നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ‘ദേശീയ’ പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച് മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. ഒരു ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവിനെ പരാജയപ്പെടുത്തിയത്.
ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം. 2014 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ഇ.അഹമ്മദിന്റെ ഭൂരിപക്ഷം 1,94,379. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ 5 ലക്ഷം വോട്ടു നേടിയ ആദ്യ സ്ഥാനാര്‍ഥിയായെങ്കിലും ഭൂരിപക്ഷം 1,71,023 ആയിരുന്നു. എന്നാല്‍ 2019ല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 ആയി. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ടും വി.പി.സാനുവിന് 3,29,720 വോട്ടും ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണന് 82,332 വോട്ടുമാണ് ലഭിച്ചത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,18,696 വോട്ട്, കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 1,13,987 വോട്ട് എന്നിങ്ങനെയാണ് മണ്ഡലത്തിലെ യുഡിഎഫിന്റെ ആകെ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കുറയാതെ നോക്കാനായിരുന്നു യുഡിഎഫ് ശ്രമം. പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ഇരുമുന്നണികളെയും വിറപ്പിക്കാന്‍ എന്‍ഡിഎയും ഉശിരന്‍ വീര്യത്തോടെയാണ് കളം പിടിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, കര്‍ഷകവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. സ്ഥാനാര്‍ഥി സമദാനിയുടെ മതനിരപേക്ഷ വ്യക്തിത്വവും ബഹുഭാഷാ വൈദഗ്ധ്യവും രാജ്യസഭാംഗമായിരിക്കെ നടത്തിയ പ്രകടനവും ഉയര്‍ത്തിക്കാട്ടിയത് അനുകൂലഘടകമായി.

ഉപതിരഞ്ഞെടുപ്പിലേക്കു നയിച്ച കുഞ്ഞാലിക്കുട്ടിയുടെ രാജി തന്നെയായിരുന്നു എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരണായുധം. വി.പി.സാനു തന്നെയായിരുന്നു കഴിഞ്ഞ തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അതുകൊണ്ടുതന്നെ ‘തിരുത്താന്‍ അവസരം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി പ്രചാരണം മുന്നോട്ടു കൊണ്ടുപോയത്.
കുഞ്ഞാലിക്കുട്ടിയുടെ രാജിയും മണ്ഡലത്തിലെ വികസനമുരടിപ്പുമായിരുന്നു എന്‍ഡിഎയുടെ ആയുധങ്ങള്‍. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും മണ്ഡലത്തിലെ ഫുട്ബോള്‍ അടക്കമുള്ള കായികരംഗത്തിന്റെ വികസന സ്വപ്നങ്ങളും പങ്കുവച്ചായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രചാരണം.
English Summary: Malappuram Loksabha Bypoll Result