കേരളം കൗതുകത്തോടെ ശ്രദ്ധിച്ച മൽസരത്തിൽ പൂഞ്ഞാറിൽ പി.സി. ജോർജിനെ വീഴ്ത്തി എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ. 16817 വോട്ടിനാണ് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയംഗം കൂടിയായ സെബാസ്റ്റ്യൻ കളത്തുങ്കൽ പി.സി. ജോർജിനെ വീഴ്ത്തിയത്. കോൺഗ്രസ് രംഗത്തിറക്കിയത് കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി മൂന്നാമതായി. എം.പി. സെന്നായിരുന്നു ബിഡിജെഎസ് സ്ഥാനാർഥി.
ശ്രദ്ധേയ മൽസരമായിരുന്നു ഇത്തവണ പൂഞ്ഞാറിലേത്. മൂന്നു മുന്നണികൾക്കുമെതിരെ പി.സി. ജോർജ് മൽസരിക്കുവെന്നതിനപ്പുറം, പിസിയുടെ നിലപാടുകളും പ്രഖ്യാപനങ്ങളും വിവാദമാകുകയും ചെയ്തു. 1957 ൽ കോൺഗ്രസ് സ്ഥാനാർഥി ടി.എ. തൊമ്മൻ ജയിച്ച പൂഞ്ഞാറിന് പിന്നീടു ചായ്വ് കേരള കോൺഗ്രസിനോടായിരുന്നു. 1980 ലാണ് പി.സി. ജോർജ് ആദ്യം പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്കു ജയിച്ചത്. 82 ലും ജയം ആവർത്തിച്ചു. 87 ൽ പക്ഷേ ജനതാ പാർട്ടിയുടെ എൻ.എം. ജോസഫിനോട് 1076 വോട്ടിനു പരാജയപ്പെട്ടു. 96 ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മൽസരിക്കാനിറങ്ങി ജയിച്ചുകയറിയ പി.സി. ജോർജ് തന്നെയായിരുന്നു കഴിഞ്ഞ അഞ്ചു ടേമുകളിലായി പൂഞ്ഞാറിന്റെ എംഎൽഎ.
2016 ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന ജോർജ് ഇത്തവണ മുന്നണികളോടിടഞ്ഞ് കേരളജനപക്ഷം എന്ന പാർട്ടിയുണ്ടാക്കിയാണ് പോരാട്ടത്തിനിറങ്ങിയത്. യുഡിഎഫിന്റെ ഭാഗമായി മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് ജോർജ് പലവട്ടം വ്യക്തമാക്കിയിട്ടും അനുകൂല നിലപാടുണ്ടാകാതിരുന്നതിനെ തുടർന്നാണ് തനിച്ചു മൽസരിക്കാനുള്ള തീരുമാനമെടുത്തത്.
പൂഞ്ഞാറിൽ ഇത്തവണ പ്രചാരണത്തെക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് വിവാദങ്ങളായിരുന്നു. കാൽനൂറ്റാണ്ടായി കയ്യിലുള്ള മണ്ഡലത്തിൽ ഇത്തവണയും ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പി.സി. ജോർജ്. യുഡിഎഫിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. രണ്ടു വർഷം മുമ്പ് പിസി നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശം തിരിച്ചടിക്കുമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം നിലപാടെടുത്തതും മുസ്ലിം ലീഗിന്റെ എതിർപ്പുമായിരുന്നു കാരണം.
പ്രചാരണത്തിനിടെ പി.സി. ജോർജിന്റെ ചില പ്രസ്താവനകളും വിവാദമായി. തനിക്കു ബിജെപി വോട്ടുകൾ കിട്ടുമെന്ന പ്രഖ്യാപനവും ലൗ ജിഹാദ് പരാമർശവും ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനിടെ കൂവിയ ചിലരോടു കടുത്ത ഭാഷയിൽ നടത്തിയ മറുപടിയുമൊക്കെ വിവാദം ആളിക്കത്തിച്ചു. രാമക്ഷേത്ര നിർമാണത്തിന് 1000 രൂപ സംഭാവന നൽകിയതും വാർത്തയായിരുന്നു. ആരുടെയും സഹായമില്ലാതെ പൂഞ്ഞാറിൽ ജയിക്കുമെന്നും 35000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും പിസി ഉറപ്പിച്ചു പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ രണ്ടാമതെത്തിയതായിരുന്നു യുഡിഎഫിന്റെ ഇത്തവണത്തെ പ്രതീക്ഷ. ബിജെപിയോട് പി.സി.ജോർജ് കാട്ടുന്ന അനുഭാവവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുമൊക്കെ ഇത്തവണ ജോർജിനു തിരിച്ചടിയാകുമെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും യുഡിഎഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടിയിരുന്നു.
കേരള കോൺഗ്രസ് (എം) വോട്ടുകൾ ഇത്തവണ സഹായിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. 2016 ൽ ജോർജ്കുട്ടി ആഗസ്തിക്കെതിരെ പി.സി ജോർജിനു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ (27,821 വോട്ട്) കുറവായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി ജോസഫ് പൊന്നാട്ടിനു ലഭിച്ചത് (22,270). ഇത്തവണ എസ്ഡിപിഐ എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിയായേക്കുമെന്ന് എതിരാളികളും ഇടതുമുന്നണിയിലെ ഒരു വിഭാഗവും കരുതിയിരുന്നു. പക്ഷേ ഇത്തരം കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച് പൂഞ്ഞാറിൽ ഇത്തവണ 10,000 വോട്ടിനു ജയിക്കുമെന്നായിരുന്നു പോളിങ്ങിനു ശേഷം ഇടതുമുന്നണി നടത്തിയ വിലയിരുത്തൽ. അതിലേറെ ഭൂരിപക്ഷത്തോടെ ജയിച്ചുവെന്നത് ഇടതുമുന്നണിക്ക് അഭിമാന നേട്ടമാണ്.
ഫലം
ആകെ വോട്ട്: 1,89091
സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ് എം): 58668
പി.സി. ജോർജ് (കേരള ജനപക്ഷം):41851
ടോമി കല്ലാനി (കോൺഗ്രസ്): 34633
ഭൂരിപക്ഷം: 16817
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,83,590
∙പോൾ ചെയ്ത വോട്ട് : 1,45,753
∙പോളിങ് ശതമാനം : 79.39
∙ഭൂരിപക്ഷം: 27,821
∙പി.സി.ജോർജ് (സ്വത): 63,621
∙ജോർജ്കുട്ടി ആഗസ്തി (കേരള കോൺഗ്രസ് എം): 35,800
∙പി.സി. ജോസഫ് പൊന്നാട്ട് (ജനാധിപത്യ കേരള കോൺഗ്രസ്): 22,270
∙എം.ആർ. ഉല്ലാസ്(ബിഡിജെഎസ്): 19,966
∙പി.എ. അബ്ദുൾ ഹക്കിം (വെൽഫെയർ പാർട്ടി): 804
∙നിഷാദ് നടയ്ക്കൽ (പിഡിപി): 530
∙സൈനുല്ലാബ്ദീൻ (സ്വത): 525
∙ഇന്ദുലേഖാ ജോസഫ് (സ്വത): 397
∙ജോർജ്കുട്ടി സെബാസ്റ്റ്യൻ (സ്വത): 375
∙ജോസഫ് പി.പി. പുറത്തയിൽ (സ്വത): 234
∙സിയാം പി അഷ്റഫ് (സ്വത): 194
∙ജോർജ് ചാക്കോ (സ്വത): 166
∙രാജു വട്ടപ്പാറ (എസ്യുസിഐ): 148
∙ജെയിംസ് ജോസഫ് (സ്വത): 143
∙സന്തോഷ് ചേന്നാട് (കെജെപി): 96
∙സി.എം. സുരേന്ദ്രൻ (സിപിഐ (എംഎൽ): റെഡ് സ്റ്റാർ) 94
∙എബ്രഹാം (സ്വത): 77
∙നോട്ട: 313
English Summary: Poonjar Constituency Election Results