പേരാമ്പ്ര ഇക്കുറിയും ഇടതിനൊപ്പം. മന്ത്രി ടി.പി. രാമകൃഷ്ണന് 22,592 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. യുഡിഎഫ് സ്വതന്ത്രന് സി.എച്ച്. എബ്രാഹിംകുട്ടിയെയും ബിജെപിയുടെ കെ.വി. സുധീറിനെയുമാണ് ടിപി പരാജയപ്പെടുത്തിയത്. മന്ത്രി ടി.പി. രാമകൃഷ്ണന് തുടര്‍ച്ചയായി രണ്ടാമതാണ് ഇവിടെ മത്സരിക്കുന്നത്.
2016ല്‍ 4,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്. ടി.പി. രാമകൃഷ്ണന് 72,359 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഇഖ്ബാല്‍ 68,258 വോട്ടും നേടി. 2011ല്‍ എല്‍ഡിഎഫിന്റെ കെ. കുഞ്ഞഹമ്മദ് 15,269 വോട്ടിനാണ് ജയിച്ചത്. ഇരുമുന്നണികളെയും തുണച്ചിട്ടുളള പേരാമ്പ്ര 1980 മുതല്‍ ഇടതിനൊപ്പമാണ്. എന്നാല്‍ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന് 13,204 വോട്ടിന്റെ ലീഡാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലുണ്ടായത്.
നടേരിപ്പുഴയും കുറ്റ്യാടിപ്പുഴയും അതിരിടുന്ന കാര്‍ഷിക മേഖലയാണു പേരാമ്പ്ര മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തുണച്ച മണ്ഡലം. വലത്തേക്കു ചാഞ്ഞത് 3 വട്ടം മാത്രം. 1960 ല്‍ പിഎസ്പി-കോണ്‍ഗ്രസ് മുന്നണിക്കു വേണ്ടി പിഎസ്പിയിലെ പി.കെ. നാരായണന് നമ്പ്യാരും 1970 ല്‍ കോണ്‍ഗ്രസിലെ ഡോ.കെ.ജി. അടിയോടിയും 77 ല്‍ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫും ജയിച്ചു. ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയക്കൊടി നാട്ടി.
യുഡിഎഫില്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസാണു മത്സരിക്കുന്നത്. ജയിച്ചത് ഒരിക്കല്‍ മാത്രം. എന്നാല്‍ 80 മുതല്‍ സിപിഎം മാത്രം ജയിച്ച മണ്ഡലത്തില്‍ അട്ടിമറികളൊന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നില്ല. സമീപകാലത്ത് പേരാമ്പ്രയില്‍ യുഡിഎഫിനായി ഏറ്റവും മികച്ച പോരാട്ടം നടത്തിയത് 2016 ല്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് മുഹമ്മദ് ഇഖ്ബാലാണ്. അന്ന് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം നാലിലൊന്നായി വെട്ടിക്കുറച്ച ഇഖ്ബാല്‍ ഇപ്പോള്‍ എല്‍ഡിഎഫിലാണ്.
2009, 14, 19 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലം പരിധിയില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം.
എന്നാല്‍ 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനായി ജയം. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4262 വോട്ടും 2014 ല്‍ 1175 വോട്ടും 2019 ല്‍ 13204 വോട്ടുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പേരാമ്പ്ര മണ്ഡലത്തില്‍ നേടിയ ലീഡ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചത് 15269 വോട്ടിന്. 2016ല്‍ 4101 വോട്ടിനും.
തദ്ദേശതിരഞ്ഞെടുപ്പില്‍ പൂര്‍ണമായും എല്‍ഡിഎഫിനൊപ്പമായിരുന്നു പേരാമ്പ്ര. മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, കായണ്ണ പഞ്ചായത്തുകള്‍ 2008 ലെ പുനര്‍നിര്‍ണയത്തില്‍ ഒഴിവാക്കി. പകരമെത്തിയത് അരിക്കുളം, മേപ്പയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകള്‍. ഇവയ്ക്കു പുറമേ പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുന്നതാണു പേരാമ്പ്ര മണ്ഡലം. 10 പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം.
English Summary: Perambra Election Result