യുഡിഎഫിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്ത മണ്ഡലമായ പൊന്നാനി ഇക്കുറിയും ചുവന്നു തന്നെ. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു പകരം കളത്തിലിറങ്ങിയ സിപിഎം സ്ഥാനാര്‍ഥി പി. നന്ദകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.എം. രോഹിത്തിനെതിരെ 17,043 വോട്ടിന്റെ ഭൂരിപക്ഷത്തിനു മണ്ഡലം നിലനിര്‍ത്തി. സുബ്രഹ്മണ്യന് ചുങ്കപ്പള്ളിയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ഥി.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും വരെ എല്‍ഡിഎഫ് സുരക്ഷിതമായി കണ്ട മണ്ഡലമായിരുന്നു പൊന്നാനി. രണ്ട് ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എംഎല്‍എ പി.ശ്രീരാമകൃഷ്ണന് ഇത്തവണ സീറ്റില്ലെന്നറിഞ്ഞപ്പോള്‍ ആകാംക്ഷയുണര്‍ന്നു. ആരായിരിക്കും അടുത്ത സ്ഥാനാര്‍ഥി?. പ്രാദേശിക നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ടി.എം.സിദ്ദീഖിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായി.
എന്നാല്‍ സിഐടിയു ദേശീയ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ തീരദേശമിളകി. സിദ്ദീഖിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധ റാലി വരെ നടത്തി. എന്നാല്‍ തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചു നിന്നു. 2016ല്‍ പി. ശ്രീരാമകൃഷ്ണന് 15,640 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയില്‍നിന്ന് ജയിച്ചത്. അദ്ദേഹത്തിന് 69,332 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ പി.ടി. അജയ്മോഹന് 53,692 വോട്ടും എന്‍ഡിഎയുടെ കെ.കെ. സുരേന്ദ്രന് 11,662 വോട്ടും നേടി. 2011ല്‍ ശ്രീരാമകൃഷ്ണന് 4,101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
English Summary: Ponnani Election Results