ഇടതു കോട്ടയായ തൃക്കരിപ്പൂര്‍ ഇക്കുറിയും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. സിപിഎം സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ 26137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.പി. ജോസഫിനെ പരാജയപ്പെടുത്തിയത്. കെ.എം. മാണിയുടെ മരുമകന് പിജെ. ജോസഫ് തൃക്കരിപ്പൂരില്‍ സീറ്റ് നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എൻഡിഎ സ്ഥാനാർഥി ടി.വി. ഷിബിൻ മൂന്നാമതെത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,959 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് തൃക്കരിപ്പൂരില്‍ വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഭൂരിപക്ഷം വെറും 1899 വോട്ടുകള്‍ മാത്രമായി. അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 18,262 വോട്ടുകളായി ഉയര്‍ന്നു. 2016 ല്‍ സിപിഎം സ്ഥാനാര്‍ഥി എം. രാജഗോപാലിന് 79,286 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ കെ.പി. കുഞ്ഞിക്കണ്ണന് 62,327 വോട്ടും ബിജെപിയുടെ എം. ഭാസ്‌കരന് 10,767 വോട്ടും ലഭിച്ചു.
2011ലും 2016ലും 80 ശതമാനം കടന്ന മണ്ഡലത്തിലെ പോളിങ് ഇത്തവണ മൂന്നു ശതമാനം കുറഞ്ഞിരുന്നു. 76.77 ശതമാനം ആയിരുന്നു ഇക്കുറി പോളിങ്. സിപിഎം ശക്തി കേന്ദ്രങ്ങളായ കയ്യൂര്‍ ചീമേനി, പിലിക്കോട്, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ പോളിങ് 80% കടന്നത് എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കിയിരുന്നു. പിലിക്കോട് (85.20), കയ്യൂര്‍ ചീമേനി (83.79), ചെറുവത്തൂര്‍ (80.14) എന്നിങ്ങനെയാണ് തപാല്‍ വോട്ട് ഒഴിച്ചുള്ള പോളിങ് ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിലിക്കോട് നിന്ന് 9491 വോട്ടുകളും കയ്യൂര്‍ ചീമേനിയില്‍ നിന്നു 9044 വോട്ടുകളുമാണ് എല്‍ഡിഎഫിന് യുഡിഎഫിനേക്കാളും അധികമായി ലഭിച്ചത്. നീലേശ്വരം നഗരസഭയിലും താരതമ്യേന നല്ല പോളിങ് നടന്നത് അവര്‍ക്കു മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷ നല്‍കി. യുഡിഎഫിനു നല്ല മേല്‍ക്കൈയുള്ള ഈസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത്.
English Summary: Kerala Assembly Election- Thrikaripur Result