അടൂരിൽ സിപിഐ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ചിറ്റയം ഗോപകുമാറിന് ഹാട്രിക് വിജയം. കോൺഗ്രസ് സ്ഥാനാർഥി എം.ജി. കണ്ണനെ 2919 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്. ചിറ്റയത്തിന് 66,569 വോട്ടും എം.ജി. കണ്ണന് 63,650 വോട്ടും ലഭിച്ചു.
മണ്ഡലത്തിൽ മൂന്നാംവട്ടം മൽസരിക്കാനിറങ്ങിയ ചിറ്റയത്തിന് പാർട്ടി വോട്ടുകൾക്കപ്പുറം വ്യക്തിബന്ധങ്ങളും ജനക്ഷേമ നടപടികളും തുണയാവുമെന്നായിരുന്നു പ്രതീക്ഷ. 1991 മുതൽ 2006 വരെ അടൂരിൽ തുടർച്ചയായി ജയിച്ച കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണനു ശേഷം 2011 ൽ മൽസരിക്കാനിറങ്ങിയ പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണ് ചിറ്റയം അടൂർ പിടിച്ചെടുത്തത്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനെയാണ്. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ പന്തളം പ്രതാപനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. പന്തളം സുധാകരന്റെ സഹോദരനാണ് പ്രതാപൻ.

ചിറ്റയം വികസന നേട്ടങ്ങളും ഇടതു സർക്കാരിന്റെ ജനക്ഷേമ നടപടികളും പ്രളയ, കോവിഡ് ദുരിതാശ്വാസ നടപടികളുമടക്കം പറഞ്ഞ് വോട്ടു ചോദിച്ചപ്പോൾ ഇടുത സർക്കാരിന്റെ കാലത്തെ അഴിമതിയാരോപണങ്ങളും വിവാദങ്ങളും എടുത്തുപറഞ്ഞ്, മാറ്റത്തിനായി വോട്ടു ചെയ്യണമെന്നായിരുന്നു യുഡിഎഫിന്റെ അഭ്യർഥന. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ചതിലൂടെ സംസ്ഥാനശ്രദ്ധയിലെത്തിയ പന്തളം നഗരസഭ ഉൾപ്പെടുന്ന അടൂർ മണ്ഡലത്തിൽ ശബരിമലയും വിശ്വാസസംരക്ഷണവും തന്നെയായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണവിഷയം.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,08,432
∙പോൾ ചെയ്ത വോട്ട് : 1,55,018
∙പോളിങ് ശതമാനം : 74.37
∙ഭൂരിപക്ഷം: 25,460
∙ചിറ്റയം ഗോപകുമാർ (സിപിഐ): 76,034
∙കെ.കെ.ഷാജു (കോൺഗ്രസ്): 50,574
∙പി.സുധീർ (ബിജെപി): 25,940
∙ജ്യോതിഷ് പെരുമ്പുളിക്കൽ (എസ്ഡിപിഐ): 673
∙പ്ലാവിനാൽ സന്തോഷ് (ബിഎസ്പി): 410
∙പി.അജിത (സ്വത): 408
∙ടി.വിഷ്ണുരാജ് (പിഡിപി): 307
∙നോട്ട: 672
English Summary: Adoor Constituency Election Results