Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത്: രൂപാണിക്ക് സുരക്ഷിത താവളം തേടി ബിജെപി

vijay-rupani

അഹമ്മദാബാദ് ∙ ഗുജറാത്തിൽ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ, മുഖ്യമന്ത്രി വിജയ് രൂപാണിക്കായി ബിജെപി ഒരു സുരക്ഷിതമണ്ഡലം കൂടി തേടുന്നതായി സൂചന. നിലവിൽ രാജ്കോട്ട് വെസ്റ്റിലെ സ്ഥാനാർഥിയാണു രൂപാണി. ഇവിടെ കോൺഗ്രസിന്റെ ഇന്ദ്രാനിൽ രാജ്യഗുരുവിനെതിരായ പോരാട്ടം കടുത്തതാകുമെന്ന ആശങ്കയിൽ, വഡോദരയിലെ അകോത്തയിൽ കൂടി രൂപാണിയെ മത്സരിപ്പിക്കാനാണു നീക്കം. രണ്ടാംഘട്ടത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയും ബിജെപിയുടെ ആറാമത്തെ പട്ടികയും ഇന്നു പ്രഖ്യാപിച്ചേക്കും.

അതിനിടെ, യുവാക്കൾ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന ബിജെപിയെ വെട്ടിലാക്കി, ഗുജറാത്ത് കേന്ദ്ര സർവകലാശാലാ വിദ്യാർഥി കൗൺസിലിലേക്കുള്ള പരിമിത തിരഞ്ഞെടുപ്പിൽ എബിവിപിക്കു തിരിച്ചടി. മത്സരിച്ച ഏക വിദ്യാർഥിസംഘടനയായ എബിവിപിക്കു മേൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയം നേടി. സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് എന്നിവയിലാണു സ്വതന്ത്ര സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നു.

അതേസമയം, പാർലമെന്റ് സമ്മേളനം മാറ്റിവച്ചു റഫാൽ വിമാന ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കവേ, അതേ വിഷയത്തിൽത്തന്നെ മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ തന്റെ ഏഴാംവട്ട പ്രചാരണത്തിന്റെ രണ്ടാം ദിവസമാണു പാർലമെന്റ് സമ്മേളനം നീട്ടിവച്ചതിനെ വിമർശിച്ചു രാഹുൽ രംഗത്തെത്തിയത്. റഫാൽ ഇടപാട് അഴിമതി, അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരിലുള്ള അഴിമതി എന്നിവ ചർച്ചയാകാതിരിക്കാനാണ് ഇതെന്നു രാഹുൽ കുറ്റപ്പെടുത്തി.

സത്യം പുറത്തുവരുമെന്നു ഭയന്നു പ്രധാനമന്ത്രി ചോദ്യങ്ങളോടു മൗനം പാലിക്കുകയാണ്. റഫാൽ ഇടപാടു രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ മോദി ഉത്തരം നൽകണമെന്നും രാഹുൽ പറഞ്ഞു.