ഹാട്രിക് വിജയവുമായി എലത്തൂര്‍ നിലനിര്‍ത്തി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. 38502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന് എന്‍സികെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരിയെ പരാജയപ്പെടുത്തിയത്. ടി.പി. ജയചന്ദ്രനായിരുന്നു ബിജെപി സ്ഥാനാർഥി.
എലത്തൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫില്‍ കലഹം പുകഞ്ഞിരുന്നു. മാണി സി കാപ്പന്റെ എന്‍സികെയ്ക്ക് നല്കിയ സീറ്റില്‍ ആലപ്പുഴ സ്വദേശിയായ സുള്‍ഫിക്കര്‍ മയൂരിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കിയത്.
2016ല്‍ 29,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ഥി പി. കിഷന്‍ചന്ദിനെ തോല്പിച്ചത്. ശശീന്ദ്രന് 76,387 വോട്ടും കിഷന് ചന്ദിന് 47,330 വോട്ടും എന്‍ഡിഎയുടെ വി.വി. രാജന് 29,070 വോട്ടും നേടിയിരുന്നു. 2011ല്‍ എ.കെ. ശശീന്ദ്രന് 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചിരുന്നത്. കോഴിക്കോട് കോർപറേഷനിലെ 6 വാർഡുകളും ചേളന്നൂര്‍, എലത്തൂര്‍, കക്കോടി, കാക്കൂര്‍, കരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലമാണിത്.

കടലും പുഴയും അതിരിടുന്ന മണ്ഡലമാണ് എലത്തൂർ. മലനാടും ഇടനാടും തീരപ്രദേശവുമുള്ള കേരളത്തിന്റെ മിനിയേച്ചർ. നഗരത്തോടു ചേർന്നു കിടക്കുന്ന ഗ്രാമം. നേരത്തേ കൊടുവള്ളി, ബാലുശ്ശേരി, കുന്നമംഗലം നിയോജക മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് 2008ലെ മണ്ഡല പുനർനിർണയത്തിൽ എലത്തൂർ രൂപീകരിച്ചത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ രൂപീകരണത്തിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും ജയിച്ചത് എൻസിപിയിലെ എ.കെ. ശശീന്ദ്രൻ. യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദളാണു രണ്ടു വട്ടവും പരാജയപ്പെട്ടത്.
2009 മുതലുള്ള നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് മണ്ഡലത്തിൽ യുഡിഎഫ് ലീഡ് നേടിയത്– സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ. അന്നു മണ്ഡലത്തിൽ യുഡിഎഫ് നേടിയത് 103 വോട്ടിന്റെ ലീഡ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ച 2009, 2014 തിരഞ്ഞെടുപ്പുകളിൽ എലത്തൂരിൽ എൽഡിഎഫ് യഥാക്രമം 7736, 5449 വോട്ടുകളുടെ ലീഡ് നേടി. 2011ൽ എൽഡിഎഫ് സ്ഥാനാർഥി എ.കെ. ശശീന്ദ്രൻ ജയിച്ചത് 14654 വോട്ടിന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ 6 വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് എലത്തൂർ മണ്ഡലം. ചേളന്നൂർ പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫ് ഭരണം. കോർപറേഷനിലെ 6 വാർഡുകളിൽ അഞ്ചിടത്ത് എൽഡിഎഫും ഒരു വാർഡിൽ യുഡിഎഫുമാണു ജയിച്ചത്.
English Summary: Elathur Election Result