തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഡ് കുറയ്ക്കാനായതിന്റെ ആത്മവിശ്വാസത്തില്‍ പെരിന്തല്‍മണ്ണ പിടിക്കാനിറങ്ങിയ ഇടതുപക്ഷത്തെ തറപറ്റിച്ച് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന് 38 വോട്ടിന്റെ ജയം. ലീഗിലൂടെ മലപ്പുറം നഗരസഭാ ചെയര്‍മാനായ കെ.പി.മുഹമ്മദ് മുസ്തഫയെ സ്വതന്ത്രനായി ഇറക്കി എല്‍ഡിഎഫ് നടത്തിയ നീക്കം യൂത്ത് ലീഗിന്റെ സൈബര്‍ ആവേശമായ നജീബ് കാന്തപുരത്തെ ഇറക്കി യുഡിഎഫ് പൊളിക്കുകയായിരുന്നു. സുചിത്ര മാട്ടടയായിരുന്നു ബിജെപി സ്ഥാനാർഥി. കന്നിയങ്കത്തിലാണ് നജീബ് വിജയം കൊയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മൂവായിരത്തിലേറെ വോട്ടിന്റെ ലീഡ് നല്‍കിയതോടെയാണ് പെരിന്തൽമണ്ണയിൽ ഇടത് പ്രതീക്ഷകള്‍ ഉയര്‍ന്നത്. 2016ല്‍ 579 വോട്ടിന്റെ ലീഡേ യുഡിഎഫിനുണ്ടായിരുന്നുള്ളൂവെന്നതും മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്‍ഡിഎഫിന് ഊര്‍ജം പകര്‍ന്നു. ഇതോടെ ലീഗിലൂടെ മലപ്പുറം നഗരസഭാ ചെയര്‍മാനായ കെ.പി.മുഹമ്മദ് മുസ്തഫയെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തിയത്. അപകടം മണത്ത യുഡിഎഫ് യൂത്ത് ലീഗ് നേതാവ് നജീബ് യുഡിഎഫ് രംഗത്തിറക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ കിതച്ചു നിന്ന യുഡിഎഫ് സട കുടഞ്ഞെഴുന്നേറ്റത് രാഹുല്‍ ഗാന്ധിയുടെ പെരിന്തല്‍മണ്ണയിലെ റോഡ് ഷോയിലൂടെയാണ്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്റെ പി.ടി.അബ്ദുല്‍ അഫ്സലിനു പുറമേ 4 അപര സ്ഥാനാര്‍ഥികളും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചിരുന്നു.
2016ല്‍ 579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ മഞ്ഞളാംകുഴി അലി ഇവിടെ ജയിച്ചത്. അലിക്ക് 70,990 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന്റെ വി. ശശികുമാര്‍ 70,411 വോട്ടും ബിജെപിയുടെ എം.കെ.സുനില്‍ 5,917 വോട്ടും നേടി. 2011ല്‍ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 20,1000 വോട്ടായിരുന്നു. 1980 മുതല്‍ 25 വര്‍ഷം ലീഗിലെ നാലകത്ത് സൂപ്പി അടക്കിവാണിരുന്ന മണ്ഡലം 2006ല്‍ വി. ശശികുമാറിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.
English Summary: Perinthalmanna Election Results