തിരുവനന്തപുരം ∙ കോവളം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എം.വിൻസെന്റിന് വിജയം. 11562 വോട്ടുകൾക്കാണ് വിൻസെൻറ് എൽഡിഎഫിലെ നീലലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തിയത്. എൻഡിഎയ്ക്കായി മത്സരിച്ച കാമരാജ് കോൺഗ്രസിന്റെ വിഷ്ണുപുരം ചന്ദ്രശേഖരൻ മൂന്നാമതായി.
സിറ്റിങ് എംഎൽഎയുടെ ജനകീയതയാണ് കോൺഗ്രസിന് അനുകൂലമായത്. ആഴക്കടൽ മത്സ്യബന്ധന വിവാദമടക്കം വോട്ടായി മാറിയെന്നാണ് ഫലം തെളിയിക്കുന്നത്. ലത്തീൻ വോട്ടുകളിൽ ഭൂരിഭാഗവും കോണ്‍ഗ്രസിനു ലഭിച്ചു. പ്രചാരണ ഘട്ടത്തിൽ കോൺഗ്രസിൽ കാര്യമായ സംഘടനാ പ്രശ്നങ്ങളില്ലായിരുന്നതും ഗുണകരമായി. ബിജെപി സ്ഥാനാർഥി നാടാർ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും അത് ഗുണകരമാകുമെന്നുമുള്ള കണക്കുകൂട്ടൽ ഫലിച്ചു. നീലലോഹിത ദാസൻ നാടാർക്കു പഴയ പ്രതാപം നിലനിർത്താനായില്ല. നാടാർ സമുദായത്തിന്‍റെ വോട്ടുകൾ വലിയ രീതിയിൽ സമാഹരിക്കാനാകാത്തത് പരാജയത്തിലേക്കു നയിച്ചു.
മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ വെങ്ങാനൂർ, ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, കോട്ടുകാൽ, പൂവാർ, വിഴിഞ്ഞം പഞ്ചായത്തുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. 5 കോർപറേഷൻ വാർഡുകളിൽ 2 എണ്ണം എൽഡിഎഫിന്റെ പക്കലും ഒരെണ്ണം യുഡിഎഫിനുമാണ്. 2 എണ്ണം സ്വതന്ത്രർ ഭരിക്കുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വിൻസെൻറ് 2615 വോട്ടുകൾക്കാണ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 31,171 ആയി ശശി തരൂർ ഉയർത്തി.
1967 മുതൽ 1977 വരെ മൂന്നു ടേമിൽ സ്വതന്ത്രർ തുടർച്ചയായി ജയിച്ച മണ്ഡലമാണ് കോവളം–. ഗമാലിയാസ് മൊറെയ്സ്, എം.കുഞ്ഞുകൃഷ്ണൻ നാടാർ, എ.നീലലോഹിതദാസൻ നാടാർ. 2011ൽ ജമീല പ്രകാശം 7205 വോട്ടിനു കോൺഗ്രസിലെ ജോർജ് മെഴ്സിയറെ പരാജയപ്പെടുത്തി. 2006 ൽ ജോർജ് മെഴ്സിയർ 10825 വോട്ടിനു നീലലോഹിതദാസൻ നാടാരെ തോൽപിച്ചു. 2001 ൽ നീലൻ കോണ്‍ഗ്രസിലെ അൽഫോൺസ ജോണിനെ 2045 വോട്ടിനു പരാജയപ്പെടുത്തി. 1996 ൽ നീലൻ മെഴ്സിയറെ 21941 വോട്ടിനു പരാജയപ്പെടുത്തി. 1991 ൽ കോൺഗ്രസിലെ ജോർജ് മസ്ക്രീൻ നീലനെ തോൽപിച്ചത് വെറും 23 വോട്ടിന്. 1987ൽ നീലൻ 21899 വോട്ടിനു ശക്തൻ നാടാരെ തോൽപിച്ചു. 1982 ൽ ശക്തൻ നാടാൻ 3375 വോട്ടിനു ജയിച്ചു. എതിർ സ്ഥാനാർഥി കോൺഗ്രസിലെ എം.ആർ.രഘുചന്ദ്രബാൽ. 1980ൽ രഘുചന്ദ്രബാൽ ജയിച്ചു.

ഫലം
ആകെ വോട്ട്: 2,18656
പോൾ ചെയ്തത്: 159100
എം.വിൻസന്റ് (കോൺഗ്രസ്): 74868
എ. നീലലോഹിതദാസൻ നാടാർ (ജനതാദൾ എസ്): 63306
വിഷ്ണുപുരം ചന്ദ്രശേഖരൻ (ബിജെപി):18664
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,07,410
∙പോൾ ചെയ്ത വോട്ട് : 1,53,966
∙പോളിങ് ശതമാനം : 74.23
∙എം.വിൻസന്റ് (കോൺ): 60,268
∙ജമീലാ പ്രകാശം (ജനതാദൾ എസ്): 57,653
∙ടി.എൻ.സുരേഷ് (ബിഡിജെഎസ്): 30,987
∙കെ.ആർ.അനീഷ് (ബിഎസ്പി): 996
∙എം.സി.ജയലാൽ (സ്വത): 933
∙നോട്ട: 845
∙പ്രമോദ്കുമാർ (സ്വത):564
∙ടി.സരസമ്മ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി): 558
∙എസ്.ഷാജി (അഖില കേരള തൃണമൂൽ പാർട്ടി): 400
∙എം.സുഗതൻ (സ്വത): 389
∙സിൽവസ്റ്റർ (സ്വത):373
English Summary: Kovalam Constituency Election Results