കേരളമാകെ ശ്രദ്ധിച്ച മൽസരത്തിൽ എൽഡിഎഫ് സ്ഥാനാർഥി സിറ്റിങ് എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ 85,08 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. ജനീഷിന് 62,318 വോട്ടും യുഡിഎഫിന്റെ റോബിന്‍ പീറ്റര്‍ 53810 വോട്ടും നേടി. ബിജെപിയുടെ കെ. സുരേന്ദ്രന്‍ 32,811 വോട്ടുമായി മൂന്നാമതാണ് എത്തിയത്.
സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയ മൽസരം നടന്ന മണ്ഡലങ്ങളിലൊന്നായ കോന്നിയിൽ കടുത്ത ത്രികോണ മൽസരമാണ് പ്രവചിക്കപ്പെട്ടത്. സിറ്റിങ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെത്തന്നെ സിപിഎം കളത്തിലിറക്കിയപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട റോബിൻ പീറ്ററായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മൽസരിക്കാനെത്തിയതോടെ കോന്നി താരമണ്ഡലമായി. മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മൽസരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം രണ്ടു മുന്നണികളെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.
ഇടത്, വലത് മുന്നണികളെ മാറിമാറി ജയിപ്പിച്ചിരുന്ന കോന്നി 1996 മുതൽ അഞ്ചുവട്ടം അടൂർ പ്രകാശിനു തുടർച്ചയായി വിജയം നൽകി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്നു ജയിച്ചപ്പോൾ അടൂർ പ്രകാശ് രാജിവച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ കോന്നി കോൺഗ്രസിനെ കൈവിട്ടു സിപിഎം സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിനെ വിജയിപ്പിച്ചു.
ഒന്നര വർഷം മണ്ഡലത്തിൽ നടത്തിയ വികസനങ്ങളുടെ പട്ടികയുമായാണ് ജനീഷ് വീണ്ടും ജനവിധി തേടിയത്. പക്ഷേ അവയെല്ലാം അടൂർ പ്രകാശിന്റെ കാലത്തു തുടങ്ങി വച്ചവയാണെന്നും എൽഡിഎഫ് ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തതെന്നും തിരിച്ചടിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. വനാതിർത്തിയിലെ ജനവാസ മേഖലകൾ ഏറെയുള്ള മണ്ഡലത്തിൽ വന്യമൃഗശല്യവും കർഷകരുടെ പ്രശ്നങ്ങളും ക്വാറി, മണൽ മാഫിയകളുമൊക്കെ വിഷയങ്ങളാണ്. സ്വർണക്കടത്തും പിൻവാതിൽ നിയമനവുമടക്കമുള്ളവ പ്രചാരണായുധമായി യുഡിഎഫ് ഉപയോഗിച്ചെങ്കിലും മണ്ഡലത്തിൽ കത്തിനിന്നത് ശബരിമലയാണ്. കെ. സുരേന്ദ്രനെത്തിയതോടെ ബിജെപി അരയുംതലയും മുറുക്കി രംഗത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിച്ച ബിജെപി വിജയം മാത്രമാണ് ലക്ഷ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

2016 ലെ ഫലം
∙ആകെ വോട്ടർമാർ: 1,96,309
∙പോൾ ചെയ്ത വോട്ട് : 1,43,283
∙പോളിങ് ശതമാനം : 72.99
∙ഭൂരിപക്ഷം: 20,748
∙അടൂർ പ്രകാശ് (കോൺഗ്രസ്): 72,800
∙ആർ.സനൽകുമാർ (സിപിഎം): 52,052
∙ഡി.അശോക് കുമാർ (ബിജെപി): 16,713
∙റിയാഷ് (എസ്ഡിപിഐ): 401
∙ജോഷി ജോസഫ് (വെൽഫെയർ പാർട്ടി): 365
∙വി.സുരേഷ് (സ്വത): 249
∙ബിജു ഇളമണ്ണൂർ (സ്വത): 133
∙എസ്.വിഷ്ണു (ശിവസേന): 96
∙നോട്ട: 474
English Summary: Konni Constituency Election Results