കാല്‍നൂറ്റാണ്ടു കയ്യടക്കിവച്ച ചേലക്കര മണ്ഡലത്തില്‍ വീണ്ടും വിജയക്കൊടി പാറിച്ച് മുന്‍മന്ത്രി കെ. രാധാകൃഷ്ണന്. 27396 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണന് കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാറിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞതവണ ഇവിടെനിന്നു ജയിച്ച യു.ആര്.പ്രദീപ് കുമാറിനെ മാറ്റിയാണു മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ. രാധാകൃഷ്ണനെ സിപിഎം അപ്രതീക്ഷിതമായി രംഗത്തിറക്കിയത്. 2016ല്‍ യു.ആര്. പ്രദീപ് മണ്ഡലത്തില്‍ 67,771 വോട്ടുകള്‍ നേടിയിരുന്നു. 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കോണ്‍ഗ്രസിന്റെ കെ.എ. തുളസി 57,571 വോട്ടും ബിജെപിയുടെ പി.പി. ഷാജുമോന്‍ 23,845 വോട്ടും നേടിയിരുന്നു.
യുഡിഎഫിനൊപ്പം നിന്നിരുന്ന ചേലക്കര മണ്ഡലത്തില്‍ 1996ല്‍ കന്നിയങ്കത്തില്‍ വിജയിച്ച കെ. രാധാകൃഷ്ണന് പട്ടികജാതിയുവജന ക്ഷേമ വകുപ്പു മന്ത്രിയായി. 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ കെ. രാധാകൃഷ്ണനും 2016ല്‍ യു.ആര്. പ്രദീപും വിജയിച്ചു. 2006ല്‍ 14,629 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇവിടെനിന്നു ജയിച്ച കെ. രാധാകൃഷ്ണന് 2011ല്‍ ഭൂരിപക്ഷം 24,676 വോട്ടായി വര്‍ധിപ്പിച്ചിരുന്നു.
തൃശൂര്‍ ജില്ലയുടെ വടക്കു-കിഴക്കേ അറ്റത്തു നിളയോടു ചേര്‍ന്നു കിടക്കുന്നതാണ് ചേലക്കര മണ്ഡലം, കര്‍ഷകരും തൊഴിലാളികളും ജനവിധിയെ സ്വാധീനിക്കുന്ന മണ്ഡലമാണ്. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രവും കാളിയാറോഡ് പള്ളിയും മുതല്‍ കലാമണ്ഡലവും കുത്താമ്പുള്ളിയും വരെ ഉള്‍പ്പെട്ട മണ്ഡലം എല്ലാ മുന്നണികള്‍ക്കും നിര്‍ണായകം. .
English Summary: Chelakkara Election Results