ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമിടയിലും തവനൂരിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ 2,564 വോട്ടിനാണ് ജലീൽ തോൽപ്പിച്ചത്. 2011 ൽ നിലവിൽവന്ന തവനൂർ മണ്ഡലത്തിൽനിന്ന് മൂന്നാം തവണയാണ് ജലീൽ ജയിക്കുന്നത്. കുറ്റിപ്പുറത്തു പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചാണ് ജലീൽ ആദ്യമായി നിയമസഭയിലെത്തുന്നത്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ ഭരണകാലത്ത് ജലീൽ നടത്തിയ ചില ഇടപെടലുകൾ ചോദ്യംചെയ്തായിരുന്നു യുഡിഎഫ് പ്രചാരണം നടത്തിയത്. എന്നാൽ, വിവാദങ്ങൾക്കിടയിലും മണ്ഡലത്തിലെ വോട്ടർമാർ ജലീലിനെ കൈവിട്ടില്ല. ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 13 ന് ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
മുസ്ലിംലീഗുകാരനായിരുന്ന കെ.ടി. ജലീല്‍ പിന്നീട് കുറ്റിപ്പുറത്തുനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. 2011 ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ മുന്നേറ്റം തുടരുന്നത്. 2011-ല്‍ 6854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജലീലിന്. 2016-ല്‍ അത് 17064 ആയി ഉയര്‍ന്നു.
English Summary: Thavanur Constituency Election Results