Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിവു തട്ടാതെ മോദി ‘ഇഫക്ട്’; ‘ട്രെയിനിങ്ങിൽ’ തോൽക്കാതെ രാഹുൽ

Rahul Gandhi

ബിജെപിക്കു പുതിയൊരു പാഠവും കോൺഗ്രസിനു പുത്തൻ ഊർജവും കൈമാറിയ തിരഞ്ഞെടുപ്പിലൂടെ ഗുജറാത്ത് ജനത രണ്ടു കാര്യങ്ങൾ തുറന്നു പറഞ്ഞു. 1. മാറി ചിന്തിക്കാൻ ചെറിയൊരു കാറ്റ് മതി, കൊടുങ്കാറ്റ് വേണ്ട 2. ഉണ്ടെന്നു പറഞ്ഞാൽ പോരാ, മുമ്പിൽ കണ്ടു വിശ്വാസം വരണം.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മിനി പതിപ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട ഗുജറാത്ത് പോരാട്ടത്തിൽ, കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ സീറ്റിലൂടെയാണ് ആറാമതും അധികാരത്തിലേറുന്നതെന്ന യാഥാർഥ്യം ബിജെപിക്കു പാഠം.

ഭരണവിരുദ്ധ തരംഗം മുതൽ കറൻസി നിരോധനവും ജിഎസ്ടിയും വരെ ഭരണം അട്ടിമറിക്കാൻ ‘സ്കോപ്പ്’ ഏറെയുണ്ടായിട്ടും ജനങ്ങൾക്കു മുന്നിൽ എത്താൻ കഴിയാതിരുന്ന ദുർബലമായ പാർട്ടി സംവിധാനം പ്രതീക്ഷകൾ തല്ലിത്തകർത്തെന്ന വീണ്ടുവിചാരം കോൺഗ്രസിനു പുതിയ വഴിക്കണക്ക്.

ഗുജറാത്ത് മോഡൽ എന്ന മന്ത്രത്തിലൂടെ നഗരവോട്ടുകൾ ബിജെപി വീണ്ടും കയ്യടക്കിയപ്പോൾ കൃഷി പ്രതിസന്ധിയും പ്രളയവും തകർത്ത, വികസനം എത്താത്ത ഗ്രാമങ്ങളിലെ ഭരണവിരുദ്ധ തരംഗം പാർട്ടിയെ നോവിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേർക്കുനേർ നിന്ന പോരാട്ടത്തിൽ, ‘മോദി ഇഫക്ട്’ ബിജെപിക്കു വീണ്ടും തുണയായി. ഓടിനിൽക്കാൻ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരിശീലനക്കളരിയിൽ രാഹുലും ഫസ്റ്റ് ക്ലാസ് നേടി. പട്ടേൽ- ക്ഷത്രിയ- ദലിത്- മുസ്‍ലിം വോട്ടുകളുടെ പിന്തുണയായിരുന്നു കോൺഗ്രസിന് ഊർജം.

 നഗരം കിട്ടി, ഗ്രാമം പോയി

കച്ച്, സൗരാഷ്ട്ര, തെക്ക്, വടക്ക്, മധ്യ ഗുജറാത്തുകൾ എന്നീ അഞ്ചു മേഖലകളിലും ബിജെപിക്കുതന്നെയാണു മുൻതൂക്കമെങ്കിലും സൗരാഷ്ട്ര, കച്ച് മേഖലകളിലും ഗ്രാമീണ മണ്ഡലങ്ങളിലും കോൺഗ്രസിനു നേട്ടമുണ്ടായി. 150 സീറ്റ് എന്ന ബിജെപിയുടെ മോഹം പൊലിഞ്ഞതും ഗ്രാമമേഖലകളിലെ തിരിച്ചടികാരണമാണ്. പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ അരങ്ങായിരുന്ന സൗരാഷ്ട്രയിൽ കോൺഗ്രസിനു മുന്നേറ്റമുണ്ടായെങ്കിലും പട്ടേൽ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ബിജെപിക്കു സാധിച്ചു. 

സ്വന്തം തട്ടകത്തിൽ ഭരണം നിലനിർത്താൻ രണ്ടും കൽപിച്ചിറങ്ങിയ മോദി ആദ്യം രംഗപ്രവേശം ചെയ്തതു പാക്കിസ്ഥാൻ അതിർത്തിയായ കച്ച് ജില്ലയിലെ ഭുജിലിൽ ആയിരുന്നു. ‘ഗുജറാത്ത് എന്റെ ആത്മാവാണ്, ഞാൻ ഗുജറാത്തിന്റെ പുത്രനാണ്...’ എന്നിങ്ങനെ ഗുജറാത്ത് ദേശീയത പറഞ്ഞു മോദി കയ്യടി വാങ്ങിയ ജില്ലയിൽ പക്ഷേ, പാർട്ടിക്കു പഴയ മികവ് ആവർത്തിക്കാനായില്ല. ആറിൽ നാലിടത്തു ബിജെപിയും രണ്ടിടത്തും കോൺഗ്രസും ജയിച്ചു. 

രജപുത്രന്മാരുടെ പോരാട്ടം നടന്ന മാണ്ഡ്‌വി മണ്ഡലത്തിൽ പാർട്ടിയിലെ പ്രമുഖൻ ശക്തി സിങ് ഗോഹിൽ തോറ്റതു കോൺഗ്രസിന് ആഘാതമായി.

ഗാന്ധിജിയുടെ നാട്ടിൽ വീണു

രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പു റാലി നടന്ന ഗാന്ധിജിയുടെ ജന്മനാട് കൂടിയായ പോർബന്തറിൽ കോൺഗ്രസിനു വൻ നഷ്ടം. പാർട്ടിയിലെ പ്രമുഖനും മുൻ പിസിസി അധ്യക്ഷനുമായ അർജുൻ മോദ്‍വാഡിയ നേരിയ വ്യത്യാസത്തിനു ഫിഷറീസ് മന്ത്രി ബിജെപിയിലെ ബാബും എം. ബൊക്കാറിയയോടു തോറ്റു. 

വിയർത്തു, രൂപാണി

മുഖ്യമന്ത്രി വിജയ് രൂപാണി ഭയന്നതുപോലെ സംഭവിച്ചില്ലെങ്കിലും രാജ്കോട്ട് വെസ്റ്റിൽ ഒന്നു വിറച്ചു. പട്ടീദാർ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടെ ജയിച്ചുകയറാൻ  പതിനെട്ടടവും വേണ്ടിവന്നു. രാജ്കോട്ട് ഈസ്റ്റിലെ സിറ്റിങ് എംഎൽഎയും ശതകോടീശ്വരനുമായ കോൺഗ്രസിലെ ഇന്ദ്രാനിൽ രാജ്യഗുരു ഇക്കുറി വെസ്റ്റ് ചോദിച്ചു വാങ്ങി വന്നപ്പോൾ തന്നെ രൂപാണി സുരക്ഷിതമായ മറ്റൊരു സീറ്റു കൂടി നേതൃത്വത്തോടു ചോദിച്ചെങ്കിലും കിട്ടിയില്ല. 1985 മുതൽ ബിജെപി കൈവശംവയ്ക്കുന്ന മണ്ഡലത്തെ 2002 ൽ (പഴയ രാജ്കോട്ട്- 2) പ്രതിനിധീകരിച്ചതു നരേന്ദ്ര മോദി. 

ഇന്ദ്രാനിൽ രാജ്യഗുരുവിന്റെ നീക്കം പക്ഷേ, കോൺഗ്രസിനും തിരിച്ചടിയായി. 

മോദിയുടെ പോക്കറ്റ് സുരക്ഷിതം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പോക്കറ്റ് ആണു മധ്യഗുജറാത്തിലെ മണിനഗർ മണ്ഡലം. തുടർച്ചയായി മൂന്നുതവണ വൻഭൂരിപക്ഷത്തോടെ മോദി ജയിച്ച മണ്ഡലത്തിൽ മത്സരം പേരിനുമാത്രമാണ്. ബിജെപിയിലെ സിറ്റിങ് എംഎൽഎ സുരേഷ് പട്ടേലിനെ നേരിടാൻ ഇക്കുറി കോൺഗ്രസ് പാർട്ടിയുടെ മുൻ നേതാവ് നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകൾ ശ്വേത ബ്രഹ്മഭട്ടിനെ രംഗത്തിറക്കിയിട്ടും സുരേഷ് പട്ടേൽ വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക്.