ചാലക്കുടിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സനീഷ് കുമാറിന് ജയം. എൽഡിഎഫിന്റെ കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ഥി ഡെന്നിസ് ആന്റണിയെ 1057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സനീഷ് തോൽപിച്ചത്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പരസ്യമായ പ്രതിഷേധത്തിലേക്ക് മാറിയ മണ്ഡലമാണ് ചാലക്കുടി. സനീഷ് കുമാര്‍ സ്ഥാനാര്‍ഥിയാവും മുമ്പ് പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍പ്പുയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
15 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഎമ്മിന്റെ ബി.ഡി. ദേവസി 2016ല്‍ 26,648 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍നിന്നു ജയിച്ചത്. മണ്ഡലം ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനു നല്കാന് തീരുമാനിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത് മുന്‍ കോണ്‍ഗ്രസ് നേതാവ് ഡെന്നിസ് ആന്റണിയായിരുന്നു. 2016ല്‍ 74,251 വോട്ടാണ് ബി.ഡി. ദേവസി നേടിയത്. കോണ്‍ഗ്രസിന്റെ ടി.യു. ഉണ്ണികൃഷ്ണന് 47,603 വോട്ടും ബിഡിജെഎസിന്റെ കെ.എ. ഉണ്ണികൃഷ്ണന് 26,229 വോട്ടും നേടി. 2006ല്‍ ബി.ഡി. ദേവസിയുടെ ഭൂരിപക്ഷം 14,55 ആയിരുന്നത് 2011ല്‍ 2549 ആയി കുറഞ്ഞിരുന്നു.
1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിനൊപ്പമായിരുന്ന ചാലക്കുടി 2006 മുതലാണ് ഇടത്തേക്ക് തിരിഞ്ഞത്. ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര, കോടശേരി, കൊരട്ടി, മേലുര്, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് ചാലക്കുടി മണ്ഡലം.
English Summary: Chalakudy Election Results