തിരുവനന്തപുരം∙ അരുവിക്കരയിൽ സിപിഎം സ്ഥാനാർഥി ജി.സ്റ്റീഫന് അട്ടിമറി വിജയം. 5046 വോട്ടുകൾക്കാണ് സിറ്റിങ് എംഎൽഎ ശബരീനാഥനെ പരാജയപ്പെടുത്തിയത്. നാടാർ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള സിപിഎം പദ്ധതി വിജയിച്ചു. 1992 മുതൽ ജി.കാർത്തികേയൻ മത്സരിച്ചു വിജയിച്ചിരുന്ന മണ്ഡലമായ ആര്യനാടാണ് 2011ൽ അരുവിക്കരയായത്. 2015 ൽ കാർത്തികേയന്റെ നിര്യാണത്തെത്തുടർന്നാണ് ശബരീനാഥൻ മത്സരിച്ചതും വിജയിച്ചതും. 2016 ൽ ശബരി വിജയം ആവർത്തിച്ചെങ്കിലും ഇത്തവണ മൂന്നാം അങ്കത്തിൽ കാലിടറി.
മണ്ഡലത്തിലെ കോൺഗ്രസ് കോട്ടകളിൽ പലയിടത്തും വോട്ടുകൾ ചോർന്നു. ന്യൂനപക്ഷ വോട്ടുകളും എൽഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചു. ബിജെപി സ്ഥാനാർഥി സി.ശിവൻകുട്ടിക്കു നേട്ടമുണ്ടാക്കാനായില്ല. 2015 ലെ ഉപതിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ 34145 വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജസേനൻ 20294 വോട്ടുമാണ് ബിജെപിക്കായി നേടിയത്. ഇത്തവണ വോട്ട് 15379 ആയി.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കാട്ടാക്കട ഏരിയ സെക്രട്ടറിയായിരുന്ന ജി.സ്റ്റീഫൻ സ്ഥാനാർഥിയായത്. സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന കമ്മിറ്റി ഇടപെടൽ ഉണ്ടാകുകയും, വി.കെ.മധു ഒഴിവാകുകയും ചെയ്തതോടെ ആദ്യഘട്ടത്തിൽ പാർട്ടിയിൽ പ്രതിഷേധമുണ്ടായെങ്കിലും അതെല്ലാം മറികടന്ന് വിജയം നേടാനായത് നേട്ടമായി. നാടാർ വിഭാഗത്തിൽനിന്നുള്ള വോട്ടുകൾ സമാഹരിക്കാനായതും നായർ വോട്ടുകൾ ചോരാതെ നോക്കാനായതും വിജയത്തിൽ നിർണായകമായി. സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം ഫലം ചെയ്തു. പ്രാദേശിക ലീഗ് നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തി മുതലെടുക്കാനായതോടെ മുസ്‌ലിം വോട്ടുകളും സമാഹരിക്കാനായി. ഇത്രയും വർഷം കോൺഗ്രസ് ഭരിച്ചിട്ടും വികസനം എത്തിയില്ലെന്ന പ്രചാരണം ജനം മുഖവിലയ്ക്കെടുത്തു.
സ്ഥാനാർഥി പ്രഖ്യാപന സമയത്തുതന്നെ യുഡിഎഫിൽ അതൃപ്തി പുകയുന്നുണ്ടായിരുന്നു. ശബരീനാഥൻ വീണ്ടും സ്ഥാനാർഥിയായതോടെ മറ്റു സ്ഥാനാർഥിമോഹികൾ അതൃപ്തരായിരുന്നു. ശബരീനാഥന്റെ പ്രവർത്തനങ്ങളിൽ ലീഗിലും അതൃപ്തിയുണ്ടായിരുന്നു. ഉറച്ച നായർ വോട്ടുകളും മറിഞ്ഞതോടെ മണ്ഡലം കോൺഗ്രസിനു കൈവിട്ടു.
അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ വെള്ളനാട് ഒഴികെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫ്. വോട്ട് വിഹിതത്തില്‍ മുന്നിൽ നായർ വിഭാഗവും രണ്ടാം സ്ഥാനത്ത് മുസ്‌ലിം വിഭാഗവും മൂന്നാമത് ദലിത് ക്രിസ്ത്യൻ വിഭാഗങ്ങളുമാണ്. ആദിവാസി വിഭാഗക്കാർ ഏറെയുള്ള മണ്ഡലം കൂടിയാണ് അരുവിക്കര.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന് മണ്ഡലത്തിൽ 8549 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ഭൂരിപക്ഷം കൂടുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിലെത്തി. വോട്ടുനില ഇങ്ങനെ: എൽഡിഎഫ്– 57997, യുഡിഎഫ്– 51634, ബിജെപി– 29476.
ഫലം
∙ ജി. സ്റ്റീഫൻ (സിപിഎം) – 66776
∙ കെ.എസ്. ശബരീനാഥൻ (കോൺഗ്രസ്) – 61730
∙ സി. ശിവൻകുട്ടി (ബിജെപി) – 15379
∙ ഭൂരിപക്ഷം– 5046
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,89,505
∙പോൾ ചെയ്ത വോട്ട് : 1,43,761
∙പോളിങ് ശതമാനം :75.86
∙ഭൂരിപക്ഷം: 21314
∙കെ.എസ്.ശബരീനാഥൻ (കോൺ): 70,910
∙എ.എ.റഷീദ് (സിപിഎം): 49,596
∙രാജസേനൻ (ബിജെപി): 20,294
∙എം.എ.ജലീൽ (എസ്ഡിപിഐ): 707
∙ഇ.ചിത്രലേഖ (ബിഎസ്പി):673
∙നോട്ട: 640
∙ജി.ശബരിനാഥ് (സ്വത): 331
∙ചേരപ്പള്ളി വിശ്വനാഥൻ (സ്വത):188
∙റഷീദ് (സ്വത):158
∙എ.പി.കക്കാട് (സ്വത):134
∙ബി.അജിത (സ്വത):130
English Summary: Aruvikkara Constituency Election Results