സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞുനിന്ന തിരൂരങ്ങാടിയില്‍ വിജയത്തുടര്‍ച്ചയുമായി മുസ്ലിം ലീഗ്. മുതിര്‍ന്ന നേതാവ് കെ.പി.എ. മജീദ് 9578 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. മജീദ് 73,499 വോട്ടും ഇടതു സ്വതന്ത്രന് നിയാസ് പുളിക്കലകത്ത് 63921 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി കള്ളിയത്ത് സത്താര്‍ ഹാജിക്ക് 8,314 വോട്ടാണ് ലഭിച്ചത്. 2016ല്‍ ലീഗ് സ്ഥാനാര്‍ഥി പി.കെ. അബ്ദുറബ്ബിന്റെ ഭൂരിപക്ഷം ആറായിരമാക്കി കുറയ്ക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് പ്രതീക്ഷയായിരുന്നു.
2016ല്‍ ലീഗിന്റെ പി.കെ.അബ്ദുറബ്ബ് 6,043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ സ്വതന്ത്രനായിരുന്ന നിയാസ് പുളിക്കലകത്തിനെ തോല്പിച്ചത്. അബ്ദുറബ്ബ് 62,927 വോട്ടും നിയാസ് പുളിക്കലകത്ത് 56,884 വോട്ടും ബിജെപിയുടെ പി.വി.ഗീതാ മാധവന് 8,046 വോട്ടും നേടി.
ഉറച്ച കോട്ടയായി യുഡിഎഫ് കരുതുന്ന മണ്ഡലത്തില്‍ ഇത്തവണ അപ്രതീക്ഷിത ട്വിസ്റ്റുകളാണുണ്ടായത്. മുസ്ലിം ലീഗില്‍ ആദ്യം കേട്ട പേരുകള്‍ മാറി കെ.പി.എ.മജീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായിരുന്നു ആദ്യ ട്വിസ്റ്റ്. നേരത്തേ പരിഗണിച്ചിരുന്ന പി.എം.എ.സലാമിനെ സ്ഥാനാര്‍ഥിയാക്കാത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം പരാതിയുമായി പാണക്കാട് വരെയെത്തി. എന്നാല്‍ സലാമിന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയാണ് നേതൃത്വം പ്രശ്നം പരിഹരിച്ചത്. ഇതോടെ യുഡിഎഫ് ഊര്‍ജസ്വലമായി കളത്തിലിറങ്ങി.
എന്നാല്‍ യുഡിഎഫിലെ അസാധാരണ സാഹചര്യം മുതലാക്കാന്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് എല്‍ഡിഎഫിലും ട്വിസ്റ്റുണ്ടായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി പ്രചാരണം തുടങ്ങിയ ശേഷം അദ്ദേഹത്തെ പിന്‍വലിക്കുകയും കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച നിയാസ് പുളിക്കലകത്തിന് സ്വതന്ത്ര ചിഹ്നത്തില്‍ ഒരവസരം കൂടി നല്കാന് തീരുമാനിക്കുകയും ചെയ്തു.
English Summary: Tirurangadi Election Results