2006ല്‍ ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന തിരൂര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന് 7214 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരൂര്‍ നിലനിര്‍ത്തിയത്. സിപിഎം സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസ് രണ്ടാമതും. ബിജെപിക്കു വേണ്ടി മത്സരിച്ച കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം മൂന്നാമതുമെത്തി.
പൊതുവേ യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണ് തിരൂര്‍. എന്നാല്‍ 2006ല്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെയാണ് ശക്തമായ മത്സരം മണ്ഡലത്തിലുണ്ടായത്. പിന്നീടുള്ള 2 തിരഞ്ഞെടുപ്പിലും കരുത്തോടെ പ്രവര്‍ത്തിച്ച് യുഡിഎഫ് മണ്ഡലത്തെ കൂടെ നിര്‍ത്തി. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച ഗഫൂര്‍ പി.ലില്ലീസിനെ ഇക്കുറി പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഎം മത്സരിപ്പിച്ചത്.
താഴെത്തട്ടില്‍നിന്ന് പ്രവര്‍ത്തിച്ച് നേതൃസ്ഥാനത്തെത്തിയ കുറുക്കോളി മൊയ്തീനെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ആവേശത്തിലായി. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാമിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതായിരുന്നു തിരൂരിലെ തന്ത്രപരമായ മറ്റൊരു നീക്കം. എസ്ഡിപിഐയുടെ പി.അഷ്റഫിനു പുറമേ അപരന്മാരടക്കം 6 സ്വതന്ത്ര സ്ഥാനാര്‍ഥികളും രംഗത്തുണ്ട്.
2016ല്‍ ലീഗിന്റെ സി. മമ്മൂട്ടി 7,061 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മമ്മൂട്ടിക്ക് 73,432 വോട്ടാണ് ലഭിച്ചത്. സിപിഎം സ്വതന്ത്രന് ഗഫൂര്‍ പി.ലില്ലീസിന് 66,371 വോട്ടും ബിജെപിയുടെ എം.കെ. ദേവിദാസന് 9,083 വോട്ടും ലഭിച്ചു. 1991 മുതല്‍ 2001 വരെ തിരൂരിനെ പ്രതിനിധീകരിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ ആയിരുന്നു. എന്നാല്‍ 2006ല്‍ ലീഗിനെ ഞെട്ടിച്ച് തിരൂരില്‍ ഇടി പരാജയപ്പെട്ടു. സിപിഎമ്മിലെ പി.പി. അബ്ദുള്ളക്കുട്ടി 8,603 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടിയെ വീഴ്ത്തിയത്. എന്നാല്‍ 2011ല്‍ ലീഗ് സീറ്റ് തിരിച്ചുപിടിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 41,385 വോട്ടിന്റെ ഭൂരിപക്ഷവും തദ്ദേശത്തില്‍ 9,476 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യുഡിഎഫിന് ലഭിച്ചത്.
English Summary: Tirur Election Results