തിരുവനന്തപുരം ∙ കേരളമാകെ ചർച്ചയായ നേമം മണ്ഡലം ശക്തമായ പോരാട്ടത്തിനൊടുവിൽ തിരിച്ചു പിടിച്ച് സിപിഎം. 3,949 വോട്ടുകൾക്കാണ് വി.ശിവൻകുട്ടി ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തായി.
കഴിഞ്ഞ തവണ ഒ.രാജഗോപാലിനോട് പരാജയപ്പെട്ട ശിവൻകുട്ടിക്ക് ഇത് മധുര പ്രതികാരമായി. മണ്ഡലം തിരിച്ചു പിടിച്ചത് പാർട്ടിയിലും ശിവൻകുട്ടിയുടെ ഗ്രാഫ് ഉയർത്തും. ബിജെപിയുടെ മണ്ഡലത്തിൽ കെ.മുരളീധരൻ കൂടി മൽസരത്തിനെത്തിയതോടെ ഇടതു മുന്നണി പുലർത്തിയ ജാഗ്രത ഗുണം ചെയ്തെന്നാണ് ലഭിച്ച വോട്ടുകൾ വ്യക്തമാക്കുന്നത്. പാർട്ടി വോട്ടുകൾക്കൊപ്പം നിഷ്പക്ഷ വോട്ടുകളും സമാഹരിക്കാനായി. ബിജെപിയുടെ വരവു തടയാൻ സിപിഎമ്മിനു മാത്രമേ കഴിയൂ എന്നു ന്യൂനപക്ഷം ചിന്തിച്ചതും സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ ശിവൻകുട്ടിയുടെ വ്യക്തിബന്ധങ്ങളും സിപിഎമ്മിനെ വിജയത്തിലേക്കു നയിച്ചു.
കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും 9000 വോട്ടോളം അധികം നേടാൻ ശിവൻകുട്ടിക്കു കഴിഞ്ഞിരുന്നു. ഈ വിശ്വാസമാണ് ശിവൻകുട്ടിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ആ വിശ്വാസം സ്ഥാനാർഥി നിലനിർത്തി. കഴിഞ്ഞ തവണ പ്രാദേശിക നേതൃത്വത്തിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാനും പാർട്ടിക്കു കഴിഞ്ഞു.
ഒ. രാജഗോപാൽ ജയിച്ച മണ്ഡലം കൈവിട്ടത് ബിജെപിക്കു ക്ഷീണമായി. കുമ്മനം രാജശേഖരന്റെ പരാജയം പാർട്ടിയിൽ തർക്കങ്ങൾക്കു വഴിയൊരുക്കാം. ബിജെപി ശക്തികേന്ദ്രങ്ങളിൽ ചിലതിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. നേമത്തെ പ്രധാന പോരാട്ട മണ്ഡലമായി കണ്ട് സസ്പെൻസുകൾ സൃഷ്ടിച്ചശേഷം മുരളീധരനെ മത്സരത്തിനിറക്കുകയും പരാജയപ്പെടുകയും ചെയ്തതോടെ കോൺഗ്രസ് പാർട്ടിയിലും തർക്കങ്ങളുയരാം. സംഘടനാ സംവിധാനം അപ്പാടെ തകർത്തതിനു നേതൃത്വത്തെ കുറ്റപ്പെടുത്തുകയാണ് പ്രാദേശിക പ്രവർത്തകർ. അച്ഛൻ കെ.കരുണാകരൻ ജയിച്ചിട്ടുള്ള മണ്ഡലത്തിൽ സർവ ആയുധങ്ങളും പുറത്തെടുത്തിട്ടും ജയിക്കാനാകാത്തത് മുരളീധരനു വ്യക്തിപരമായ തിരിച്ചടികൂടിയായി.
1982 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥിരം മണ്ഡലമായ മാളയ്ക്കു പുറമേ കെ.കരുണാകരൻ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് നേമം. 1983 മുതൽ 2001വരെ സിപിഎം തുടർച്ചയായി വിജയിച്ച മണ്ഡലം. 1957ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി എ.സദാശിവനാണ് നേമത്തു വിജയിച്ചത്. 1960ൽ പിഎസ്പി സ്ഥാനാർഥി പി.വിശ്വംഭരൻ വിജയിച്ചു. 1965, 1967 തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ എം.സദാശിവനാണ് ജയിച്ചത്. 1970ൽ പിഎസ്പി സ്ഥാനാർഥി ജി.കുട്ടപ്പനായിരുന്നു വിജയം. 1977ൽ എസ്.വരദരാജൻ നായരിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചു. 1980ൽ ഇ.രമേശൻ നായരിലൂടെ മണ്ഡലം നിലനിർത്തി.
1982ൽ നേമത്തും മാളയിലും വിജയിച്ചതോടെ കരുണാകരൻ നേമം സീറ്റൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഎമ്മിലെ വി.ജെ.തങ്കപ്പൻ. തോറ്റത് കരുണാകരനുവേണ്ടി സീറ്റൊഴിഞ്ഞുകൊടുത്ത ഇ.രമേശൻ നായർ. 1987ലും 1991ലും സിപിഎമ്മിലെ വി.ജെ.തങ്കപ്പൻ വിജയിച്ചു. 1996ൽ വെങ്ങാനൂർ ഭാസ്കരനിലൂടെ മണ്ഡലം നിലനിർത്തി. 2001ലും 2006ലും വിജയിച്ചത് കോൺഗ്രസിലെ എൻ.ശക്തൻ. 2011ൽ വി.ശിവൻകുട്ടിയിലൂടെ സിപിഎം മണ്ഡലം പിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ ബിജെപിക്ക് അട്ടിമറി വിജയം.
മണ്ഡല പുനർനിർണയത്തിൽ പഴയ നേമം മണ്ഡലത്തിലെ 5 പഞ്ചായത്തുകള്‍ കാട്ടാക്കടയിലേക്കുപോയി. കോർപറേഷൻ വാർഡുകൾ നേമം മണ്ഡലത്തിലേക്കെത്തി. നഗരജനതയുടെ അഭിരുചികൾ പ്രവചനാതീതമായി.
കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന സീറ്റ് ഘടകക്ഷികളിലേക്കെത്തിയതും തിരിച്ചടിയായി. 2006ൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച എൻ.ശക്തനു ലഭിച്ചത് 60,886 വോട്ട്. സിപിഎം സ്ഥാനാര്‍ഥി വെങ്ങാനൂർ ഭാസ്കരന് 50135 വോട്ടും ബിജെപി സ്ഥാനാർഥി മലയിൻകീഴ് രാധാകൃഷ്ണന് 6705 വോട്ടും ലഭിച്ചു. 2011ൽ എൻ.ശക്തൻ കാട്ടാക്കടയിലേക്കു മാറിയപ്പോൾ പകരം സ്ഥാനാർഥിയായത് എസ്‌ജെഡിയിലെ ചാരുപാറ രവി. ലഭിച്ചത് 20,248 വോട്ട്. വിജയിച്ച വി.ശിവൻകുട്ടിക്ക് 50076 വോട്ടും ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിന് 43661 വോട്ടും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായത് ജെഡിയുവിലെ വി.സുരേന്ദ്രൻപിള്ള. ലഭിച്ചത് 13,869 വോട്ട് മാത്രം. ഒ.രാജഗോപാലിന് 67,813 വോട്ടും വി.ശിവൻകുട്ടിക്ക് 59,142 വോട്ടും ലഭിച്ചു.
ഫലം
ആകെ വോട്ട്: 2,03,319
പോൾ ചെയ്തത്: 1,46,017
വി.ശിവൻകുട്ടി (സിപിഎം): 55,837
കുമ്മനം രാജശേഖരൻ (ബിജെപി): 51,888
കെ.മുരളീധരൻ (കോൺ): 36,524
ഭൂരിപക്ഷം 3,949
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,92,459
∙പോൾ ചെയ്ത വോട്ട് : 1,42,882
∙പോളിങ് ശതമാനം : 74.24
∙ഒ.രാജഗോപാൽ (ബിജെപി): 67,813
∙വി.ശിവൻകുട്ടി (സിപിഎം): 59,142
∙വി.സുരേന്ദ്രൻ പിള്ള (ജെഡിയു): 13,860
∙നോട്ട: 884
∙എ.നൗഷാദ് (അഖില കേരള തൃണമൂൽ പാർട്ടി): 406
∙ബി.ഷംലജാ ബീവി (സ്വത): 330
∙ജെ.വിക്രമൻ പാച്ചല്ലൂർ (സ്വത): 170
∙ജെയിൻ വിൽസൺ (സ്വത): 163
∙എൻ.ശൈലേശ്വര ബാബു (സ്വത): 114
English Summary: Kerala Assembly Election- Nemom Results