പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്ന ബേപ്പൂര്‍ ഇക്കുറിയും ചുവന്നു തന്നെ. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.എം. നിയാസ് 53418 വോട്ടും ബിജെപിയുടെ പ്രകാശ് ബാബു 26267 വോട്ടും നേടി.
2016 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മുന്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ 14,363 വോട്ടിനാണ് ജയിച്ചത്. 69,114 വോട്ടാണ് വി.കെ.സി നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ആദം മുല്‍സി 54,751 വോട്ടും ബിജെപിയുടെ കെ.പി. പ്രകാശ്ബാബു 27,958 വോട്ടും നേടി. 2011ല്‍ എളമരം കരീം 5,316 വോട്ടിനാണ് ജയിച്ചത്. എന്നാല്‍, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കളം മാറി.
യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന് ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 10,423 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇത് യുഡിഎഫ് ക്യാംപിന് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ വീണ്ടും ഇടത്തേക്ക് ചേര്‍ന്നു. 2020 ലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് വോട്ടുകണക്ക് അനുസരിച്ച് എല്‍ഡിഎഫിന് 15087 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.
രാമനാട്ടുകര, ഫാറൂഖ് എന്നീ മുനിസിപ്പാലിറ്റികളും ചെറുവണ്ണൂര്‍, കടലുണ്ടി ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് ബേപ്പൂര്‍ മണ്ഡലം. ചെറുവണ്ണൂര്‍ ഈസ്റ്റ്, ചെറുവണ്ണൂര്‍ വെസ്റ്റ്, ബേപ്പൂര്‍ പോര്‍ട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണര്‍, മാത്തോട്ടം എന്നീ ഡിവിഷനുകളും മണ്ഡലത്തിലുണ്ട്.
English Summary: Beypore Election Result