തിരുവനന്തപുരം ∙ പാറശാലയിൽ സിറ്റിങ് എംഎൽഎ സി.കെ.ഹരീന്ദ്രന് വിജയം. 25,828 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി അന്‍സജിത റസലിനെ ഹരീന്ദ്രൻ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി കരമന ജയൻ മൂന്നാം സ്ഥാനത്തായി.
കഴിഞ്ഞ തവണ 19566 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സി.കെ.ഹരീന്ദ്രൻ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 5 വർഷം കൊണ്ട് പാറശാലയിൽ 1300 കോടിരൂപയുടെ വികസനം നടപ്പിലാക്കിയെന്ന അവകാശവാദത്തോടെയായിരുന്നു പ്രചാരണം. ആശുപത്രികളുടെ മുഖച്ഛായ മാറ്റിയതും സ്കൂളുകളുടെയും റോഡുകളുടെയും നവീകരണവുമെല്ലാം പ്രചാരണത്തിൽ ഉയർത്തിക്കാട്ടി. നായർ വോട്ടർമാർക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ഹരീന്ദ്രന് ഈ വിഭാഗത്തിൽനിന്ന് മികച്ച പിന്തുണ ലഭിച്ചു.
ശബരിമല അടക്കമുള്ള വിഷയങ്ങൾ നിൽക്കുന്നതിനിടയിലും ഈ വോട്ടുകൾ കാര്യമായി ചോർന്നില്ല. 9000 പുതിയ വോട്ടർമാരിൽ ഭൂരിഭാഗവും എൽഡിഎഫിനൊപ്പം നിന്നു എന്ന് ഫലം തെളിയിക്കുന്നു. അൻസജിത റസലെന്ന കരുത്തയായ സ്ഥാനാർഥിയെ ഇറക്കിയിട്ടും കോൺഗ്രസിനു വിജയിക്കാനായില്ല. ബിജെപി സംസ്ഥാന സമിതി അംഗം കരമന ജയൻ കഴിഞ്ഞ തവണ നേടിയത് 33028 വോട്ടാണ്. ഇത്തവണ ലഭിച്ചത് 29,850 വോട്ടുകൾ.
അമ്പൂരി, ആര്യൻകോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശാല, പെരുങ്കടവിള, വെള്ളറട പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു; കള്ളിക്കാട് ബിജെപിയും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടു വിഹിതം: എൽഡിഎഫ്–61791, യുഡിഎഫ്–54728, എൻഡിഎ–34496. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാറശാല നിയമസഭാ മണ്ഡലത്തിൽ ശശി തരൂരിന് ലഭിച്ചത് 22002 വോട്ടിന്റെ ഭൂരിപക്ഷം.

ഫലം
ആകെ വോട്ട്: 2,19,131
പോൾ ചെയ്തത്: 1,63,090
സി.കെ.ഹരീന്ദ്രൻ (സിപിഎം): 78,548
അൻസജിത റസൽ (കോൺഗ്രസ്): 52,720
കരമന ജയൻ (ബിജെപി): 29,850
ഭൂരിപക്ഷം: 25,828
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,10,162
∙പോൾ ചെയ്ത വോട്ട് : 1,57,980
∙പോളിങ് ശതമാനം: 75.17
∙ ഭൂരിപക്ഷം: 18566
∙സി.കെ.ഹരീന്ദ്രൻ (സിപിഎം): 70,156
∙എ.ടി.ജോർജ് (കോൺ): 51,590
∙ജയചന്ദ്രൻ നായർ (ബിജെപി):33028
∙എസ്.ബിനോയ് (ബിഎസ്പി):745
∙നോട്ട: 742
∙ക്രിസ്റ്റഫർ ഷാജു (സ്വത):732
∙ജോണി തമ്പി (സ്വത): 294
∙ടി.മോഹൻരാജ് (സ്വത):287
∙വി.സെൽവൻ (ടിഎംസി): 243
∙എസ്.ഷാജഹാൻ (സ്വത):163
English Summary: Parassala Constituency Election Results