തുടർച്ചയായ രണ്ടാം വിജയത്തിലൂടെ വീണാ ജോർജും സിപിഎമ്മും ആറന്മുള നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.ശിവദാസൻ നായർക്കെതിരെ 19,003 വോട്ടിന്റെ ഭൂരിപക്ഷമാണ് വീണ നേടിയത്. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ 2016ൽ 7,646 വോട്ടിന് വീണ ശിവദാസൻ നായരെ തോൽപിച്ചിരുന്നു. വീണയ്ക്ക് 74,950 വോട്ടും കെ. ശിവദാസന്‍ നായര്‍ 55,947 വോട്ടും എന്‍ഡിഎയുടെ ബിജു മാത്യു 29,099 വോട്ടും നേടി.
2016 ൽ ശക്തമായ ത്രികോണ മൽസരം നടന്ന ആറന്മുളയിൽ, പുതുമുഖമായിരുന്ന വീണ ജോർജ് ജയിച്ചുകയറുകയായിരുന്നു. സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിലുണ്ടായിരുന്ന പടലപിണക്കവും ആറന്മുള വിമാനത്താവള വിഷയത്തിലെ നിലപാടും അന്ന് വോട്ടിങ്ങിൽ പ്രതിഫലിച്ചെന്നായിരുന്നു വിലയിരുത്തൽ. ഇത്തവണയും ശക്തമായ മൽസരമായിരുന്നു ആറന്മുളയിൽ.

മണ്ഡലത്തിലെ വീണയുടെ സജീവ സാന്നിധ്യവും നടപ്പാക്കിയ വികസന പദ്ധതികളും ഇത്തവണ തുണയ്ക്കുമെന്നു കണക്കു കൂട്ടിയ എൽഡിഎഫ് അതു മുന്നിൽവച്ചാണ് പ്രചാരണം നടത്തിയത്. യുഡിഎഫാകട്ടെ, ജയിച്ചെത്തിയാൽ നടപ്പാക്കുന്ന പദ്ധതികളുടെ പട്ടികയും സർക്കാരിനെതിരെയുയർന്ന ആരോപണങ്ങളും അടക്കം പ്രചാരണ വിഷയമാക്കി. ബിജു മാത്യുവിനെ സ്ഥാനാർഥിയാക്കിയ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ശബരിമല തന്നെയായിരുന്നു.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,27,943
∙പോൾ ചെയ്ത വോട്ട് : 1,61,432
∙പോളിങ് ശതമാനം : 70.82
∙ഭൂരിപക്ഷം: 7,646
∙വീണാ ജോർജ് (സിപിഎം): 64,523
∙കെ.ശിവദാസൻ നായർ (കോൺഗ്രസ്): 56,877
∙എം.ടി.രമേശ് (ബിജെപി): 37,906
∙ടി.അമൃതകുമാർ (ബിഎസ്പി): 548
∙ശ്രീകാന്ത് എം.വള്ളാക്കോട് (എസ്പി): 252
∙ചന്ദ്രൻ (സ്വത): 249
∙കെ.ജി.അനിൽകുമാർ (എസ്‍യുസിഐ): 217
∙ഹബീബ് റഹ്മാൻ (പിഡിപി): 187
∙ഷാജി മെഴുവേലി (സ്വത): 104
∙നോട്ട: 569
English Summary: Aranmulaa Constituency Election Results