മണ്ഡലത്തിൽ സിപിഐയുടെ വിജയപാരമ്പര്യം ഉറപ്പിച്ച് ജെ. ചിഞ്ചുറാണിക്കു വിജയം. കോൺഗ്രസ് സ്ഥാനാർഥി എം.എം. നസീറിനെ 13,678 വോട്ട് ഭൂരിപക്ഷത്തിനാണ് ചിഞ്ചുറാണി തോൽപ്പിച്ചത്. ചിഞ്ചുറാണിക്ക് 67,252 വോട്ടും എം.എം. നസീറിന് 53,574 വോട്ടും ലഭിച്ചു.
1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ മാത്രമേ സിപിഐ സ്ഥാനാർഥികളല്ലാത്തവർ ചടയമംഗലത്തു ജയിച്ചിട്ടുള്ളൂ.– 1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്എസ്പി) സ്ഥാനാർഥി ഡി. ദാമോദരൻ പോറ്റിയും 2001 ൽ കോൺഗ്രസിന്റെ പ്രയാർ ഗോപാലകൃഷ്ണനും. (67 ൽ സിപിഐ കൂടി ഉൾപ്പെട്ട സപ്തകക്ഷി മുന്നണിയുടെ സ്ഥാനാർഥിയായിരുന്നു ദാമോദരൻ പോറ്റി).
മുല്ലക്കര രത്നാകരന്റെ ഹാട്രിക് വിജയത്തിനു ശേഷം ഇത്തവണ സിപിഐ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയപ്പോൾ പ്രതിഷേധങ്ങളുയർന്നിരുന്നു. എങ്കിലും അവയെല്ലാം മറികടന്ന് പാർട്ടിയും ഇടതുമുന്നണിയും പ്രചാരണത്തിൽ സജീവമായത് മണ്ഡലം നിലനിർത്തിയേ തീരൂ എന്ന നിശ്ചയദാർഢ്യത്തോടെയാണ്.
നാട്ടുകാരൻ തന്നെയായ കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറിനെയാണ് ചടയമംഗലം പിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത്. കശുവണ്ടി വ്യവസായ രംഗത്തെ പ്രതിസന്ധികളും തൊഴിലാളികളുടെ പ്രശ്നങ്ങളും വിഷയമായ മണ്ഡലത്തിൽ സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ തന്നെയായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണായുധം.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,96,733
∙പോൾ ചെയ്ത വോട്ട് : 1,45,141
∙പോളിങ് ശതമാനം : 73.78
∙ഭൂരിപക്ഷം: 21928
∙മുല്ലക്കര രത്നാകരൻ (സിപിഐ): 71,262
∙എം.എം.ഹസൻ (കോൺഗ്രസ്): 49,334
∙കെ. ശിവദാസൻ (ബിജെപി): 19,259
∙ജലീൽ കടയ്ക്കൽ (എസ്ഡിപിഐ): 1445
∙സജീദ് ഖാലിദ് (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ): 1222
∙മുഹമ്മദ് നജീം എസ്. (പിഡിപി): 1098
∙നോട്ട: 699
∙സണ്ണി ഇട്ടിവ (സ്വത): 538
∙ശ്രീജിത്ത് എസ്. (ശിവസേന): 284
English Summary: Chadayamangalam Constituency Election Results