എക്കാലവും യുഡിഎഫിന്റെ ശക്തികേന്ദ്രമായ വണ്ടൂരില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിന് അഞ്ചാം ജയം. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റില്‍ 15563 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥി പി. മിഥുനയെ അനില്‍കുമാര്‍ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ഡോ. പി.സി. വിജയനാണ് മൂന്നാമതെത്തിയത്. ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി, തുവ്വൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.
1977ല്‍ മഞ്ചേരിയില്‍നിന്നു വേര്‍പിരിഞ്ഞ് വണ്ടൂര്‍ സ്വതന്ത്ര മണ്ഡലമായ കാലം മുതല്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. 2016ല്‍ മലപ്പുറം ജില്ലയില്‍ മത്സരിച്ച 4 സീറ്റില്‍ മൂന്നിലും കോണ്‍ഗ്രസ് തോറ്റപ്പോഴും 23,864 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി വണ്ടൂര്‍ അനില്‍കുമാറിനെ ചേര്‍ത്തുപിടിച്ചു. സിപിഎമ്മിന്റെ നിഷാന്ത് മോഹന്‍ 58,100 വോട്ടാണ് നേടിയത്. ബിജെപിയുടെ സുനിത മോഹന് ലഭിച്ചത് 9,471 വോട്ടുകള്‍.
തുടക്കം മുതല്‍ സംവരണ മണ്ഡലമായ വണ്ടൂരില്‍ 77ല്‍ വി.ഈച്ചരനും 80ല്‍ ഡോ. എം.എ.കുട്ടപ്പനും വിജയിച്ച സീറ്റ് 82 മുതല്‍ 91 വരെ യുഡിഎഫിനു വേണ്ടി പന്തളം സുധാകരന്‍ നിലനിര്‍ത്തി. എന്നാല്‍, 1996ല്‍ നാട്ടുകാരനായ എന്‍.കണ്ണനിലൂടെ 4,201 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വണ്ടൂരില്‍ വിജയം നേടി. 2001ല്‍ എ.പി.അനില്‍കുമാര്‍ 28,225 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തില്‍ കണ്ണനെ പരാജയപ്പെടുത്തിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. പിന്നീടിങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായിരുന്നു വണ്ടൂര്‍.
English Summary: Wandoor Election Results