സിറ്റിങ് എംഎൽഎയ്ക്കെതിരായ കേസിന്റെ പേരിലുണ്ടായ നാണക്കേടും മറികടന്നാണ് ലീഗ് മഞ്ചേശ്വരത്തു വീണ്ടും പച്ചക്കൊടി പാറിച്ചത്. തുടർച്ചയായി നാലാം തവണയാണ് ലീഗ് മഞ്ചേശ്വരത്തുനിന്ന് ജയിക്കുന്നത്.
സിപിഐയെയും മുസ്ലിം ലീഗിനെയും സിപിഎമ്മിനെയുമെല്ലാം നിയമസഭയിൽ പിന്തുണച്ച ചരിത്രമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. നിലവിൽ ലീഗിന്റെ ഉറച്ച കോട്ട. 1970 മുതൽ 82 വരെ സിപിഐ സ്ഥാനാർഥികൾ തുടർച്ചയായി നാലു തവണ മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലെത്തി. ചെർക്കളം അബ്ദുല്ലയുടെ വരവോടെയാണ് മഞ്ചേശ്വരം ലീഗ് കോട്ടയായി മാറിയത്. നാലു തിരഞ്ഞെടുപ്പുകളിൽ ചെർക്കളം തുടർച്ചയായി ജയിച്ചു. 2006ൽ സി.എച്ച്. കുഞ്ഞമ്പുവിലൂടെ ഇടതുമുന്നണി മഞ്ചേശ്വരം പിടിച്ചെടുത്തെങ്കിലും പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം മൂന്നാം സ്ഥാനത്തേക്ക് സിപിഎം സ്ഥാനാർഥികൾ പിന്തള്ളപ്പെട്ടു.
English Summary: Manjeswaram Constituency Election Results