ഹാട്രിക് ജയത്തോടെ കോഴിക്കോട് ജില്ലയിലെ ഏകസീറ്റായ നാദാപുരം നിലനിര്‍ത്തി സിപിഐ. കടുത്ത മത്സരത്തിനൊടുവില്‍ സിറ്റിങ് എംഎല്‍എ ഇ.കെ. വിജയന്‍ 4,035 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാറിനെ പരാജയപ്പെടുത്തിയത്.
ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നാദാപുരം മണ്ഡലം. 2016ല്‍ ഇടതു തരംഗം അലയടിച്ചപ്പോഴും 4,759 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.കെ. വിജയന് ലഭിച്ചത്. 74,742 വോട്ടാണ് ഇ.കെ. വിജയന് ലഭിച്ചത്. പ്രവീണ്‍ കുമാറിന് 69,983 വോട്ടും എന്‍ഡിഎയുടെ എം.പി. രാജന് 14,493 വോട്ടും ലഭിച്ചു. 2011ല്‍ ഇ.കെ. വിജയന്റെ ഭൂരിപക്ഷം 7,546 ആയിരുന്നു.
ഒരു തിരഞ്ഞെടുപ്പിലൊഴികെ കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം വിജയിച്ച മണ്ഡലമാണ് നാദാപുരം. സിപിഐ രണ്ടുവട്ടം സിപിഎമ്മിനെ തോൽപിച്ച മണ്ഡലം. 1970 മുതൽ സിപിഐ മാത്രം ജയിക്കുന്ന മണ്ഡലം. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി സി.എച്ച്.കണാരനെ ആദ്യമായി കേരള നിയമസഭയിലെത്തിച്ച മണ്ഡലം. ചരിത്രത്തിൽ കൗതുകങ്ങൾ ഏറെയുണ്ട് നാദാപുരത്തിന്.
1957 ലെ ആദ്യ തിരഞ്ഞെടുപ്പിലാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി സി.എച്ച്. കണാരൻ വിജയിക്കുന്നത്. 1960ൽ പിഎസ്പി–ലീഗ് മുന്നണി സ്ഥാനാർഥിയായി മത്സരിച്ച മുസ്‌ലിം ലീഗിലെ ഹമീദലി ഷംനാട് സി.എച്ച്. കണാരനെ പരാജയപ്പെടുത്തി. 1967ൽ ഇ.വി. കുമാരനിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു. സിപിഐ ഐക്യമുന്നണിയുടെ ഭാഗമായിരുന്ന 1970, 77 തിരഞ്ഞെടുപ്പുകളിലാണ് സിപിഐ സ്ഥാനാർഥികളായിരുന്ന എം. കുമാരനും കാന്തലോട്ട് കുഞ്ഞമ്പുവും സിപിഎം സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത്. 1980 മുതൽ എൽഡിഎഫിൽ എത്തിയപ്പോഴും സിപിഐക്കു തന്നെയായിരുന്നു സീറ്റും വിജയവും. കെ.ടി. കണാരൻ, സത്യൻ മൊകേരി, ബിനോയ് വിശ്വം, ഇ.കെ. വിജയൻ എന്നിവർ ജയിച്ചു.
2009,14,19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം പരിധിയിൽ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. എന്നാൽ 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി വിജയം. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8,422 വോട്ടും 2014ൽ 1747 വോട്ടും 2019ൽ 17,596 വോട്ടുമാണ് യുഡിഎഫ് സ്ഥാനാർഥികൾ നാദാപുരം മണ്ഡലത്തിൽ നേടിയ ലീഡ്.

തദ്ദേശപ്പോരിൽ മേൽക്കൈ ഇടതുപക്ഷത്തിനായിരുന്നു. വളയം, വാണിമേൽ, നരിപ്പറ്റ, കായക്കൊടി, കാവിലുമ്പാറ, മരുതോങ്കര, ചെക്യാട്, തൂണേരി, നാദാപുരം, എടച്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നാദാപുരം മണ്ഡലം. 4 പഞ്ചായത്തിൽ യുഡിഎഫിനും 6 പഞ്ചായത്തിൽ എൽഡിഎഫിനുമാണ് ഭരണം. ഇതിൽ കായക്കൊടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നേടിയത് നറുക്കെടുപ്പിലൂടെയാണ്.
English Summary: Nadapuram Election Result