ചരിത്രം തിരുത്താൻ റിങ്കുവിനും റാന്നിക്കാരൻ എന്ന വികാരത്തിനും ആയില്ല, റാന്നി വീണ്ടും ഇടത്തേക്കു തന്നെ. 1996 ൽ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്ത് സിപിഎമ്മിന്റെ രാജു ഏബ്രഹാം കാൽനൂറ്റാണ്ടു നിലനിർത്തിയ മണ്ഡലം കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പ്രമോദ് നാരായണനിലൂടെ വീണ്ടും ഇടതുമുന്നണിക്കൊപ്പം. കോൺഗ്രസിന്റെ റിങ്കു ചെറിയാനെ 1457 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രമോദ് തോൽപ്പിച്ചത്.
1987 ൽ കേരള കോണ്‍ഗ്രസിന്റെ തന്നെ ഈപ്പൻ വർഗീസിനു ശേഷം ‘റാന്നിക്കാരൻ’ അല്ലാത്ത മറ്റൊരാൾ ഇവിടെ വിജയിക്കുന്നത് ആദ്യമാണ്. റാന്നിക്കാരനായ രാജു ഏബ്രഹാം ഇവിടെ അജയ്യനായി നിന്നതിലും ഇപ്പോൾ റിങ്കുവിനെ വിജയിപ്പിച്ചതിലും പ്രാദേശികവികാരം വോട്ടായിട്ടുണ്ട്. ‘പുറത്തുനിന്നു വന്ന’ പീലിപ്പോസ് തോമസിനെ നിഷ്കരുണം തോൽപ്പിച്ചതും പിന്നീട് റാന്നി സ്വദേശിയായ ബിജിലി പനവേലി മത്സരിച്ചപ്പോൾ മണ്ഡലം കടുത്ത പോരാട്ടത്തിലേക്ക് ഉണർന്നതും ഇതേ പ്രാദേശിക വികാരത്തിലാണ്. രണ്ടു തവണ മത്സരിച്ച് ജയിച്ചവർ ഇത്തവണ മത്സരരംഗത്തു വേണ്ടെന്ന സിപിഎമ്മിന്റെ തീരുമാനം വന്നതോടെ, അഞ്ചു തവണ എംഎൽഎയായ രാജു ഏബ്രഹാമിനെ മാറ്റി കേരള കോൺഗ്രസിന് മണ്ഡലം വിട്ടു നൽകിയതിലുണ്ടായ അസ്വാരസ്യങ്ങൾ ഇടതുമുന്നണിയിക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ഫലം വന്നപ്പോൾ അതെല്ലാം മാറിമറിഞ്ഞു.
ജോസ് കെ.മാണിയുടെ വിശ്വസ്തനായ പ്രമോദ്, ജോസിന്റെ കേരള യാത്രയുടെ വേദികളിലെ തീപ്പൊരി പ്രസംഗകനായിരുന്നു. എസ്എഫ്ഐയിൽനിന്നു കോൺഗ്രസിലെത്തി കേരള കോൺഗ്രസിലേക്കു ചേക്കേറിയ ചരിത്രമാണ് പ്രമോദ് നാരായണന്. മാവേലിക്കര ബിഷപ് മൂർ കോളജിലെ ആദ്യ എസ്എഫ്ഐ ചെയർമാനാണ്. 22 ാം വയസ്സിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീടാണ് കോൺഗ്രസിലേക്കും കേരള കോൺഗ്രസിലേക്കും ചേക്കേറിയത്.
റാന്നി മണ്ഡലചരിത്രം
റാന്നി എന്ന പേരിൽ ഒരു നിയോജകമണ്ഡലമുണ്ടാകുന്നത് 1951 ൽ. കേരള സംസ്ഥാനം ഔദ്യോഗികമായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വയലാ ഇടിക്കുളയ്ക്കായിരുന്നു ഇവിടെ ജയം. 1960 ലും 1975 ലും ഇടിക്കുള സീറ്റ് നിലനിർത്തി. 1967 ൽ സിപിഐയിലെ എം.കെ.ദിവാകരൻ വിജയിച്ചു. 1970 ൽ സിപിഎം സ്വതന്ത്രൻ ജേക്കബ് സ്കറിയ ആയിരുന്നു വിജയി. 1977 ൽ കെ.എ. മാത്യുവിലൂടെയാണ് ആദ്യമായി കേരള കോൺഗ്രസ് ജയിക്കുന്നത്, 1980 ൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായി എം.സി.ചെറിയാൻ ജയിച്ചു.
1982 ലും1986 ലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധികളായി സണ്ണി പനവേലിയും റേച്ചൽ സണ്ണി പനവേലിയും എംഎൽഎമാരായി. 1987ൽ ഇൗപ്പൻ വർഗീസിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1991 ൽ എം.സി.ചെറിയാനിലൂടെ റാന്നി വീണ്ടും കോൺഗ്രസിന്റെ പക്കലെത്തി. പിന്നീട് 1996 മുതൽ രാജു ഏബ്രഹാമിലൂടെ ഇടതുമുന്നണിക്കായി വിജയം. 87 ലും 91 ലും യുഡിഎഫ് തുടർച്ചയായി ജയിച്ച മണ്ഡലത്തിൽനിന്ന് മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജു ഏബ്രഹാം ആദ്യമായി റാന്നിയുടെ എംഎൽഎയാകുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2011 ൽ 6614 വോട്ടിന്റെയും 2016 ൽ 14,596 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് രാജു ഏബ്രഹാം വിജയിച്ചത്.
വോട്ടായത്....
മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന ചരിത്രമുള്ള പത്തനംതിട്ട ജില്ലയിൽ കാൽനൂറ്റാണ്ടായി ഇടതിന് മാത്രം സ്ഥാനം നൽകിയ മണ്ഡലമാണ് റാന്നി. ആ പാരമ്പര്യം ഇത്തവണയും തുടർന്നു. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങൾ പ്രചാരണത്തിൽ മറികടന്നതും സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ പിടിക്കാനായതും പ്രമോദിന് ഗുണമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജു ഏബ്രഹാമിന്റെ സ്ഥിരം സാന്നിധ്യവും സഹായിച്ചു.
English Summary: Kerala Assembly Elections- Ranni Result