പാർട്ടിയുടെ പ്രതീക്ഷ തെറ്റിക്കാതെ പി.സി. വിഷ്ണുനാഥിനു വിജയം. സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മയെ മൂവായിരത്തിലേറെ വോട്ട് ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്. വിഷ്ണുനാഥിന് 24,491 വോട്ടും മേഴ്സിക്കുട്ടിയമ്മയ്ക്ക് 21,364 വോട്ടും ലഭിച്ചു.
ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ മൽസരങ്ങളിലൊന്നായിരുന്നു കുണ്ടറയിലേത്. സിപിഎം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകിയപ്പോൾ, തുടക്കത്തിലെ ആശയക്കുഴപ്പങ്ങൾക്കു ശേഷം കോൺഗ്രസ് നിയോഗിച്ചത് കെപിസിസി വൈസ്പ്രസിഡന്റും കൊല്ലംകാരനുമായ പി.സി.വിഷ്ണുനാഥിനെ. ആഴക്കടൽ മൽസ്യബന്ധനവിവാദം ഏറ്റവുമധികം ചർച്ചയായ മണ്ഡലങ്ങളിലൊന്നാണ് കുണ്ടറ. കശുവണ്ടി ഫാക്ടറികൾ ധാരാളമുള്ള മണ്ഡലത്തിൽ, കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പുവിഷയമായിരുന്നു.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പ്രചാരണം തുടങ്ങിയ ഇടതുമുന്നണി, ഇഎംസിസി കരാർവിവാദത്തോടെ പ്രതിരോധത്തിലായി. കൊല്ലം രൂപത മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇടയലേഖനമിറക്കിയത് എൽഡിഎഫിനു തിരിച്ചടിയും യുഡിഎഫിനു പ്രതീക്ഷയുമായി. പോളിങ് ദിവസം, മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരനായിരുന്നു ബിജെപി സ്ഥാനാർഥി.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,00,163
∙പോൾ ചെയ്ത വോട്ട് : 1,52,558
∙പോളിങ് ശതമാനം : 76.22
∙ഭൂരിപക്ഷം: 30460
∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 79,047
∙രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്): 48,587
∙എം.എസ്.ശ്യാംകുമാർ (ബിജെപി): 20,257
∙ഷെറാഫത്ത് മല്ലം (എസ്ഡിപിഐ): 1325
∙കബീർകുട്ടി ഐ. പുത്തേഴം (പിഡിപി): 1132
∙എസ്.എം.ജാബിർ (ബിഎസ്പി): 698
∙നോട്ട: 687
∙വിജയകുമാർ (സ്വത): 485
∙വി.ആന്റണി (എസ്യുസിഐ കമ്യൂണിസ്റ്റ്): 340
English Summary: Kundara Constituency Election Results