Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വിജയത്തിന് മധുരം കുറവ്; ഇനി ‘ദിശാമാറ്റം’ സർക്കാരിലും പാർട്ടിയിലും

Narendra-Modi

ന്യൂഡൽഹി∙ ഗുജറാത്തിലെ തിരഞ്ഞെടുപ്പു വിജയം ബിജെപിക്ക് അത്ര മധുരിക്കുന്നില്ല. ഹിമാചൽപ്രദേശ് കോൺഗ്രസിൽനിന്നു പിടിച്ചെടുത്തതിന്റെ ആഹ്ലാദത്തിനും ഗുജറാത്ത് ഫലം മങ്ങലേൽപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും സ്വന്തം തട്ടകത്തിൽ വിജയത്തിനായി വിയർക്കേണ്ടി വന്നതു ഭരണത്തിലും പാർട്ടിയിലും തിരുത്തലിനു സമയമായെന്ന മുന്നറിയിപ്പാണ്. സർക്കാർ ‘ഒറ്റയാൾ പട്ടാള’വും സംഘടന ‘രണ്ടാൾ പ്രകടന’വുമാണെന്ന ബിജെപി എംപി ശത്രുഘ്നൻ സിൻഹയുടെ വിമർശനത്തിൽ കഴമ്പുണ്ടെന്ന സൂചനയാണു ഗുജറാത്ത് ഫലത്തിൽ. കോൺഗ്രസ് മുഖ്യ എതിരാളിയായ കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ, ബിജെപിക്കു വിജയമുറപ്പിക്കാൻ മോദിയും അമിത് ഷായും മാത്രം മതിയോയെന്ന ചോദ്യമുയർത്തുന്നതാണു ഗുജറാത്ത് ജനവിധി. 

ജനപ്രിയ മാർഗം

നോട്ട് അസാധുവാക്കലും ചരക്ക്, സേവന നികുതിയും (ജിഎസ്ടി) ഉൾപ്പെടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ വഴിയിൽനിന്നു കേന്ദ്ര സർക്കാർ ജനപ്രിയ മാർഗത്തിലേക്കു മാറിയില്ലെങ്കിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കടുത്ത വെല്ലുവിളിയാകുമെന്നു പാർട്ടി മനസ്സിലാക്കുന്നുണ്ട്.ജിഎസ്ടി വിഷയത്തിൽ പാർട്ടിയുടെ വോട്ടുബാങ്കായ വ്യാപാരി സമൂഹത്തിന്റെ ആശങ്കകളെ വകവയ്ക്കാതെ നരേന്ദ്ര മോദിയുടെ പ്രചാരണ ശക്തിയെ മാത്രം ആശ്രയിച്ചായിരുന്നു ഗുജറാത്തിൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്ത കേന്ദ്ര ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളും നികുതി ഇളവുകളും അനിവാര്യമാക്കുന്നതാണു ബിജെപി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം. 

ഉൾപ്പാർട്ടി  ജനാധിപത്യം

അമിത് ഷാ പാർട്ടി അധ്യക്ഷനായ ശേഷം ബിജെപിയിലുണ്ടായ അധികാര കേന്ദ്രീകരണം ഉൾപ്പാർട്ടി ജനാധിപത്യം ദുർബലമാക്കിയിട്ടുണ്ട്. പാർട്ടി കെട്ടിപ്പടുത്ത എൽ.കെ. അഡ്വാനിയും മുരളീ മനോഹർ ജോഷിയും മാർഗദർശകരെന്ന ആലങ്കാരിക പദവിയിലായി. പരമോന്നത സമിതിയായ പാർലമെന്ററി ബോർഡിൽ തിരുവായ്ക്ക് എതിർവായില്ലാത്ത സ്ഥിതി. മുതിർന്ന നേതാക്കളെയെല്ലാം നിശ്ശബ്ദരാക്കി ഏകാധിപത്യ പ്രവണത പ്രകടമാകുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയരുന്നുമുണ്ട്.

ഗുജറാത്ത് ഫലം നൽകുന്ന അപകട സൂചന മുതിർന്ന നേതാക്കളെയെങ്കിലും വിശ്വാസത്തിലെടുക്കാൻ മോദിയെയും അമിത് ഷായെയും നിർബന്ധിതരാക്കും. ഇന്നലെ തിരഞ്ഞെടുപ്പു ഫലത്തെ കുറിച്ചു പ്രതികരിക്കാൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയ അമിത് ഷായുടെ ശരീരഭാഷയിൽ പതിവില്ലാത്ത വിനയം പ്രകടമായിരുന്നു.

തന്ത്രം മാറും

ബിജെപിയുടെ കോട്ടകളായ മധ്യപ്രദേശും ഛത്തീസ്ഗഡും പോലും സുരക്ഷിതമാകില്ലെന്ന ആശങ്ക ഉയർത്തുന്നതാണു ഗുജറാത്ത് ഫലം. കോൺഗ്രസിൽനിന്നു കർണാടക പിടിച്ചെടുക്കാനായില്ലെങ്കിൽ മോദി– ഷാ ജോടി കൂടുതൽ ദുർബലമാകും. രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ അധികാരം നഷ്ടമാകുമെന്ന വിലയിരുത്തൽ നേരത്തേയുണ്ട്.

ഹിന്ദുത്വ അജൻഡ

ലോക്സഭാ തിരഞ്ഞെടുപ്പിലും യുപി തിരഞ്ഞെടുപ്പിലും പ്രചാരണത്തിനിടെ അയോധ്യ സന്ദർശിക്കണമെന്ന സംഘപരിവാറിന്റെ അഭ്യർഥന നരേന്ദ്ര മോദി നിരാകരിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര നിർമാണത്തെ കുറിച്ചു നരേന്ദ്ര മോദി ആദ്യമായി പരാമർശിച്ചത് ഇത്തവണ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലാണ്.

അയോധ്യ ഉൾപ്പെടെയുള്ള സംഘപരിവാർ അജൻഡ മറക്കില്ലെന്ന് ആർഎസ്എസിനു നൽകിയ വാക്കു പാലിക്കാൻ മോദിക്കു മേൽ സമ്മർദമേറും.