തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ എൽഡിഎഫിന് വിജയം. 14262 വോട്ടുകൾക്കാണ് സിറ്റിങ് എംഎൽഎ കെ.ആൻസലൻ യുഡിഎഫ് സ്ഥാനാർഥി ആർ.ശെൽവരാജിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി രാജശേഖരൻനായർ 21009 വോട്ടു നേടി.
സർക്കാരിന്റെ ഭരണ നേട്ടങ്ങൾ സിറ്റിങ് എംഎൽഎയ്ക്കു തുണയായി. നാടാർ വിഭാഗത്തിലടക്കം കഴിഞ്ഞ തവണ ലഭിച്ച പിന്തുണ നിലനിർത്താനായി. നെയ്യാറ്റിൻകരയിൽ ശെൽവരാജ് നിന്നാലേ ജയിക്കൂ എന്ന വാദം കണക്കിലെടുത്താണ് അദ്ദേഹത്തിന് വീണ്ടും യുഡിഎഫ് അവസരം നൽകിയത്. എന്നാൽ, പരമ്പരാഗത വോട്ടുകൾ പൂർണമായി സമാഹരിക്കാൻ ശെൽവരാജിനായില്ല. ഇരു മുന്നണികളുടെയും വോട്ടുകൾ സമാഹരിച്ച ബിജെപി വോട്ടു വിഹിതം കൂട്ടി.
തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തിൽ എൽഡിഎഫിനാണ് മേൽക്കൈ. നെയ്യാറ്റിൻകര നഗരസഭയിൽ ഒരു സീറ്റ് വ്യത്യാസത്തിലാണ് എൽഡിഎഫ് ഭരണം. ചെങ്കൽ, കാരോട്, കുളത്തൂർ, പെരുങ്കടവിള പഞ്ചായത്തുകൾ എൽഡിഎഫിനും അതിയന്നൂർ പഞ്ചായത്ത് യുഡിഎഫിനുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ആകെ വോട്ടുകൾ കൂട്ടിയാൽ യുഡിഎഫിനാണ് മുൻതൂക്കം. ലോക്സഭയിൽ 5684 വോട്ടിന്റെ ലീഡ് യുഡിഎഫ് നേടി.
2011 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ശെൽവരാജ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. 2011 ൽ 6702 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശെൽവരാജ് കോൺഗ്രസിലെ തമ്പാനൂർ രവിയെ പരാജയപ്പെടുത്തിയത്. ശെൽവരാജ് രാജിവച്ച് കോൺഗ്രസിൽ ചേർന്നതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി എഫ്. ലോറൻസിനെ 6334 വോട്ടിനു പരാജയപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പിൽ കെ.ആൻസലൻ 9543 വോട്ടിനു ശെൽവരാജിനെ പരാജയപ്പെടുത്തി.
2011 ലെ തിരഞ്ഞെടുപ്പിൽ 6730 വോട്ട് ലഭിച്ച ബിജെപി ഉപതിരഞ്ഞെടുപ്പിൽ വോട്ട് 30507 ആയി ഉയർത്തി. ഒ. രാജഗോപാലാണ് ബിജെപിക്കുവേണ്ടി മത്സരിച്ചത്. 2016 ൽ 15531 വോട്ടുകളാണ് ബിജെപിക്കു ലഭിച്ചത്. ഇത്തവണ ലഭിച്ചത് 21009 വോട്ടുകൾ.

ഫലം
∙ കെ.ആൻസലൻ (സിപിഎം): 65497
∙ ആർ.സെൽവരാജ് (കോൺഗ്രസ്):51235
∙ ചെങ്കൽ എസ്. രാജശേഖരൻ നായർ (ബിജെപി): 21009
∙ ഭൂരിപക്ഷം: 14262
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,78,942
∙പോൾ ചെയ്ത വോട്ട് : 1,34,645
∙പോളിങ് ശതമാനം : 75.25
∙ ഭൂരിപക്ഷം: 9543
∙കെ.ആൻസലൻ (സിപിഎം): 63,559
∙ആർ.സെൽവരാജ് (കോൺഗ്രസ്): 54,016
∙പുഞ്ചക്കരി സുരേന്ദ്രൻ (ബിജെപി): 15,531
∙പ്രഭാകരൻ (ബിഎസ്പി): 566
∙അനിൽകുമാർ (സ്വത):280
∙നോട്ട: 693
English Summary: Neyyattinkara Constituency Election Results