ഗുരുവായൂരിൽ എൽഡിഎഫ്. സിപിഎം സ്ഥാനാർഥി എന്‍.കെ.അക്ബർ 18,268 വോട്ടിനാണ് ലീഗ് സ്ഥാനാർഥി കെ.എന്‍.എ. ഖാദറിനെ തോൽപിച്ചത്. ചാവക്കാട് മുന്‍ നഗരസഭാധ്യക്ഷനും സിപിഎം ഏരിയ സെക്രട്ടറിയുമാണ് എന്‍.കെ.അക്ബർ. 2006 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.വി. അബ്ദുള്‍ ഖാദറിനെ മാറ്റിയാണ് എന്‍.കെ. അക്ബറിനെ സിപിഎം പരീക്ഷിച്ചത്.
2006ല്‍ നഷ്ടപ്പെട്ട ഗുരുവായൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനാണ് ലീഗ് മുതിര്‍ന്ന നേതാവ് കെ.എന്‍.എ. ഖാദറിനെ രംഗത്തിറക്കിയത്. പക്ഷേ നീക്കം ഫലം കണ്ടില്ല.
കളി തുടങ്ങുന്നതിനു മുന്‍പേ ബിജെപിയെ ഞെട്ടിച്ച ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായര്ക്കാിരുന്നു. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നിവേദിതയ്ക്ക് 25,490 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ ഖാദര്‍ ജയിച്ചത് 15,908 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് (66,088 വോട്ട്). ലീഗിന്റെ പി.എം. സാദിഖലി 50,990 വോട്ടുമായി രണ്ടാമതെത്തി. 2011ല്‍ കെവി. അബ്ദുല്‍ ഖാദര്‍ 9,968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.
കഴിഞ്ഞ 3 തവണ ഇവിടെനിന്നു വിജയിച്ച കെ.വി. അബ്ദുല്‍ ഖാദറിനു പകരം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോള്‍ ബേബി ജോണിനെ വെട്ടിനിരത്തി. പകരം ഏരിയ സെക്രട്ടറി എന്‍.കെ. അക്ബറിനെ സ്ഥാനാര്‍ഥിയാക്കി.
ഇതിനു ശേഷം മുസ്ലിം ലീഗ് നടത്തിയ നീക്കമാണു ശ്രദ്ധേയമായത്. എല്ലാം കൊണ്ടും ക്ഷേത്രനഗരിക്കു പറ്റിയ ഒരാളെത്തന്നെ നിയോഗിച്ചു. ശബരിമല പ്രക്ഷോഭ കാലത്തു സിപിഎമ്മിനെ അടിക്കാനുള്ള വടിയായി എതിരാളികളെല്ലാം ഉപയോഗിച്ചതു കെ.എന്‍.എ. ഖാദറിന്റെ പ്രസംഗങ്ങളായിരുന്നു. ഹിന്ദു പുരാണങ്ങളും തത്വസംഹിതകളും മതസൗഹാര്‍ദവുമെല്ലാം നിറഞ്ഞു തുളുമ്പുന്ന പ്രസംഗങ്ങള്‍. സ്വന്തം സമുദായത്തിലും ആദരണീയന്‍.
ലീഗ് ജില്ലാ കമ്മിറ്റി തന്നെയാണു ഖാദറിനെ തരുമോ എന്നു ചോദിച്ചത്. ഗ്രൂപ്പു വഴക്കുകളുടെ കാലം കടന്നു ലീഗ് എല്ലാം മറന്ന് ഒരുമിച്ച കാലം കൂടിയായിരുന്നു ഇത്. ഖാദര്‍ വന്നതോടെ കോണ്‍ഗ്രസും ഉഷാറായി. അതിനിടയിലാണു ബിജെപിയുടെ പത്രിക തള്ളുന്നത്. മറിയുമായിരുന്ന ഏറെ പരമ്പരാഗത വോട്ടുകള്‍ അതോടെ യുഡിഎഫിനു തുണയാകുമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ പക്ഷേ പാളി.
English Summary: Guruvayur Election Results