Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിയിൽ ഒന്നാം നമ്പർ യെഡിയൂരപ്പ സർക്കാർ; അമിത് ഷായ്ക്ക് നാക്കുപിഴ

Amit Shah

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കർണാടകയിൽ, സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന ആവേശത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു നാക്കുപിഴ. മാധ്യമങ്ങൾക്കു മുന്നിൽ കർണാടകയിലെ അഴിമതിയെക്കുറിച്ചു വാചാലനാകുന്നതിനിടെ, യെഡിയൂരപ്പ സർക്കാരിന്റെ അഴിമതിയെക്കുറിച്ചു പറഞ്ഞാണ് അമിത് ഷാ പുലിവാലു പിടിച്ചത്.

സിദ്ധരാമയ്യ സർക്കാരെന്നാണ് ഉദ്ദേശിച്ചതെങ്കിലും പറഞ്ഞുവന്നപ്പോൾ അതു ബിജെപിക്കാരനായ യെഡിയൂരപ്പ സർക്കാർ എന്നായിപ്പോയി. അദ്ദേഹം ഇതു പറഞ്ഞ ഉടനെ സമീപത്തിരുന്നയാൾ തിരുത്തുകയും ചെയ്തു. എന്നാൽ, സംഭവത്തിന്റെ വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബിജെപിക്കെതിരെ ആഞ്ഞടിക്കാൻ കിട്ടിയ അവസരമെന്ന നിലയിൽ കോൺഗ്രസുകാർ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

അമിത് ഷായുടെ വിവാദ പരാമർശമിങ്ങനെ:

‘സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ഒരു ജഡ്ജി അടുത്തിടെ ഇങ്ങനെ പറഞ്ഞു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാരെന്ന് മൽസരം നടത്തിയാൽ ഒന്നാം സ്ഥാനത്ത് യെഡിയൂരപ്പ സർക്കാരായിരിക്കും...’. അമിത് ഷായുടെ പരാമർശത്തിലെ പന്തികേടു മനസ്സിലായ മറ്റൊരു നേതാവ് ഉടൻതന്നെ ദേശീയ അധ്യക്ഷനെ തിരുത്തി.

എന്തായാലും യെഡിയൂരപ്പ സർക്കാരിനെ അഴിമതി സർക്കാരെന്നു വിശേഷിപ്പിക്കുന്ന അമിത് ഷായുടെ നാക്കുപിഴ കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് ദിവ്യ സ്പന്ദന ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തു. അമിത് ഷായ്ക്കു തെറ്റുപറ്റിയതല്ലെന്നും അദ്ദേഹം പറഞ്ഞതാണു ശരിയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു.

related stories