തിരുവനന്തപുരം ∙ ആറ്റിങ്ങലിൽ സിപിഎമ്മിനു ഭരണത്തുടർച്ച സമ്മാനിച്ച് ഒ.എസ്.അംബികയ്ക്കു വിജയം. ബിജെപി സ്ഥാനാർഥി പി.സുധീറിനെയാണ് 31636 വോട്ടുകൾക്കു പരാജയപ്പെടുത്തിയത്. ആർഎസ്പി സ്ഥാനാർഥി എ.ശ്രീധരൻ മൂന്നാമതായി.
അംബിക രണ്ടു തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 40383 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച ബി.സത്യന് രണ്ടു ടേം വ്യവസ്ഥയുടെ പേരിൽ മാറേണ്ടി വന്നപ്പോഴാണ് പാർട്ടി അംബികയെ നിയോഗിച്ചത്. പ്രചാരണത്തിന്റെ നേതൃത്വം പാർട്ടി എൽപിച്ചത് സത്യനെ. യുഡിഎഫ് ജില്ലയിൽ ആർഎസ്പിക്കു നല്കിയ ഒരേയൊരു സീറ്റായിരുന്നു ആറ്റിങ്ങൽ. പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണവും സമുദായികഘടകങ്ങളും അനുകൂലമാകുമെന്ന ആത്മവിശ്വാസം തകർക്കുന്നതായി ഫലം.
ആറ്റിങ്ങൽ നഗരസഭ, മണമ്പൂർ, നഗരൂർ, ഒറ്റൂർ, പഴയകുന്നുമ്മേൽ പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു. വക്കം, കിളിമാനൂർ, ചെറുന്നിയൂർ, പുളിമാത്ത് പഞ്ചായത്തുകൾ യുഡിഎഫും കരവാരം പഞ്ചായത്ത് എന്ഡിഎയും ഭരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർപ്രകാശിന് 1555 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.
2011 ൽ ബി.സത്യൻ 30065 വോട്ടുകൾക്കാണ് കോൺഗ്രസിലെ തങ്കമണി ദിവാകരനെ തോൽപിച്ചത്. 2006 ൽ ആനത്തലവട്ടം ആനന്ദൻ 11208 വോട്ടിനു കോൺഗ്രസിലെ സി.മോഹനചന്ദ്രനെ പരാജയപ്പെടുത്തി. 2001 ൽ വക്കം പുരുഷോത്തമൻ കടകംപള്ളി സുരേന്ദ്രനെ 10816 വോട്ടിനു തോൽപിച്ചു. 1996 ൽ ആനത്തലവട്ടം വക്കം പുരുഷോത്തമനെ 1016 വോട്ടിനു പരാജയപ്പെടുത്തി. 1991 ൽ കോൺഗ്രസിലെ ശരത് ചന്ദ്രപ്രസാദ് ആനത്തലവട്ടത്തെ 437 വോട്ടിനു തോൽപിച്ചു. 1987 ൽ ആനത്തലവട്ടം ആനന്ദൻ കാവിയാട് ദിവാകരപണിക്കരെ 8885 വോട്ടിനു തോൽപിച്ചു. 1982 ൽ വക്കം പുരുഷോത്തമൻ കോൺഗ്രസ് എസിലെ വിജയദാസിനെ 7359 വോട്ടിനു പരാജയപ്പെടുത്തി. 1970 മുതൽ 1985 വരെ വക്കം പുരുഷോത്തമനായിരുന്നു ആറ്റിങ്ങലിന്റെ ജനപ്രതിനിധി.
ഫലം
∙ ആകെ വോട്ട്: 202123
∙ പോൾ ചെയ്തത്: 147626
∙ ഒ.എസ്.അംബിക (സിപിഎം): 69898
∙ പി.സുധീർ (ബിജെപി): 38262
∙ എ.ശ്രീധരൻ (ആർഎസ്പി) : 36938
∙ ഭൂരിപക്ഷം: 32636
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,98,678
∙പോൾ ചെയ്ത വോട്ട് : 1,38,137
∙പോളിങ് ശതമാനം :69.53
∙ഭൂരിപക്ഷം:
∙ബി.സത്യൻ (സിപിഎം): 72,808
∙കെ.ചന്ദ്രബാബു (ആർഎസ്പി): 32,425
∙രാജിപ്രസാദ് (ബിജെപി): 27,602
∙എം.കെ.മനോജ് കുമാർ (എസ്ഡിപിഐ): 1437
∙നോട്ട: 1267
∙കെ.ശിവാനന്ദൻ (ബിഎസ്പി): 789
∙ആർ.രാജേഷ് (സ്വത): 639
∙ബി.ജയന്തകുമാർ (ശിവസേന): 597
∙സി.ആർ.തുളസി (സ്വത): 411
∙പ്രതീഷ്കുമാർ (സ്വത): 162
English Summary: Attingal Constituency Election Result