യുഡിഎഫിനും മുസ്ലിം ലീഗിനും മണ്ണും മനസ്സും കൊടുത്ത മണ്ഡലമാണ് മലപ്പുറം. ഇത്തവണ മൂന്നാം അങ്കത്തിനിറങ്ങിയ ലീഗിന്റെ പി.ഉബൈദുല്ല 35208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹാട്രിക് ജയത്തോടെ മലപ്പുറം നിലനിര്‍ത്തിയത്. സിപിഎം സ്ഥാനാര്‍ഥി സ്പിന്നിങ് മില്‍ ചെയര്മാന് പാലോളി അബ്ദുറഹ്മാന് രണ്ടാമതെത്തി. ബിജെപി ജില്ലാ കമ്മിറ്റി അംഗം എ. സേതുമാധവനായിരുന്നു എൻഡിഎ സ്ഥാനാർഥി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും സ്ഥാനാര്‍ഥികളടക്കം 6 പേരാണ് ഇത്തവണ മലപ്പുറം മണ്ഡലത്തില്‍നിന്നു ജനവിധി തേടിയത്.
2011ല്‍ തന്റെ കന്നി മത്സരത്തില്‍ മലപ്പുറം ഉബൈദുല്ലയ്ക്കു നല്കിയ 44,322 വോട്ടിന്റെ ലീഡ് ആ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷമായിരുന്നു. 2016ല്‍ കെ.പി.സുമതിയെ മത്സരിപ്പിച്ച സിപിഎം ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672 ആയി കുറച്ചിരുന്നു. പി.ഉബൈദുല്ല 81,072 വോട്ടും കെ.പി.സുമതി 45,400 വോട്ടും നേടി.
മുസ്ലിം ലീഗിന്റെ ഹൈക്കമാന്‍ഡും പൊളിറ്റ് ബ്യൂറോയുമൊക്കെയായ പാണക്കാട് തറവാട് സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍നിന്നു ലീഗ് സ്ഥാനാര്‍ഥിയല്ലാതെ മറ്റൊരാള്‍ വിജയിച്ച ചരിത്രമില്ല. ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറം ജില്ലയിലെ ആസ്ഥാന മണ്ഡലം എന്നതിനപ്പുറം കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന് ഏക മുഖ്യമന്ത്രിയെ സമ്മാനിച്ച സീറ്റ് കൂടിയാണിത്.
1979ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്ന് 23,638 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷമാണ് സിഎച്ച് മുഹമ്മദ്കോയ 3 മാസക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. തുടര്‍ന്നു സിഎച്ചിന്റെ മകന് എം.കെ.മുനീറിന് 2 തവണയും മലപ്പുറം നിയമസഭയിലേക്കുള്ള വിജയ വാതില്‍ തുറന്നുകൊടുത്തു. 2001ല്‍ മലപ്പുറത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട മുനീര്‍ മന്ത്രിസഭയില്‍ അംഗമായി. യു.എ.ബീരാനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും 2 തവണ വീതം വിജയിപ്പിച്ചതിന്റെ ചരിത്രവും മലപ്പുറത്തിനു പറയാനുണ്ട്.
English Summary: Malappuram Election Results