Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റെ നേട്ടമെന്ത്, പാളിയതെവിടെ?

Rahul Gandhi in Gujarat

22 വർഷമായി അധികാരത്തിലില്ല. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ എംപി പോലുമില്ല. 10 വർഷമായി ഒരു ജനകീയ സമരം പോലും ഏറ്റെടുത്തു വിജയിപ്പിച്ചിട്ടില്ല. ശക്തമായ പ്രതിപക്ഷത്തിന്റെ റോൾ എടുത്തിട്ടില്ല. ഉന സംഭവവും പട്ടേൽ പ്രക്ഷോഭവും ദേശീയതലത്തിൽ തന്നെ ആളിക്കത്തിയപ്പോൾ  കയ്യുംകെട്ടി നോക്കിനിന്നു. സൗരാഷ്ട്രയിലും ഉത്തര ഗുജറാത്തിലും കർഷകരുടെ പ്രതിഷേധങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കാനായില്ല. തൊഴുത്തിൽ കുത്തും മൂപ്പിളമത്തർക്കവും കൊടികുത്തി വാണു. 

ഫലം വന്നപ്പോൾ ഉണർവ്

ഒരു പരിധി വരെ ബിജെപിയുടെ മുന്നേറ്റക്കുതിപ്പിനു മൂക്കുകയറിട്ടു നിർത്താൻ കഴിഞ്ഞിരിക്കുന്നു. അടുത്തു നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക അടക്കമുള്ള  സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇതു  കരുത്തുപകരും. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ  ദേശീയ ബദലിനു നേതൃത്വം നൽകാനുള്ള സാഹചര്യം. 

നേട്ടമായത് രാഹുലും ത്രിമൂർത്തികളും

കോൺഗ്രസ് ഉപാധ്യക്ഷന്റെ തുടർച്ചയായ പ്രചാരണയാത്രകളും റാലികളും ജനങ്ങളുമായുള്ള ഇടപെടലുകളും കോൺഗ്രസ് സാന്നിധ്യം ഉറപ്പിച്ചു. ജനങ്ങൾ സ്നേഹത്തോടെയാണു രാഹുലിനെ പൊതുവേ സ്വീകരിച്ചത്.  മൂന്നു ദശകത്തോളമായി ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന പട്ടേലുകളുമായി കൈകോർക്കാൻ കോൺഗ്രസെടുത്ത തീരുമാനം ഗ്രാമമേഖലയിലെ സ്വാധീനം  മെച്ചപ്പെടുത്താൻ  സഹായിച്ചു.  ഉനയിൽ പശുവിനെ കൊന്നു തോലുരിഞ്ഞെന്നതിന്റെപേരിൽ ദലിതുകളെ പീഡിപ്പിച്ച സംഭവത്തോടെയാണു ഗുജറാത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ മാറിയത്. ദലിതുകളിൽ ഒരുവിഭാഗത്തെയെങ്കിലും രാഷ്ട്രീയമായല്ലെങ്കിലും ബിജെപിക്കെതിരെ അണിനിരത്താൻ ജിഗ്നേഷ് മെവാനിക്കു സാധിച്ചു. മെവാനിയെ വഡ്ഗാമിൽ സിറ്റിങ് സീറ്റിൽ നിർത്താൻ  തയാറായതോടെ ആ വിഭാഗത്തെ മാനസികമായി സ്വാധീനിക്കാൻ പാർട്ടിക്കായി. പിന്നാക്ക സമുദായ ഐക്യവേദി നേതാവ് അൽപേഷ്  ഠാക്കൂറിനെ പാർട്ടിയിലെടുത്തു മൽസരിപ്പിച്ചത്  മോദിയുടെ പിന്നാക്ക വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കാൻ സഹായിച്ചു. 

ക്ഷീണമായത് പാർട്ടിയില്ലായ്മയും സഖ്യമില്ലായ്മയും

താഴെത്തട്ടിൽ കാലേകൂട്ടി പ്രവർത്തനം ആരംഭിച്ചില്ല. ഏറെനാൾ ഭരണത്തിനു പുറത്തുനിൽക്കുന്ന, അടിത്തട്ടിൽ പാർട്ടി സംവിധാനം കാര്യക്ഷമമല്ലാത്ത സംഘടനയ്ക്ക് ഒരുനാൾ പെട്ടെന്ന് ഇതൊന്നും കെട്ടിപ്പടുക്കാനാകില്ല. പുറമേയ്ക്കുള്ള പ്രചാരണ കോലാഹലത്തിന്റെ മെച്ചം താഴെത്തട്ടിൽ നേടാൻ കഴിയാതെപോയി. വിശാല സാമുദായിക സഖ്യമുണ്ടാക്കിയെങ്കിലും എൻസിപി, ബിഎസ്പിപോലുള്ളവരുമായി ധാരണയ്ക്കു കഴിഞ്ഞില്ല. നാൽപതോളം മണ്ഡലങ്ങളിൽ പോരാട്ടം ത്രികോണമോ ചതുഷ്കോണമോ ആയിരുന്നതു കോൺഗ്രസിനോ സഖ്യകക്ഷികൾക്കോ കിട്ടുമായിരുന്ന വോട്ടുകൾ ചിതറിപ്പിച്ചുകളഞ്ഞു. ഈ മണ്ഡലങ്ങളിൽ പലതിലും പതിനായിരത്തിൽ താഴെയാണു ഭൂരിപക്ഷം. മഴവിൽ സഖ്യം സ്ഥിതി മാറ്റിയേനെ.

ഇണങ്ങുകയും പിണങ്ങുകയും ചെയ്ത എൻസിപി അവസാന നിമിഷത്തിലാണു സ്വന്തം സ്ഥാനാർഥികളുമായി ഇറങ്ങിയത്. എൻസിപി ശക്തികേന്ദ്രമായ കുടിയാനയിൽ സിറ്റിങ് എംഎൽഎ  കാന്ധൽ ജഡേജയ്ക്കെതിരെ സ്ഥാനാർഥിയെ കോൺഗ്രസ് നിശ്ചയിച്ചതാണ് അവരെ ചൊടിപ്പിച്ചത്. ഇക്കുറി കാന്ധൽ ജഡേജ തന്നെ അവിടെ ജയിച്ചുകയറുകയും ചെയ്തു. ദലിത് മേഖലകളിൽ സ്വാധീനമുള്ള ബിഎസ്പി ഒറ്റയ്ക്കു മുപ്പതോളം മണ്ഡലങ്ങളിൽ മൽസരിച്ചു. കോൺഗ്രസിന്റെ വോട്ടുകളാണ് അധികവും ചോർത്തിയത്. പ്രാദേശിക നേതൃനിരയെവിടെയെന്ന ചോദ്യം പാർട്ടി നേരി‌ടുന്നു. രാഹുൽ ഗാന്ധിക്കല്ലാതെ മറ്റാർക്കും ഗുജറാത്തിൽ വൻ ജനക്കൂട്ടങ്ങളെ ആകർഷിക്കാനായില്ല. ഭരത് സോളങ്കിയും ശക്തിസിങ് ഗോഹിലും ഉൾപ്പെട്ട മധ്യനിരയെ ലക്ഷ്യം നേടുന്ന മുന്നേറ്റ നിരയാക്കാൻ കഴിഞ്ഞില്ല.