തിരുവനന്തപുരം ∙ കാട്ടാക്കടയിൽ എൽഡിഎഫിന് വിജയം. 23231 വോട്ടുകൾക്കാണ് സിറ്റിങ് എംഎൽഎ ഐ.ബി.സതീഷ് കോൺഗ്രസ് സ്ഥാനാർഥി മലയിന്‍കീഴ് വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായി.
എംഎൽഎയുടെ ജനകീയതയാണ് വിജയത്തിലേക്കു നയിച്ച പ്രധാന ഘടകം. കോൺഗ്രസിലെ പടലപിണക്കങ്ങൾ എൽഡിഎഫിനെ സഹായിച്ചു. കോൺഗ്രസിൽ എൻ. ശക്തനു സീറ്റ് ലഭിക്കാതെ വന്നതോടെ പ്രാദേശിക നേതൃത്വം അതൃപ്തിയിലായിരുന്നു. പ്രചാരണം ഇതോടെ ദുർബലമായി. കഴിഞ്ഞ തവണ ശക്തനെ തോൽപിക്കാൻ പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നതോടെ വേണുഗോപാലിനു പ്രദേശിക നേതാക്കൾക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല.
849 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ശക്തൻ പരാജയപ്പെട്ടത്. ശക്തന്‍ മത്സരരംഗത്തില്ലാതായതോടെ നാടാർ വോട്ടുകളും ഭിന്നിച്ചു. ഇതിൽ നല്ല പങ്കും ലഭിച്ചത് ഇടതു മുന്നണിയുടെ വിജയം ഉറപ്പിച്ചു. വികസന നേട്ടങ്ങളും ഐ.ബി.സതീഷിനു തുണയായി. ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനവും ടൂറിസം പദ്ധതികളും ജലക്ഷാമം പരിഹരിക്കാൻ നടപ്പിലാക്കിയ പദ്ധതികളുമെല്ലാം വിജയത്തെ സ്വാധീനിച്ചു.
2011 ലാണ് കാട്ടാക്കട മണ്ഡലം രൂപം കൊള്ളുന്നത്. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ വിളപ്പിലും വിളവൂർക്കലും ഒഴികെയുള്ള പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ ഐ.ബി.സതീഷിന് 51614 വോട്ടും എൻ. ശക്തന് 50765 വോട്ടും പി.കെ.കൃഷ്ണദാസിന് 38700 വോട്ടുമാണ് ലഭിച്ചത്.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ഡലമാണ് കാട്ടാക്കട. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 51962 വോട്ടും എൽഡിഎഫിന് 45822 വോട്ടും ശോഭാ സുരേന്ദ്രന് 40692 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫിന് 6140 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. മണ്ഡലം രൂപീകൃതമായ 2011 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ.ശക്തൻ 12916 വോട്ടുകൾക്കു വിജയിച്ചു. 2016ൽ ഐ.ബി.സതീഷ് 849 വോട്ടിനു വിജയിച്ചു.
ഫലം
∙ ഐ.ബി.സതീഷ് (സിപിഎം): 66293
∙ മലയിൻകീഴ് വേണുഗോപാൽ (കോൺ): 43062
∙പി.കെ.കൃഷ്ണദാസ് (ബിജെപി): 34642
∙ ഭൂരിപക്ഷം: 23231
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,87,392
∙പോൾ ചെയ്ത വോട്ട് : 1,43,634
∙പോളിങ് ശതമാനം : 76.65
∙ഭൂരിപക്ഷം: 849
∙ഐ.ബി.സതീഷ് (സിപിഎം):51,614
∙ എൻ.ശക്തൻ (കോൺ):50,765
∙പി.കെ.കൃഷ്ണദാസ് (ബിജെപി): 38700
∙നോട്ട: 732
∙എസ്.ആർ.ബിജു (ബിഎസ്പി): 709
∙അഷറഫ് (എസ്ഡിപിഐ): 627
∙എസ്.മിനി (എസ്യുസിഐ):295
∙കെ.ശശികുമാർ (സ്വത):192
English Summary: Kattakkada Constituency Election Results