രണ്ടാം വട്ടവും ഒല്ലൂരിനെ ഒപ്പം നിര്‍ത്തി സിപിഐ സ്ഥാനാര്‍ഥി കെ. രാജന്‍. 21,506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് വള്ളൂരിനെ കെ. രാജന്‍ പരാജയപ്പെടുത്തിയത്. ബി. ഗോപാലകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
ആദ്യഘട്ടത്തില്‍ കെ. രാജന് അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ജോസ് വള്ളൂര്‍ രംഗത്തെത്തിയതോടെ മത്സരം കടുക്കുകയായിരുന്നു. മണ്ഡലത്തിലുടനീളം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കെ. രാജന്റെ പ്രചാരണം. മലയോര മേഖലയില്‍ കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴിഞ്ഞതും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളും റോഡുകളുടെ നിലവാരമുയര്‍ത്തിയതും രാജന് ഗുണകരമായി.
2016ലെ തിരഞ്ഞെടുപ്പില്‍ രാജന്റെ ഭൂരിപക്ഷം 13,248 വോട്ടായിരുന്നു. 71,666 വോട്ടാണ് രാജന്‍ നേടിയത്. കോണ്‍ഗ്രസിന്റെ എം.പി. വിന്‍സന്റ് 58,418 വോട്ടും ബിഡിജെഎസിന്റെ പി.കെ സന്തോഷ് 17,694 വോട്ടുമാണ് നേടിയത്. ഇക്കുറി ബിഡിജെഎസില്‍നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപി സംസ്ഥാന വക്താവെന്ന നിലയില്‍ ചാനലുകളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന ബി.ഗോപാലകൃഷ്ണനെ അവസാനനിമിഷ അദ്ഭുതമായി കൊണ്ടുവരികയായിരുന്നു. 2011ല്‍ എം.പി. വിന്‍സന്റ് 6,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് ജയിച്ചത്. 2006ലാകട്ടെ സിപിഐയുടെ രാജാജി മാത്യു തോമസ് 7,969 വോട്ടിന് ജയിച്ചിരുന്നു.
English Summary: Ollur Election Results