സിപിഎം അണികൾ തെരുവിലിറങ്ങി ‘പിടിച്ചെടുത്ത’ കുറ്റ്യാടി സീറ്റിൽ ചെങ്കൊടി പാറി. പ്രാദേശിക പ്രവർത്തകർ അഭിമാനപോരാട്ടമായി കണ്ട കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടിക്ക് 333 വോട്ടിന്റെ ജയം. കഴിഞ്ഞ വട്ടം 1157 വോട്ടിന് മുസ്ലിം ലീഗ് പിടിച്ചെടുത്ത ഇടതുകോട്ട ഇത്തവണ അണികൾ നേരിട്ടിറങ്ങി തിരിച്ചുപിടിച്ച വിജയത്തിന് മധുരമേറും. മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുല്ലയെ ആണ് കുഞ്ഞമ്മദ് കുട്ടി തോൽപ്പിച്ചത്.
ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകിയ സീറ്റ് അണികളുടെ രോഷം ഭയന്നു തിരിച്ചെടുത്ത സിപിഎം, പ്രതിഷേധക്കാർ ആവശ്യപ്പെട്ട ആളെത്തന്നെ സ്ഥാനാർഥിയുമാക്കി. രാഷ്ട്രീയ വോട്ടുകളിലും സ്ഥാനാർഥികളുടെ ജനകീയതയിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. കുറ്റ്യാടിയിലെ വിജയം സിപിഎം പ്രവർത്തകരുടെ അഭിമാനപ്രശ്നമായിരുന്നു. പരാജയപ്പെട്ടാൽ സംശയമുനയിൽ നിൽക്കേണ്ടിവരുമെന്ന് ഉറപ്പുള്ളതിനാൽ ജില്ലാ നേതൃത്വത്തിനും ജയം അനിവാര്യമായിരുന്നു.
പാർട്ടിയെ വെല്ലുവിളിക്കാൻ പോലും അണികളെ പ്രേരിപ്പിക്കുന്ന ജനകീയതയുമായി കുഞ്ഞമ്മദ്കുട്ടി കളത്തിലിറങ്ങിയപ്പോൾ 5 വർഷം കൊണ്ടു നടപ്പാക്കിയ വികസനമായിരുന്നു അബ്ദുല്ലയുടെ കരുത്ത്. 700 കോടി രൂപയുടെ വികസനം 5 വർഷം കൊണ്ട് നടപ്പാക്കിയെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. പഞ്ചായത്ത് അംഗം മുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെയായതിന്റെ അനുഭവക്കരുത്തിൽ പക്ഷേ കുഞ്ഞമ്മദ്കുട്ടി ജയിച്ചുകയറി.
കുറ്റ്യാടിയുടെ ചരിത്രം
ഇടതുകോട്ടയായിരുന്ന മേപ്പയൂർ മണ്ഡലമാണ് അതിർത്തി മാറി കുറ്റ്യാടിയായത്. 2016 ലെ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ പേരിനായിരുന്നു സിപിഎം സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം. എന്നാൽ, സിറ്റിങ് എംഎൽഎ കെ.കെ. ലതികയ്ക്ക് മൂന്നാമതും അവസരം നൽകാനായിരുന്നു തീരുമാനം. ലതിക തോറ്റു. മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുല്ല അട്ടിമറി വിജയം നേടി. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ കുഞ്ഞമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ സിപിഎം നേരത്തേ ഒരുക്കം തുടങ്ങിയിരുന്നു. എന്നാൽ മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനമെത്തിയതോടെയാണ് സിപിഎം അണികൾ തെരുവിലിറങ്ങിയത്. ഒടുവിൽ കുഞ്ഞമ്മദ്കുട്ടി തന്നെ സ്ഥാനാർഥിയായി.
2008 ലെ പുനർനിർണയത്തെത്തുടർന്ന് നിലവിൽവന്ന മണ്ഡലമാണ് കുറ്റ്യാടി. വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണിത്. പഴയ മേപ്പയൂർ മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലിം ലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി.
2016 ൽ ലതികയെ ലീഗിന്റെ പാറയ്ക്കൽ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തിൽ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതിനിടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ 17,892 വോട്ടിന്റെ മികച്ച ലീഡാണ് യുഡിഎഫ് നേടിയത്. എന്നാൽ, കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽ 2437 വോട്ടിന്റെ ലീഡുണ്ടായിരുന്നു.
English Summary: Kerala Assembly Elections- Kuttiady Result